ഉക്രയ്‌നെ റഷ്യയുമായി ചര്‍ച്ചക്ക് യു.എസ്. നിര്‍ബന്ധിക്കില്ലെന്ന് ജോണ്‍ കിര്‍ബി

വാഷിംഗ്ടണ്‍:  ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യന്‍ ഉക്രയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയുമായി സന്ധി സംഭാഷണത്തിന് അമേരിക്ക ഉക്രയ്ന്‍ പ്രസിഡന്റിനെ നിര്‍ബന്ധിക്കില്ലെന്ന് യു.എസ്സ്. നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു.

ജൂലായ് 3 ഞായറാഴ്ച സുപ്രധാന വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം കാര്‍ബി വെളിപ്പെടുത്തിയത്.  ഉക്രെയ്ന്‍ പ്രസിഡന്റിന് റഷ്യക്കു മേല്‍ എങ്ങനെ വിജയം നേടാമെന്നും, എപ്പോള്‍, ഏത് വ്യവസ്ഥകളോടെ റഷ്യയുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നും അറിയാമെന്നും കിര്‍ബി പറഞ്ഞു. ഉക്രയ്‌നുള്ള യു.എസ്. സഹായം തുടരുമെന്നും, അതുമാത്രമേ ഇപ്പോള്‍ ഉറപ്പു നല്‍കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ സൈന്യം മുന്നോട്ട് നീങ്ങികൊണ്ടിരിക്കയാണെന്നും, നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നും, ഇതിന് റഷ്യ ഉത്തരം പറയേണ്ടിവരുമെന്നും കിര്‍ബി ചൂണ്ടികാട്ടി. ഉക്രെയ്ന്‍ സൈന്യവും, സിവിലിയന്‍മാരും, ധീരമായ പോരാട്ടമാണ് നടത്തുന്നത്. അവര്‍ അതിര്‍ത്തി സംരക്ഷിക്കുക മാത്രമല്ല, പ്രത്യാക്രമണം നടത്തുന്നുണ്ടെന്നും കിര്‍ബി കൂട്ടിചേര്‍ത്തു. റഷ്യന്‍ അധിനിവേശം എത്രനാള്‍ തുടരുമെന്നോ, ഉക്രയ്ന്‍ ജനതക്ക് എത്രനാള്‍ പോരാടാന്‍ കഴിയുമെന്നോ പറയാനാകില്ലെന്ന് കിര്‍ബി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News