രണ്ടു കുട്ടികളെ കാറില്‍ തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ അറസ്റ്റു ചെയ്തു

ഹാരിസ്‌കൗണ്ടി (ഹൂസ്റ്റണ്‍): രാത്രിയില്‍ രണ്ടു കുട്ടികളെ കാറില്‍ തനിച്ചിരുത്തി ഷോപ്പിംഗിനു പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. അവന്തി ലാട്രിസ് ജോണ്‍സണ്‍ (32) എന്ന മാതാവിനെയാണ് അറസ്റ്റു ചെയ്തത്.

വെസ്റ്റ് ലെയ്ക്ക് ഹ്യൂസ്റ്റണ്‍ പാര്‍ക്ക്‌വേയിലുള്ള എച്ച്.ഇ.ബി പാര്‍ക്കിംഗ് ലോട്ടിലായിരുന്നു സംഭവം. കുട്ടികളെ പിന്‍സീറ്റില്‍ ബെല്‍റ്റിട്ട് സുരക്ഷിതമാക്കി, കാര്‍ഡോര്‍ ലോക്ക് ചെയ്യാതെയാണ് ഇവര്‍ തൊട്ടടുത്തുള്ള കടയിലേക്ക് പോയത്.

സമീപത്തുള്ള ആരോ ചിലര്‍ പോലീസിനെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി കുട്ടികള്‍ കാറില്‍ തനിച്ചിരിക്കുന്നത് കണ്ടെത്തുകയും, മാതാവിനെ തിരക്കി അടുത്തുള്ള കടയില്‍ എത്തുകയും ചെയ്തു. ഇവര്‍ കാറില്‍ നിന്നും ഇറങ്ങിപ്പോകുന്നത് തൊട്ടടുത്തുള്ള ക്യാമറയില്‍ പതിഞ്ഞിരുന്നു. മുപ്പതുമിനിട്ട് മാത്രമാണ് കുട്ടികളില്‍ നിന്നും മാറിനിന്നതെന്ന് മാതാവ് പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല.

കുട്ടികളെ അപായപ്പെടുത്തല്‍ വകുപ്പ് ചുമത്തിയാണ് ജോണ്‍സണെ അറസ്റ്റു ചെയ്തത്. ഇവരെ ഹാരിസ് കൗണ്ടി ജയിലിലടച്ചു.

യാതൊരു കാരണവശാലും കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കരുതെന്ന കര്‍ശന നിയമം നിലവിലുണ്ടെന്ന് ഹ്യൂസ്റ്റണ്‍ പോലീസ് പറഞ്ഞു. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശിശു സം‌രക്ഷണ വകുപ്പ് അധികൃതര്‍ എത്തി കുട്ടികളെ ഏറ്റെടുത്തു. എന്നാല്‍, ഇവരുടെ മുത്തശ്ശിയുടെ അപേക്ഷ പരിഗണിച്ച് പിന്നീട് കുട്ടികളെ മുത്തശ്ശിയെ ഏല്പിച്ചു.

കുട്ടികളുടെ ആരോഗ്യപരിപാലനത്തിനും, സുരക്ഷക്കും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News