മുഖ്താർ അബ്ബാസ് നഖ്‌വി പുതിയ ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവർണറായേക്കും

ശ്രീനഗർ : കേന്ദ്ര ഭരണപ്രദേശത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വർഷാവസാനത്തിന് മുമ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ, ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ മാറ്റി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയെ നിയമിച്ചേക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

സമീപകാലത്ത് ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളെച്ചൊല്ലി ന്യൂഡൽഹിയിൽ വർദ്ധിച്ചുവരുന്ന ആശങ്കയ്ക്കും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അധികം വൈകാതെ അധികാരത്തിൽ വരാനുള്ള വ്യഗ്രതയ്ക്കും ശേഷം നഖ്‌വി ഒടുവിൽ ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടാന്‍ സാധ്യതയേറി എന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

ലഫ്റ്റനന്റ് ഗവർണർ സ്ഥാനം ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ നഖ്‌വിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചിരുന്നു.

സർക്കാരിലും പാർട്ടിയിലും അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ജമ്മു കശ്മീരിൽ ജനകീയ സർക്കാർ രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ കേന്ദ്ര സർക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കശ്മീർ താഴ്‌വരയിൽ ശരിയായ സന്ദേശം നൽകുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്.

2020 ഓഗസ്റ്റിൽ ഗവർണറായിരുന്ന സത്യപാൽ മാലിക്കിൽ നിന്ന് കേന്ദ്രഭരണ പ്രദേശത്തിന്റെ ആദ്യ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റ ജി സി മുർമുവിന് പകരം സിൻഹ ചുമതലയേറ്റു.

കേന്ദ്ര ഭരണ പ്രദേശമായി തരംതാഴ്ത്തുന്നതിന് മുമ്പ് ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ അവസാന ഗവർണറായിരുന്നു മാലിക്.

ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റ ശേഷം നഖ്‌വി ജമ്മു കശ്മീർ ഭരണത്തിൽ ഉന്നത തലത്തിൽ ചില മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News