അൽ സവാഹിരിയെ വധിച്ച മിസൈല്‍ ഡ്രോണുകള്‍ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കൂടുതൽ കരുത്ത് പകരാൻ അമേരിക്കയില്‍ നിന്ന് അത്യാധുനിക മിസൈല്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു.

30 MQ-9B Predator സായുധ ഡ്രോണുകൾ വാങ്ങുന്നതിന് യുഎസുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. മൂന്നു ബില്യൺ ഡോളർ, അതായത് ഏകദേശം 22,000 കോടി രൂപയുടെ കരാറാണിതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് എൽഎസിയിൽ മാത്രമല്ല ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കും.

കരാർ പ്രകാരം 30 ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. MQ-9B-യും MQ-9 റീപ്പറിന്റെ ഒരു വകഭേദമാണ്. ഇതുപയോഗിച്ചാണ് അഫ്ഗാനിസ്ഥാനില്‍ അൽ-ഖ്വയ്ദ തലവൻ അൽ സവാഹിരിക്ക് നേരെ അമേരിക്ക ഹെൽഫയർ മിസൈലുകൾ പ്രയോഗിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് കാബൂളിൽ അൽ-ഖ്വയ്ദ തലവൻ കൊല്ലപ്പെട്ടത്.

ഇന്ത്യയും യുഎസും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. യുഎസ് ആസ്ഥാനമായ ജനറൽ അറ്റോമിക്സ് കമ്പനിയാണ് ഈ ഡ്രോൺ നിർമ്മിക്കുന്നത്.

പദ്ധതിയുടെ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ജനറൽ അറ്റോമിക്സ് ഗ്ലോബൽ കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഡോ. വിവേക് ​​ലാൽ പറഞ്ഞു. വില സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇതിന് പുറമെ ആയുധ പാക്കേജ്, സാങ്കേതിക വിദ്യ എന്നിവയെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഏപ്രിലിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ടു പ്ലസ് ടു ചർച്ചയിലും ഈ ഇടപാട് ചർച്ചയായതായി റിപ്പോർട്ടുകൾ പറയുന്നു.

ഇരു സർക്കാരുകളും തമ്മിലുള്ള ചർച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അവരോട് ചോദിക്കണമെന്ന് ലാല്‍ പറഞ്ഞു. കമ്പനിയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയെ പൂർണമായി പിന്തുണയ്ക്കാൻ ജനറൽ അറ്റോമിക്സ് തയ്യാറാണ്. മൂന്ന് സൈന്യങ്ങൾക്കും ഈ ഡ്രോൺ ഉപയോഗിക്കാനാകും. ഉയർന്ന പ്രദേശങ്ങളിൽ പോലും 35 മണിക്കൂർ വായുവിൽ തങ്ങിനിൽക്കാനും ഹെൽഫയർ മിസൈലുകൾ വിക്ഷേപിക്കാനും ഇതിന് കഴിയും. കൂടാതെ, 450 കിലോഗ്രാം ഭാരമുള്ള ബോംബുകളും ഇടാം.

MQ-9B-യുടെ രണ്ട് വകഭേദങ്ങളുണ്ട്. ഒന്ന് സ്കൈ ഗാർഡിയൻ, മറ്റൊന്ന് സീ ഗാർഡിയൻ. തീരപ്രദേശങ്ങളിലെ സുരക്ഷയ്ക്കുള്ള ആയുധ പാക്കേജും സാങ്കേതിക വിദ്യയും സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. 2020ൽ ഇന്ത്യൻ നാവികസേന സീ ഗാർഡിയൻ ഡ്രോൺ കമ്പനിയിൽ നിന്ന് പാട്ടത്തിനെടുത്തിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News