ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ തല മൊട്ടയടിച്ചു

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ തല മൊട്ടയടിച്ചു. പാറശ്ശാല മെക്കാനിക്ക് യൂണിറ്റിലെ ജീവനക്കാരാണ് തല മൊട്ടയടിച്ച് പ്രതിഷേധമറിയിച്ചത്. ശമ്പളവുമായി ബന്ധപ്പെട്ട് സമരം നടത്തിയിട്ടും അധികൃതർ ശ്രദ്ധിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ വ്യത്യസ്ഥ സമര മുറ ആരംഭിച്ചത്.

ജൂൺ പകുതിയായിട്ടും ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. മേയ് മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 30 കോടി രൂപ അനുവദിച്ചിട്ടും തികയുന്നില്ലെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് പറയുന്നത്. ശമ്പളം നൽകാൻ 52 കോടി രൂപ കൂടി വേണമെന്ന് മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചു.

ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു.അതേസമയം, മെയ് മാസത്തിൽ ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്മെന്റ് സർക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാതെയാണ് എല്ലാ സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതിനിടെ, കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ആവശ്യത്തെ സിഐടിയുവും ഐഎൻടിയുസിയും അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന ആക്ഷേപം ശക്തമാകുകയാണ്. കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് സംസ്ഥാന സർക്കാരിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ തൊഴിലാളി യൂണിയനായ എഐടിയുസി ആവശ്യപ്പെടുമ്പോൾ, സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു ഇക്കാര്യത്തിൽ കുറ്റകരമായ മൗനമാണ് പാലിക്കുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസിന്റെ തൊഴിലാളി സംഘടനയും കെഎസ്ആർടിസി ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന കാര്യത്തിൽ അഭിപ്രായം പറയാൻ തയ്യാറാകുന്നില്ല.

കെഎസ്ആർടിസിയിലെ സിഐടിയു സംഘടനയായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ശമ്പളം ആവശ്യപ്പെട്ട് സമരത്തിലാണ്. എന്നാൽ, ശമ്പളം വൈകുന്നത് തങ്ങളുടെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. അതിനാല്‍ കെഎസ്ആര് ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ തൊഴില്‍ സുരക്ഷയും പൊതുഗതാഗത സംവിധാനത്തിന്റെ നിലനില്പും സാധ്യമാകുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ കെഎസ്ആർടിസിയുടെ കളക്ഷൻ കൊണ്ട് ഡീസലും ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളും നടന്നുപോകും. കഴിഞ്ഞ മാസം മാത്രം 193 കോടി രൂപയായിരുന്നു കോർപ്പറേഷന്റെ വരുമാനം. എന്നാൽ, എടുത്താൽ പൊങ്ങാത്ത കടബാധ്യതയും അതിന്റെ ഭീമമായ തിരിച്ചടവുമാണ് കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. നിലവിൽ പെൻഷൻ നൽകുന്നത് സർക്കാരാണ്. ഇതുപോലെ ജീവനക്കാരുടെ ശമ്പളവും സർക്കാർ ഏറ്റെടുക്കണമെന്നാണ് എഐടിയുസിയും തൊഴിലാളികളും ആവശ്യപ്പെടുന്നത്.

അതേസമയം, അടുത്തെങ്ങും ശമ്പള വിതരണമുണ്ടാകില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ശമ്പളവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരി​ഗണിക്കുന്നത് ഈ മാസം 21നാണ്. അതിന് തൊട്ടുമുമ്പെങ്കിലും ശമ്പളം നൽകാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. അംഗീകൃത സംഘടനകളുമായുണ്ടാക്കിയ ധാരണ പ്രകാരം കെഎസ്ആർടിസിയിൽ എല്ലാമാസവും 5 ന് ശമ്പളം നൽകേണ്ടതാണ്. ബൾക്ക് പർച്ചേസർ വിഭാഗത്തിൽ ഉൾപ്പെടുത്തി ഡീസലിന് അമിത വില നൽകേണ്ടിവന്നതുകൊണ്ടാണ് മുൻ മാസങ്ങളിൽ ശമ്പള പ്രതിസന്ധിയുണ്ടായതെന്ന് മാനേജ്മെന്റും, സർക്കാരും പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ ഡീസൽ വില ഒരു രൂപ പോലും കെഎസ്ആർടിസി യിൽ നിന്നും അധികമായി വാങ്ങിയിട്ടില്ല എന്ന സത്യാവസ്ഥ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയ സാഹചര്യത്തിലും, മേയ് മാസം 193 കോടി രൂപ വരുമാനമുണ്ടായതിനാലും ശമ്പള നിഷേധത്തിന് ന്യായീകരണമില്ലെന്ന് സംഘടനകൾ ചൂണ്ടികാട്ടുന്നു.

കെഎസ്ആർടിസി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താത്ത സിഐടിയു, ഐഎൻടിയുസി എന്നീ യൂണിയനുകളുടെ നിലപാടിനെതിരെ തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.

Print Friendly, PDF & Email

Leave a Comment

More News