ഇന്ത്യയെന്നാല്‍ ബിസിനസ്സ് ആണെന്ന് ലോകം തിരിച്ചറിയുന്നു: പ്രധാനമന്ത്രി

ഹൈദരാബാദ്: രാജ്യം ഇന്ന് വളർച്ചയുടെ പ്രധാന കേന്ദ്രമായി ഉയർന്നുവരുകയാണെന്നും, ഇന്ത്യയെന്നാല്‍ “ബിസിനസ്സ്” ആണെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രസ്താവിച്ചു.

രാജ്യത്തേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) വർദ്ധിച്ചുവരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഹൈദരാബാദിൽ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് (ഐഎസ്ബി) സ്ഥാപിതമായതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം.

“ഇന്ത്യ ഇന്ന് വളർച്ചയുടെ ഒരു പ്രധാന കേന്ദ്രമായി ഉയർന്നുവരുന്നു. കഴിഞ്ഞ വർഷം, ഇതുവരെയുള്ള ഏറ്റവും ഉയർന്ന എഫ്ഡിഐ ഇന്ത്യയിലേക്ക് വന്നു. ഇന്ത്യ എന്നാൽ ബിസിനസ്സാണെന്ന് ഇന്ന് ലോകം തിരിച്ചറിയുകയാണ്. ലോകത്തെ നയിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ഇന്ന് നമ്മുടെ യുവാക്കൾ തെളിയിക്കുകയാണ്. അതിനാൽ, ഇന്ന് ലോകം ഇന്ത്യയെയും ഇന്ത്യയുടെ യുവാക്കളെയും ഇന്ത്യയുടെ ഉൽപന്നത്തെയും പുതിയ ആദരവോടും പുതിയ വിശ്വാസത്തോടും കൂടിയാണ് നോക്കുന്നത്,” അദ്ദേഹം പറഞ്ഞു.

തദവസരത്തിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളോട് അവരുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾ രാജ്യത്തിന്റെ ലക്ഷ്യങ്ങളുമായി സംയോജിപ്പിക്കാൻ ആവശ്യപ്പെട്ടു.

“ഇന്ത്യൻ പരിഹാരങ്ങൾ ആഗോളതലത്തിൽ നടപ്പിലാക്കുന്നത് ഞങ്ങൾ പലപ്പോഴും കാണാറുണ്ട്. അതിനാൽ, ഈ സുപ്രധാന ദിനത്തിൽ, നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളും രാജ്യത്തിന്റെ ലക്ഷ്യങ്ങളും സംയോജിപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.

പരിഷ്‌കാരങ്ങളോടുള്ള തന്റെ ഗവൺമെന്റിന്റെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് അടിവരയിട്ടുകൊണ്ട്, “തുടർച്ചയായ പരിഷ്‌കാരങ്ങളിലേക്ക്” അത് നയിക്കുകയാണ് രാജ്യം എന്നു അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ എട്ട് വർഷവും കഴിഞ്ഞ മൂന്ന് ദശകങ്ങളുമായി താരതമ്യം ചെയ്താൽ, രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും അസ്ഥിരതയും കാരണം പരിഷ്‌കാരങ്ങൾ ആവശ്യമായി വന്നിട്ടും നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് നമുക്ക് കാണാം. വലിയ തീരുമാനങ്ങളെടുക്കാൻ രാജ്യത്തിന് കഴിഞ്ഞില്ല. 2014ന് ശേഷം രാഷ്ട്രീയ ഇച്ഛാശക്തിക്കും തുടർച്ചയായ പരിഷ്‌കാരങ്ങൾക്കും ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“മെഡിക്കൽ വിദ്യാഭ്യാസത്തിലും ഞങ്ങൾ നിരവധി പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ 8 വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണം 380 ൽ നിന്ന് 600 ആയി ഉയർന്നു. മെഡിക്കൽ ബിരുദ, ബിരുദാനന്തര സീറ്റുകൾ രാജ്യത്ത് തൊണ്ണൂറായിരത്തില്‍ നിന്ന് 1.5 ലക്ഷത്തിലേറെയായി വർദ്ധിച്ചു,” മെഡിക്കൽ മേഖലയിൽ തന്റെ സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ പട്ടികപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പരിഷ്‌കാരങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും സ്വച്ഛ് ഭാരത് മിഷൻ, ആത്മ നിർഭർ ഭാരത് തുടങ്ങിയ കാമ്പെയ്‌നുകളിൽ ഇത് സാക്ഷ്യപ്പെടുത്താമെന്നും പറഞ്ഞു.

“കഴിഞ്ഞ 8 വർഷത്തിനിടയിൽ ലഭിച്ച ഏറ്റവും വലിയ പ്രചോദനം പൊതുജന പങ്കാളിത്തമാണ്. രാജ്യത്തെ ജനങ്ങൾ തന്നെ മുന്നോട്ട് പോകുകയും പരിഷ്കാരങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. സ്വച്ഛ് ഭാരത് അഭിയാനിൽ നമ്മൾ ഇത് കണ്ടതാണ്. വോക്കൽ ഫോർ ലോക്കൽ ആൻഡ് സെൽഫ് റിലയന്റ് ഇന്ത്യ കാമ്പെയ്‌നിൽ പൊതുജന പങ്കാളിത്തത്തിന്റെ ശക്തിയാണ് ഇപ്പോൾ നമ്മൾ കാണുന്നത്,” അദ്ദേഹം പറഞ്ഞു.

2014 ന് ശേഷം (തന്റെ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം) വിവിധ കായിക ടൂർണമെന്റുകളിലെ ഇന്ത്യൻ അത്‌ലറ്റുകളുടെ പ്രകടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. “അത്‌ലറ്റുകളുടെ ആത്മവിശ്വാസമാണ്” ഇതിന് പിന്നിലെ കാരണമെന്ന് പറഞ്ഞു.

“എല്ലാത്തിനുമുപരി, 2014 ന് ശേഷം നമ്മള്‍ ഗെയിമിന്റെ എല്ലാ മേഖലകളിലും അഭൂതപൂർവമായ പ്രകടനം നേടുന്നതിന്റെ കാരണം എന്താണ്? നമ്മുടെ കായിക താരങ്ങളുടെ ആത്മവിശ്വാസമാണ് ഇതിന് ഏറ്റവും വലിയ കാരണം. ശരിയായ പ്രതിഭകളെ കണ്ടെത്തുമ്പോൾ, കഴിവുകൾ കൈപ്പിടിയിലൊതുക്കുമ്പോൾ, സുതാര്യമായ തിരഞ്ഞെടുപ്പുണ്ടാകുമ്പോൾ, പരിശീലനത്തിന്റെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, മത്സരങ്ങൾ എന്നിവ ലഭ്യമാകുമ്പോൾ ആത്മവിശ്വാസം വരുന്നു,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment