ഫാ. റാഫേൽ അമ്പാടന്റെ ജന്മദിനം റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ച് അംഗങ്ങൾ ആഘോഷിച്ചു

ന്യുയോർക്ക്: ആത്മീയതയിലും നന്മയിലും ഇടവക ജനത്തെ വഴികാട്ടുന്ന ഫാ. റാഫേൽ അമ്പാടന്റെ ജന്മദിനം റോക്ക് ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ ഇടവകാംഗങ്ങൾ ആഘോഷിച്ചു.

മോശയെപ്പോലെ നല്ല ഇടയനായി, എല്ലാവരേയും വലിപ്പച്ചെറുപ്പമില്ലാതെ സമഭാവനയോടെ കാണുകയും ആവശ്യ സമയങ്ങളിൽ സഹായിയായി എത്തുകയും വിവാദങ്ങളില്ലാതെ ഇടവകയെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന അച്ഛന്റെ പ്രവർത്തനങ്ങളും സേവന സന്നദ്ധതയും ആശംസ നേർന്നവർ ചൂണ്ടിക്കാട്ടി. അച്ഛന്റെ നേതൃത്വത്തിൽ ഇടവക കൈവരിച്ച നേട്ടങ്ങളും ആത്‌മീയ വളർച്ചയും അവർ അനുസ്മരിച്ചു

ജൂലൈ 17-നു വി. കുർബാനക്ക് ശേഷം നടത്തിയ ആഘോഷം സംഘടിപ്പിച്ചത് ട്രസ്റ്റിമാരും പാരിഷ് കൗൺസിൽ അംഗങ്ങളും ചേർന്നാണ്. ട്രസ്റ്റി ജിബിൻ സി. മാത്യു ആമുഖ പ്രസംഗം നടത്തി. സി.സി.ഡി വിദ്യാർത്ഥികൾക്കു വേണ്ടി പോൾ മുരിക്കൻ ആശംസകൾ നേർന്നു.

നന്ദി പറഞ്ഞ അച്ഛൻ, വിക്കനായിരുന്ന മോശയിലൂടെ ദൈവത്തിന്റെ സ്വരമാണ് ജനം ശ്രവിച്ചതെന്ന് ചൂണ്ടിക്കാട്ടി. യൂത്ത് പ്രോഗ്രാമുകൾക്കും മറ്റും ഈ മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്നത് ഈ ഇടവകയിൽ നിന്നാണ്. അതിനു താല്പര്യം കാട്ടുന്ന കുട്ടികൾക്കും അവരെ അതിനു സജ്ജരാക്കുന്ന മാതാപിതാക്കൾക്കും അദ്ദേഹം അഭിവാദ്യമർപ്പിച്ചു.

ട്രസ്റ്റിമാരായ ജിബിൻ സി. മാത്യു, റാണി തോമസ്, സക്കറിയാ വടകര, ബീന പറമ്പി എന്നിവർ ചേർന്ന് അച്ചന് ജന്മദിന ഉപഹാരം നൽകി.

കേക്ക് മുറിക്കൽ, ഉച്ചഭക്ഷണം എന്നിവയോടെ ആഘോഷങ്ങൾ സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News