സമുദായത്തിന്റെ അതിജീവനം മുസ്ലിം കൂട്ടായ്മകളുടെ മുഖ്യ അജണ്ടയാവണം: സയ്യിദ്‌ മുനവ്വർ അലി തങ്ങൾ

എറണാംകുളം: സമുദായത്തിന്റെ അതിജീവനം മുസ്ലിംകൂട്ടായ്മകളുടെ മുഖ്യ അജണ്ടയാകണമെന്ന് മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുനവ്വർ അലി തങ്ങൾ .സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ ” മുസ്ലിം ഉമ്മത്ത്: അസ്തിത്വം ,അതിജീവനം എന്ന പ്രമേയത്തിലെ മില്ലി കോൺഫറൻസ്‌ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം .ഒന്നിച്ചിരുന്ന് മുസ്ലിം ഉമ്മത്തിനെ കുറിച്ച്‌ ആലോചിക്കേണ്ട കാലത്താണ്‌ നമ്മൾ ജീവിക്കുന്നതെന്നും രാഷ്ട്രീയ അതിജീവനം പ്രധാന അജണ്ടയാകേണ്ട സന്ദർഭമാണിത്.ബഹുസ്വര സമൂഹത്തിൽ സംവാദത്തിന്റെ സാധ്യതകൾ വികസിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.സംവാദത്തിന്റെ സാധ്യതകളെ പോലും ഇല്ലാതാക്കുന്ന സംഘ്‌ പരിവാർ ശക്തികളെ പൊതുസമൂഹം ഒരുമിച്ച്‌ നിന്ന് എതിർക്കണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു.

ഹിന്ദുത്വ ഫാഷിസ്റ്റ് കാലത്തെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവിധം മുസ്ലിംസമുദായത്തിൻ്റെയും അതിലെ കൂട്ടായ്മകളുടെയും അജണ്ടകളും മാറേണ്ട കാലമാണിതെന്ന് അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ. നഹാസ്‌ മാള പറഞ്ഞു. ഫാഷിസ്റ്റ് കാലത്തെ അഭിമുഖീകരിക്കാൻ കൂട്ടായ അജണ്ടകൾ രൂപപ്പെടേണ്ടതുണ്ടെന്ന് തുടർന്ന സംസാരിച്ച ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ അബ്ദുശുക്കൂർ ഖാസിമി ,കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ മദനി ,വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ,ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് കേരള ജനറൽ സെക്രട്ടറി അലിയാർ ഖാസിമി ,കേരള മുസ്ലിം യൂത്ത്ഫെഡറേഷൻ പ്രസിഡൻ്റ് ഇലവുപാലം ശംസുദ്ദീൻ മന്നാനി ,ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയവർ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ശിഹാബ്‌ ഖാസിമി സ്വാഗത പ്രഭാഷണവും വൈസ്‌ പ്രസിഡന്റ്‌ സുഹൈബ്‌ സി.ടി സമാപന സംസാരവും നടത്തി.

Print Friendly, PDF & Email

Related posts

Leave a Comment