റോഡ് തടയുകയോ ഇഷ്ടാനുസൃത വസ്ത്രം ധരിക്കുന്നത് വിലക്കുകയോ ചെയ്തിട്ടില്ല: മുഖ്യമന്ത്രി

കണ്ണൂർ: താൻ ആരുടെയും വഴി മുടക്കുകയോ ഇഷ്ടാനുസൃത വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “സഞ്ചാര സ്വാതന്ത്ര്യം നേടിയെടുത്ത നാട്ടിൽ ഒരുകൂട്ടം ആളുകൾ വഴിതടയുന്നുവെന്ന് പറഞ്ഞ് കൊടുമ്പിരി കൊള്ളുന്നു. ആരുടെയും വഴി അടഞ്ഞിട്ടില്ല. അങ്ങനെ ചില ശക്തികൾ ആഗ്രഹിച്ചേക്കാം. എന്നാൽ, പ്രബുദ്ധ കേരളം അനുവദിക്കില്ല,” മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ലൈബ്രറി കൗൺസിൽ പരിപാടി കണ്ണൂരിൽ നിന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വ്യത്യസ്തമായ വസ്ത്രധാരണ രീതിയാണ് കേരളീയര്‍ക്കുള്ളത്. ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്നാണ് കുറച്ചു നാളുകളായി ഉയരുന്ന പ്രചാരണം. മാസ്കും വസ്ത്രവും കറുപ്പ് നിറത്തിൽ ധരിക്കാൻ പാടില്ലെന്നാണ് പ്രചാരണം. കേരളത്തിൽ എല്ലാവർക്കും ഇഷ്ടമുള്ള നിറത്തിൽ വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വലിയ പ്രക്ഷോഭം നടന്ന നാടാണിത്. മുട്ടിനു താഴെ വസ്ത്രം ധരിക്കാനും മാറു മറയ്ക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടിയ നാടാണിത്. ആ അവകാശം ഇവിടെ ഒരു തരത്തിലും ലംഘിക്കപ്പെട്ടിട്ടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

ചില ശക്തികള്‍ നിക്ഷിപ്ത താല്‍പര്യത്തോടെ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് കറുത്ത വസ്ത്രവും മാസ്‌കും പാടില്ലെന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നു എന്ന പ്രചാരണം വന്നിരിക്കുന്നത്.

കേതളത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാരാണ്. നാട്ടില്‍ ഇന്നു കാണുന്ന എല്ലാ പ്രത്യേകതകളും എത്തിച്ചതിന്റെ മുന്‍പില്‍ ഇടതുപക്ഷമായിരുന്നു. ആ ഇടതുപക്ഷ സര്‍ക്കാര്‍ അത്തരമൊരു നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ ഒരു പ്രത്യേക വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നുവെന്ന് പറയുന്നത്് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നുമില്ലാത്തിനാലാണ്. ഒരു പാട് കള്ളക്കഥകള്‍ പ്രചരിക്കുന്ന കാലമാണ്. അക്കൂട്ടത്തില്‍ ഇത് കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണെന്ന് നാം തിരിച്ചറിയണം.

“നാടിന്റെ പ്രത്യേകത എല്ലാതരത്തിലും കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. അതില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും. അതിനെതിരായി നീങ്ങുന്ന ശക്തികള്‍ക്ക് തടയിലാന്‍ സര്‍ക്കാര്‍ ശ്രദ്ധയോടെ നീങ്ങും,” അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസമായി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്. അദ്ദേഹത്തിന്റെ പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും വിലക്കും മൂന്നു ദിവസമായി ആരംഭിച്ചിട്ടു. മൂന്നാം ദിവസമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പരസ്യമായി ഒരു പ്രതികരണത്തിന് തയ്യാറാകുന്നതും. കോട്ടയത്തു നിന്ന് തുടങ്ങിയ വിലക്കും പ്രതിഷേധവും കണ്ണൂരില്‍ അവസാനിച്ചിരിക്കേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Print Friendly, PDF & Email

Leave a Comment

More News