ഓക്‌ലഹോമ കൂട്ട വെടിവയ്പ്പ് നടന്ന ദിവസം തോക്കുധാരി എ ആര്‍-15 റൈഫിള്‍ വാങ്ങി: പോലീസ്

ഒക്‌ലഹോമ: തുള്‍സയിലെ സെന്റ് ഫ്രാന്‍സിസ് ഹെല്‍ത്ത് സിസ്റ്റം ആശുപത്രിയില്‍ ബുധനാഴ്ച നടന്ന കൂട്ട വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ വെടിവെച്ചയാളുടെ ഡോക്ടറും ഉൾപ്പെടുന്നു. വെടിവെച്ചയാള്‍ നടുവേദനയെ കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും ആക്രമണത്തിന് മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ ചികിത്സ തേടിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

വെടിവയ്പ്പിൽ തോക്കുധാരി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഡോക്ടർമാരായ പ്രെസ്റ്റൺ ഫിലിപ്‌സ് (തോക്കുധാരിയെ ചികിത്സിച്ച ഡോക്ടര്‍), മറ്റൊരു ഡോക്ടറായ സ്റ്റെഫാനി ഹുസൻ, സൂപ്പര്‍‌വൈസര്‍ അമൻഡ ഗ്ലെൻ, രോഗിയായ വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്.

മൈക്കിൾ ലൂയിസ് എന്ന തോക്കുധാരി സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

തോക്കുധാരി മൈക്കിള്‍ ലൂയിസ് ഡോ. ഫിലിപ്സിന്റെ പരിചരണത്തിലായിരുന്നു എന്നും, മെയ് 19 ന് നടുവേദനയ്ക്ക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു എന്നും തുള്‍സ പോലീസ് മേധാവി വെന്‍ഡല്‍ ഫ്രാങ്ക്ലിന്‍ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെയ് 24-ന് മൈക്കിളിനെ ഡിസ്ചാര്‍ജ്ജ് ചെയ്തു. അതിനുശേഷം, വേദന അധികമായെന്നും കൂടുതല്‍ ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് ഡോക്ടറെ വിളിച്ചു. ബുധനാഴ്ച വീണ്ടും ഫിലിപ്സിന്റെ ഓഫീസിൽ വിളിച്ച് കൂടുതൽ പരിചരണം ആവശ്യപ്പെട്ട് നടുവേദനയെക്കുറിച്ച് പരാതിപ്പെട്ടു.

ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്, അതായത് വെടിവയ്പ്പിന് മണിക്കൂറുകൾക്ക് മുമ്പ്, മൈക്കിള്‍ ഒരു പ്രാദേശിക തോക്ക് കടയിൽ നിന്ന് AR-15 റൈഫിൾ വാങ്ങി. മെയ് 29 ന് മറ്റൊരു കടയിൽ നിന്ന് ഒരു സെമി ഓട്ടോമാറ്റിക് ഹാൻഡ് ഗണ്ണും വാങ്ങി.

ഡോ. ഫിലിപ്‌സിനെയും തന്റെ വഴിയില്‍ വരുന്ന ‘ആരെയും’ കൊല്ലാനായിരുന്നു അക്രമി ലക്ഷ്യമിട്ടിരുന്നതെന്ന് എഴുതിയ കത്ത് പോലീസ് കണ്ടെടുത്തതായി പോലീസ് മേധാവി പറഞ്ഞു.

ടെക്‌സാസിലെ ഉവാൾഡെയിലെ ഒരു പ്രാഥമിക സ്‌കൂളിൽ കൂട്ട വെടിവയ്പ്പ് നടന്ന് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് ഈ വെടിവെപ്പ്. ഈ വർഷം യുഎസിൽ നടക്കുന്ന 233-ാമത്തെ കൂട്ട വെടിവയ്പ്പാണ് തുൾസ വെടിവെപ്പ്.

അടുത്തിടെ നടന്ന കൂട്ട വെടിവയ്പ്പുകളെക്കുറിച്ചും തോക്ക് അക്രമത്തെ നേരിടാൻ നിയമങ്ങൾ പാസാക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News