ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 62 കാരനായ മലയാളിക്ക് ഒരു മില്യണ്‍ യു എസ് ഡോളര്‍ സമ്മാനം

ദുബായ്: ഇന്ന് (ജൂൺ 22 ബുധനാഴ്ച) നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 62 കാരനായ ഒമാൻ ആസ്ഥാനമായുള്ള മലയാളി ഒരു ദശലക്ഷം യു എസ് ഡോളർ (7,83,34,350 രൂപ) സമ്മാനം നേടി.

നറുക്കെടുപ്പിലെ വിജയി ജോൺ വർഗീസ് മെയ് 29 ന് ഓൺലൈനിൽ വാങ്ങിയ ഭാഗ്യ ടിക്കറ്റ് നമ്പർ 0982-നാണ് മില്ലേനിയം മില്യണയർ സീരീസ് 392 ൽ സമ്മാനം നേടിയത്. മസ്ക്കറ്റില്‍ താമസിക്കുന്ന 62-കാരനായ ജോൺ വർഗീസ് കഴിഞ്ഞ 35 വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജരാണ്. കഴിഞ്ഞ ആറ് വർഷമായി പതിവായി ടിക്കറ്റ് വാങ്ങിക്കുന്നു.

രണ്ട് കുട്ടികളുടെ പിതാവായ ജോണ്‍ വര്‍ഗീസ് ഇടയ്ക്കിടെ ദുബായില്‍ വരാറുണ്ടായിരുന്നു. സമ്മാനത്തുകയിൽ വലിയൊരു ഭാഗവും റിട്ടയേർഡ് ജീവിതത്തിലേക്കു മാറ്റിവയ്ക്കാനാണു തീരുമാനം. കൂടാതെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. പ്രത്യേകിച്ച് നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകും. ഇതാദ്യമായാണു സമ്മാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1999 ആരംഭം മുതൽ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 192 –ാമത്തെ ഇന്ത്യക്കാരനാണു ജോൺ വർഗീസ്. ഇന്ത്യക്കാരാണ് ഏറ്റവും ടിക്കറ്റെടുക്കാറുള്ളതും. ഇതിനകം ഒട്ടേറെ മലയാളികളുടെ ജീവിതം മാറിമറിഞ്ഞിട്ടുണ്ട്

മറ്റ് വിജയികൾ
ദുബായ് ആസ്ഥാനമായുള്ള ബെംഗളൂരു സ്വദേശി 40 കാരനായ തിമ്മയ്യ നഞ്ചപ്പ ജൂൺ 3-ന് ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് 1808-ലെ ടിക്കറ്റ് നമ്പർ 0108 ഉള്ള മെഴ്‌സിഡസ് ബെൻസ് CLS 53 4M AMG (Obsidian Black Metallic) കാർ സ്വന്തമാക്കി.

ദുബായിലുള്ള മറ്റൊരു ഇന്ത്യന്‍ പൗരനായ ജമീൽ ഫൊൻസേക ജൂൺ 2 ന് ഓൺലൈനിൽ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് 502 ലെ ടിക്കറ്റ് നമ്പർ 0238 ഉള്ള BMW R 9T (നൈറ്റ് ബ്ലാക്ക് മാറ്റ്/ അലുമിനിയം) മോട്ടോർ ബൈക്ക് നേടി.

ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരനായ 36 കാരന്‍ ഷെയ്ക് ആബിദ് ഹുസൈൻ അൻസാരി, മെയ് 30-ന് ഓൺലൈനിൽ വാങ്ങിയ, ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് 501-ലെ ടിക്കറ്റ് നമ്പർ 0091 ഉള്ള BMW R 1250 R (HP എഡിഷൻ വൈറ്റ്/ബ്ലൂ/റെഡ്) മോട്ടോർ ബൈക്ക് നേടി.

Print Friendly, PDF & Email

Leave a Comment

More News