സൗദി കിരീടാവകാശിയുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തും

വാഷിംഗ്ടണ്‍: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ (എംബിഎസ്) ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നേതൃത്വ സംഘവുമായി പ്രസിഡന്റ് ജോ ബൈഡൻ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടതായി അമേരിക്കൻ ഇന്റലിജൻസ് ആരോപിച്ച സൗദി അറേബ്യയുടെ ശക്തനായ കിരീടാവകാശിയെ നേരത്തെ അപലപിക്കുകയും, സൗദി അറേബ്യക്ക് ഭ്രഷ്ട് കല്പിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

2018 ഒക്ടോബർ 2 ന് തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ വെച്ചാണ് വാഷിംഗ്ടൺ പോസ്റ്റ് മാധ്യമപ്രവർത്തകൻ ഖഷോഗിയെ സൗദിയുടെ ഒരു സംഘം ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്.

സൗദി നേതാക്കളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി അറിയിച്ചു. ബൈഡന്റെ യാത്രയിൽ എംബിഎസുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടുമെന്ന് കിർബി സ്ഥിരീകരിച്ചു. തീർച്ചയായും, ആ വലിയ ഉഭയകക്ഷി ചർച്ചയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് കിരീടാവകാശിയെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസിലെ ഗ്യാസിന്റെ വില കുറയ്ക്കാനുള്ള വഴികൾ തേടുന്നതിനിടെയാണ് ബൈഡന്റെ രാജ്യം സന്ദർശനം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് + എന്ന എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മ അടുത്തിടെ വില കുറയ്ക്കാൻ എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സമ്മതിച്ചു.

കഴിഞ്ഞ വർഷം ജനുവരിയിൽ ബൈഡൻ അധികാരമേറ്റതിന് ശേഷം ഗ്യാസിന്റെ വില ഇരട്ടിയായി. എന്നാൽ, അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ (AAA) ഡാറ്റ പ്രകാരം ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില വ്യാഴാഴ്ച $ 4.75 ആയി. ബൈഡൻ പ്രസിഡന്റായതിന്റെ ആദ്യ ആഴ്ചയിൽ ഗ്യാസിന്റെ ശരാശരി വില 2.39 ഡോളർ മാത്രമായിരുന്നു എന്ന് അസോസിയേഷൻ പറഞ്ഞു.

നവംബറിലെ ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൈഡനും അദ്ദേഹത്തിന്റെ സഹ ഡെമോക്രാറ്റുകൾക്കും ഗ്യാസിന്റെ വിലക്കയറ്റം ഒരു പ്രശ്നമാണ്.

ഉക്രെയ്നിൽ റഷ്യയുടെ സൈനിക നടപടി ആരംഭിച്ചതും തുടർന്നുള്ള എണ്ണ വിലയിലെ കുതിച്ചുചാട്ടവും മുതൽ, ഇന്ധന വില നിയന്ത്രിക്കാനും റഷ്യയെ ഒറ്റപ്പെടുത്താനും യുഎസ് പ്രസിഡന്റ് വലിയ ശ്രമങ്ങൾ നടത്തിയിരുന്നു.

സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള ബൈഡന്റെ ഇപ്പോഴത്തെ നീക്കം ശ്രമത്തിന് അനുസൃതമാണെന്ന് പല വിശകലന വിദഗ്ധരും വിശ്വസിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News