സെമി ഓട്ടോമാറ്റിക് തോക്ക് 21 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം; യുഎസ് ഹൗസ് ബില്‍ പാസാക്കി

വാഷിങ്ടന്‍ ഡിസി : സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി യുഎസ് ഹൗസ് നിയമം പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് 204നെതിരെ 223 വോട്ടുകളോടെയാണ് യുഎസ് ഹൗസ് നിയമം പാസാക്കിയത്. ബുധനാഴ്ചയായിരുന്നു (ജൂണ്‍ 7) വോട്ടെടുപ്പ്. ഹൈ കപ്പാസിറ്റി മാഗസിന്‍ വാങ്ങുന്നതിനും ബാക്ക് ഗ്രൗണ്ട് പരിശോധന നിര്‍ബന്ധമാക്കുന്നതിനുള്ള വകുപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുഎസ് ഹൗസില്‍ ഡെമോക്രാറ്റിക് കക്ഷിക്കാണ് ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ബില്‍ എളുപ്പം ഇവിടെ പാസാക്കാന്‍ കഴിഞ്ഞു. എന്നാല്‍, യുഎസ് സെനറ്റില്‍ ഇരുകക്ഷികള്‍ക്കും തുല്യ അംഗങ്ങളാണുള്ളത്. യുഎസ് ഹൗസ് പാസാക്കിയ ഈ ബില്‍ യുഎസ് സെനറ്റില്‍ പാസാകണമെങ്കില്‍ ചുരുങ്ങിയത് 60 പേരെങ്കിലും ഇതിനനുകൂലമായി വോട്ടുരേഖപ്പെടുത്തണം.

യുഎസ് ഹൗസില്‍ പാസാക്കിയ ഈ ബില്ലിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ടംഗങ്ങള്‍ ജാറെഡ് ഗോള്‍ഡന്‍ (മയിന്‍), കുര്‍ട്ട് സ്‌ക്കഡര്‍ (ഒറിഗന്‍) വോട്ടു ചെയ്തപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അഞ്ച് അംഗങ്ങള്‍ അനുകൂലമായി വോട്ടുരേഖപ്പെടുത്തി.

തിടുക്കത്തില്‍ യുഎസ് ഹൗസ് നിയമം പാസാക്കിയെങ്കിലും സെനറ്റില്‍ ഇത് വിജയിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. സെനറ്റിലും ഈ ബില്ലിനെ എതിര്‍ക്കുന്ന ഡെമോക്രാറ്റിക് അംഗങ്ങളും അനുകൂലിക്കുന്ന റിപ്പബ്ലിക്കന്‍ അംഗങ്ങളും ഉണ്ട് എന്നതുതന്നെ ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News