ഹൂസ്റ്റണില്‍ 3 മണിക്കൂർ ചൂടേറ്റ് കാറിലിരുന്ന അഞ്ചു വയസ്സുകാരന്‍ മരിച്ചു

ഹാരിസ്‌ കൗണ്ടി (ഹൂസ്റ്റണ്‍): മൂന്നു മണിക്കൂറുകളോളം കാറിനകത്ത് ഇരിക്കേണ്ടി വന്ന അഞ്ചു വയസുകാരന്‍ ചൂടേറ്റ് മരിച്ചതായി ഹാരിസ്‌കൗണ്ടി കൗണ്ടി ഷെറിഫ് ഗൊണ്‍സാലോസ് പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു കുട്ടി കാറിനകത്ത് അകപ്പെട്ടത്.

അഞ്ചു വയസുകാരന്റെ മാതാവും, എട്ട് വയസുള്ള സഹോദരിയും ജന്മദിനാഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനാണ് കടയില്‍ പോയത്. വാങ്ങിയശേഷം തിരിച്ചു വീട്ടില്‍ എത്തി ഒരുക്കങ്ങള്‍ നടത്തുന്നതിന് മുന്‍സീറ്റിലുണ്ടായിരുന്ന മകളേയും കൂട്ടി മാതാവ് പുറത്തിറങ്ങി. പുറകിലുള്ള അഞ്ചു വയസുകാരന്‍ സീറ്റ് ബെല്‍റ്റ് ഊരി പുറത്തുവരുമെന്നാണ് മാതാവ് കരുതിയതെന്ന് പോലീസ് പറഞ്ഞു. അങ്ങനെ സാധാരണ ചെയ്യാറുണ്ടെന്നും മാതാവ് പറഞ്ഞു. എന്നാല്‍ കാര്‍ വാടകയ്ക്കെടുത്തതായിരുന്നു. അതിന്റെ ഓട്ടോമാറ്റിക്ക് ഡോര്‍ സിസ്റ്റം തകരാറിലായിരുന്നുവെന്ന് മാതാവിനറിയില്ലായിരുന്നു. രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും മകനെ കാണാത്തതിനാല്‍ അന്വേഷിച്ചിറങ്ങിയപ്പോഴായിരുന്നു കാറിലിരുന്ന് ചൂടേറ്റു മരിച്ച വിവരം പുറത്തറിയുന്നത്.

അപകടമരണമായിരുന്നുവെന്നും, മാതാവിനെതിരെ കേസെടുക്കണമോ എന്നതു തീരുമാനിച്ചിട്ടില്ലെന്നും കൗണ്ടി ഷെറിഫ് ഗോണ്‍സാലോസ് പറഞ്ഞു.

ജന്മദിനം ആഘോഷിക്കുവാന്‍ തയാറായ കുടുംബത്തിന്റെ ദുഃഖം ഹൃദയഭേദകമായിരുന്നുവെന്നും പോലീസ് കൂട്ടിചേര്‍ത്തു. കാറില്‍ കുട്ടികളുമായി സഞ്ചരിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പു നല്‍കി

Print Friendly, PDF & Email

Related posts

Leave a Comment