നടിയെ ആക്രമിച്ച കേസ്: ദിലീപിന് അനുകൂലമായി യുട്യൂബ് ചാനലില്‍ പ്രസ്താവന നടത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞ മുൻ ഡിജിപി ആർ ശ്രീലേഖയെ വെല്ലുവിളിച്ച് റിപ്പോർട്ടർ ടിവി എംഡിയും മാധ്യമ പ്രവർത്തകനുമായ എംവി നികേഷ് കുമാർ. തന്റെ യൂട്യൂബ് ചാനലിൽ ശ്രീലേഖ പറഞ്ഞതിനെ കുറിച്ച് തത്സമയ അഭിമുഖം നൽകാൻ തയ്യാറാണോ എന്നാണ് എംവി നികേഷ് കുമാർ ട്വിറ്ററിലൂടെ ചോദിച്ചത്. അഭിമുഖത്തിന്റെ സ്ഥലവും തീയതിയും സമയവും ശ്രീലേഖയ്ക്ക് തന്നെ തീരുമാനിക്കാമെന്നും പോസ്റ്റിൽ പറയുന്നു. അഭിമുഖം മുഴുവൻ സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘ശ്രീലേഖയുടെ യുട്യൂബ് വെളിപ്പെടുത്തല്‍ ദൃശ്യമാധ്യമങ്ങള്‍ ചർച്ച ചെയ്യുന്നു. തത്സമയ അഭിമുഖത്തിന് തയ്യാറാണോ മാഡം? നിങ്ങൾ പറയുന്ന സ്ഥലവും സമയവും തീയതിയും. പറയുന്നത് മുഴുവൻ തത്സമയം സംപ്രേക്ഷണം ചെയ്യും. ടി.വിയിലും സോഷ്യല്‍ മീഡിയയിലും,” നികേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ ഗുരുതരണ ആരോപണങ്ങളായിരുന്നു ഇന്നലെ തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ ഉന്നയിച്ചത്. കേസില്‍ ദിലീപിനെതിരെ വ്യാജമായ തെളിവുകള്‍ സൃഷ്ടിച്ചുവെന്ന് അവര്‍ പറഞ്ഞു.

പൾസർ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം വ്യാജമാണ്. സുനിയല്ല ജയിലിൽ നിന്ന് കത്തെഴുതിയത്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് വിരമിച്ച പോലീസ് മേധാവിയിൽനിന്നുള്ള ഈ ആരോപണം. മാധ്യമ സമ്മര്‍ദങ്ങളുടെ ഭാഗമായിട്ടാണ് ദിലീപിന്റെ അറസ്റ്റ് നടന്നത്. ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയെന്ന് പറയപ്പെടുന്ന തരത്തിലുള്ള കത്തെഴുതാന്‍ ജയിലല്‍നിന്ന് കഴിയില്ല. ജയിലിലെ കടലാസുകള്‍ മോഷ്ടിച്ച് വിപിന്‍ലാല്‍ എഴുതിയ കത്താണെന്നും അത് പൊലീസ് പറഞ്ഞിട്ടാണെന്നും ഇക്കാര്യം അയാള്‍തന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News