പലസ്തീന് അമേരിക്കയുടെ 316 മില്യണ്‍ സഹായധനം പ്രഖ്യാപിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: രണ്ടു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഈസ്റ്റ് ജറുശലേമിലുള്ള ആശുപത്രിയും സന്ദര്‍ശിക്കും.

പലസ്തീന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി 316 മില്യണ്‍ ഡോളറിന്റെ ധനസഹായം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.

ട്രം‌പിന്റെ ഭരണകാലത്ത് മൂന്നു വര്‍ഷത്തോളം പലസ്തീനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ പൂര്‍ണ്ണമായും നിലച്ച സാഹചര്യത്തില്‍ അവരുടെ വിശ്വാസം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിംഗ്ടണ്‍ പുതിയ സഹായ വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്ക് അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ 201 മില്യണ്‍ ഡോളര്‍ യു.എന്‍. റീലീഫ് ആന്റ് വര്‍ക്ക് ഏജന്‍സിക്കാണ് നല്‍കുക.

ബൈഡന്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 618 മില്യണ്‍ ഡോളറിന്റെ സഹായധനമാണ് പലസ്തീന് നല്‍കിയിട്ടുള്ളത്. പലസ്തീനിന്റെ വിശ്വാസം നേടിയെടുക്കുന്നതിനായി ജറുശലേമില്‍ ട്രം‌പ് അടച്ചുപൂട്ടിയ യു എസ് കോണ്‍സുലേറ്റ് തുറക്കുന്നതിനും ബൈഡന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News