ഡാന്‍സ് ഓഫ് ഒളിമ്പിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒമാനെ പ്രതിനിധീകരിച്ച് മലയാളി ബാലനും

കണ്ണൂർ: ലോക നൃത്ത മത്സരത്തിൽ ഒമാനെ പ്രതിനിധീകരിച്ച് കണ്ണൂര്‍ സ്വദേശിയും. ഡാൻസ് ഒളിമ്പിക്‌സ് എന്ന് വിശേഷിപ്പിക്കുന്ന ലോക ഹിപ് ഹോപ് ഡാൻസ് ചാമ്പ്യൻഷിപ്പിലാണ് കണ്ണൂർ സ്വദേശിയായ ലിയാൻഡോ റെയ്‌നർ പങ്കെടുക്കുന്നത്. തയ്യില്‍ നെറ്റോ ഹൗസില്‍ സുശീല്‍ റെയ്നര്‍ ഡി നെറ്റോയുടെയും ആശയുടെയും മകനാണ് ലിയാന്‍ഡോ. വർഷങ്ങളായി ഒമാനിൽ നഴ്‌സാണ് ആശ. ഒമാന്‍ പൗരത്വമുള്ള ലിയാന്‍ഡോ ജനിച്ചതും പഠിച്ചു വളര്‍ന്നതും ഒമാനിലാണ്. ലോക നൃത്ത ചാമ്പ്യൻഷിപ്പിൽ ലിയാൻഡോ ഒമാനെ പ്രതിനിധീകരിക്കും.

അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ അരിസോണയിലെ പ്യൂണിക്സ് വാഴ്സിറ്റി ഡിവിഷനിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ആഗസ്റ്റ് ആറിന് ആരംഭിച്ച് 13ന് അവസാനിക്കും. ലിയാൻഡോ ഉൾപ്പെടെ 9 പേർ തിങ്കളാഴ്ച പുറപ്പെടും. 5 പെൺകുട്ടികളും 4 ആൺകുട്ടികളും സംഘത്തിലുണ്ട്. മലയാളിയായി ലിയാന്‍ഡോ മാത്രം.

ലോകത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്നതും എന്നാൽ ഏറ്റവും കടുപ്പമേറിയതുമായ ഡാൻസ് ചാമ്പ്യൻഷിപ്പാണിത്. അതുകൊണ്ടാണ് ഇതിനെ ഒളിമ്പിക്സ് ഓഫ് ഡാൻസ് എന്ന് വിളിക്കുന്നത്. റോയൽ ബീസ്റ്റ് എന്നാണ് ലിയാൻഡോവിന്റെ ടീമിന്റെ പേര്. 50 രാജ്യങ്ങളിൽ നിന്നുള്ള നാലായിരം പ്രമുഖ നർത്തകർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ച്ച അമ്മ ആശയോടൊപ്പം ലിയാന്‍ഡോ കണ്ണൂരിലെ വീട്ടിലെത്തിയെങ്കിലും പരിശീലനത്തിനായി പെട്ടെന്ന് മടങ്ങേണ്ടി വന്നു. ലിയാന്‍ഡോയുടെ ഈ അവിസ്മരണീയ നേട്ടത്തില്‍ ഏറ്റവും ആഹ്ലാദിക്കുന്നത് സിവില്‍ പോലീസ് ഓഫീസറായിരുന്ന സുശീല്‍ റെയ്‌നറാണ്. പേരക്കുട്ടിയുടെ നേട്ടത്തില്‍ അമ്മൂമ്മ ശോഭ സ്റ്റാന്‍ലിക്കും ഒത്തിരി സന്തോഷമുണ്ട്. അവധിയെടുത്ത് റെയ്നറും ഒമാനിലുണ്ടായിരുന്നു. ലിയാൻഡോയുടെ സഹോദരി ലിയാന റെയ്നറും ഒമാനിലുണ്ടായിരുന്നു. ഇപ്പോൾ കോയമ്പത്തൂരിൽ പഠിക്കുന്നു.

 

Print Friendly, PDF & Email

Leave a Comment

More News