എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനാണോ?

തിരുവനന്തപുരം: നയതന്ത്ര ബാഗേജു വഴി യു എ ഇയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി പ്രകാരം ഇ ഡി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണോ എന്ന സംശയം ബലപ്പെടുന്നു. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ, മുൻ അറ്റാഷെ, മുൻ ചീഫ് അക്കൗണ്ടന്റ് എന്നിവരെ സ്വർണക്കടത്ത് കേസിൽ പ്രതികളാക്കാനുള്ള ഇ.ഡിയുടെ തീരുമാനം ഈ സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിരുവനന്തപുരത്ത് എത്തിയപ്പോൾ സ്വർണക്കടത്ത് കേസ് ശരിയായ ദിശയിൽ അന്വേഷിക്കുമെന്നും സത്യം പുറത്തുവരുമെന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ തുടർന്നാണ് വിദേശ പൗരന്മാർക്കെതിരെ കുറ്റം ചുമത്താൻ ഇഡി തീരുമാനിച്ചത്. യുഎഇ കോൺസുലേറ്റിൽ എന്താണ് സംഭവിച്ചതെന്ന് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായി അറിയാമെന്ന് ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വിദേശകാര്യ മന്ത്രാലയത്തിന് ഇക്കാര്യങ്ങൾ അറിയാം. ആരായാലും നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പറഞ്ഞതിലെ രാഷ്ട്രീയലാക്കാണ് ഇഡിയുടെ നടപടിക്കുള്ള പ്രചോദനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് പോവുകയാണെങ്കില്‍ മുഖ്യമന്ത്രിയും കുടുംബവും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മുന്‍ മന്ത്രി കെ.ടി. ജലീലുമെല്ലാം പ്രതിസ്ഥാനത്താണ്.

കോണ്‍സുല്‍ ജനറലും അറ്റാഷെയും ഇവര്‍ക്കെതിരെ മൊഴി നല്‍കിയാല്‍ അന്വേഷണം ക്ലിഫ് ഹൗസിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ ബിജെപി വേരുറക്കാതിരിക്കാന്‍ ഇടത് പക്ഷത്തിന്റെ പ്രവര്‍ത്തനമാണ് കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇവിടെ വേരുറപ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ് ബിജെപി ദേശീയ നേതൃത്വം കരുതുന്നത്. ലൈഫ് മിഷനിലെ അന്വേഷണം സിബിഐ ഏറ്റെടുത്തതും സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്.

സ്വപ്‌ന സുരേഷ് ഇന്ന് സിബിഐക്ക് നൽകിയ മൊഴികളും തെളിവുകളുമെല്ലാം കേസിൽ വൻ വഴിത്തിരിവ് സൃഷ്ടിക്കും. ഇഡിയും സിബിഐയും തങ്ങളുടെ പിന്നാലെ വരുമെന്ന ഭയത്തിലാണ് സിപിഎം സംസ്ഥാന നേതൃത്വം. പാർട്ടി തീരുമാനങ്ങൾ പാലിക്കുന്ന മുഖ്യമന്ത്രിയല്ല, പാർട്ടി തീരുമാനമായി തന്റെ തീരുമാനങ്ങൾ അവതരിപ്പിക്കുന്ന ആളാണ് പിണറായി വിജയൻ. അതുകൊണ്ട് തന്നെ അന്വേഷണം പിണറായി വിജയനിലേക്ക് പോയാൽ തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്കയും പാർട്ടിയിലെ ചില മുതിർന്ന നേതാക്കളിലുണ്ട്.

Print Friendly, PDF & Email

Leave a Comment

More News