രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് 49-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് തലമുറകൾ അതിന് സാക്ഷ്യം വഹിക്കും. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ജസ്റ്റിസ് യു യു ലളിതിന്റെ മയൂർ വിഹാർ ഫ്ലാറ്റിൽ നിന്നാരംഭിച്ച പ്രൊഫഷണൽ ജീവിതം ഇപ്പോൾ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിലെ സത്യപ്രതിജ്ഞാ ചടങ്ങിലെത്തി.

1957 നവംബര്‍ 9-നാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ ജനനം. പിതാവും മുൻ ജഡ്ജിയുമായിരുന്ന യു ആർ ലളിതിന്റെ പാത പിൻതുടർന്നാണ് നിയമ പഠനത്തിന്റെ പടി കയറുന്നത്. പ്രാക്ടീസ് തുടങ്ങിയ മൂന്നാമത്തെ വർഷം തട്ടകം ദില്ലിക്ക് മാറ്റി. 2004-ല്‍ സുപ്രീം കോടതിയിൽ സീനിയര്‍ അഭിഭാഷകന്‍ ആയി.

ഇതിനിടയില്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ജൂനിയറായി ദീര്‍ഘനാൾ പ്രാക്ടീസും ചെയ്തു. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. സുപ്രീം കോടതിയിൽ അഭിഭാഷകനിരിക്കെ അതെ കോടതിയിൽ ജഡ്ജിയായി പിന്നീട് ചീഫ് ജസ്റ്റിസാകുവെന്ന രണ്ടാമത്തെ വ്യക്തിയാണ് ലളിത്. ചീഫ് ജസ്റ്റിസായിരുന്ന എസ്.എം. സിക്രിയാണ് ലളിതിന് മുൻപ് സമാനരീതിയിൽ ഈ പദവിയിലെത്തിയത്.

സുപ്രീം കോടതി ജഡ്ജിയാകുന്നതിന് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകൻ കൂടിയായിരുന്നു ലളിത്. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ അദ്ദേഹമായിരുന്നു. 2ജി സെപക്ട്രം കേസിൽ പബ്ലിക് പ്രോസിക്യുട്ടറായിരുന്നു. ജഡ്ജിയായിരിക്കെ മുത്തലാഖ്, ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിൻറെ ബഞ്ചിൽ നിന്നുണ്ടായി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതും ജസ്റ്റിസ് ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ്. മുഖ്യമന്ത്രി പിണറായി വിജയന് നിർണ്ണായകമായ ലാവലിൻ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ, തന്റെ വ്യത്യസ്തമായ ശൈലികൊണ്ട് അഭിഭാഷകരംഗത്ത് അദ്ദേഹം മികച്ച ക്രിമിനൽ അഭിഭാഷകനായി വ്യക്തിമുദ്ര പതിപ്പിച്ചു. സൗമ്യമായ വ്യക്തിത്വമുള്ള ഒരു മൃദുഭാഷി തന്റെ അതിരുകടന്ന വാദങ്ങൾ കൊണ്ട് എങ്ങനെ കേസും ഹൃദയവും നേടുന്നുവെന്ന് അദ്ദേഹം തെളിയിച്ചു. നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും സ്ഥിരതയുള്ള വ്യക്തിത്വവും നിയമത്തിന്റെ സങ്കീർണതകൾ വിശദീകരിക്കുന്ന ലളിതമായ ശൈലിയും ജസ്റ്റിസ് ലളിതിനെ ജനക്കൂട്ടത്തിൽ നിന്ന് വ്യത്യസ്തനാക്കി. ജസ്റ്റിസ് ലളിതിന്റെ 90 കാരനായ പിതാവ് ഉമേഷ് രംഗനാഥ് ലളിതും കുടുംബത്തിലെ ഏറ്റവും ഇളയ അംഗങ്ങളെന്ന നിലയിൽ കൊച്ചുമക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പൊതുജനങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്.

രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് ലളിതിന്റെ കുടുംബം ഒരു നൂറ്റാണ്ടിലേറെയായി, അതായത് നിരവധി തലമുറകളായി നിയമത്തിലും നിയമശാസ്ത്രത്തിലും പണ്ഡിതരായിരുന്നു. ജസ്റ്റിസ് ലളിതിന്റെ മുത്തച്ഛൻ രംഗനാഥ് ലളിത് മഹാരാഷ്ട്രയിലെ സോലാപൂരിൽ വക്കീൽ പ്രാക്ടീസ് ചെയ്തു, അച്ഛൻ ഉമേഷ് രംഗനാഥ് ലളിത് സോലാപൂരിൽ നിന്നാണ് പ്രാക്ടീസ് തുടങ്ങിയത്. മുംബൈയിലും മഹാരാഷ്ട്രയിലും നിയമരംഗത്ത് പേരെടുത്ത അദ്ദേഹം പിന്നീട് മുംബൈ ഹൈക്കോടതിയിൽ ജഡ്ജിയായി.

എന്നാല്‍, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ ഭാര്യ അമിത ഉദയ് ലളിതിന്റെ പ്രൊഫഷണൽ ജീവിതം അഭിഭാഷകവൃത്തിയുമായി ബന്ധപ്പെട്ടതല്ല. തൊഴിൽപരമായി ഒരു വിദ്യാഭ്യാസ വിദഗ്ധയായ അവർ പതിറ്റാണ്ടുകളായി നോയിഡയിൽ കുട്ടികളുടെ സ്കൂൾ നടത്തുന്നു. ജസ്റ്റിസ് ലളിതിന്റെ മൂത്തമകൻ ശ്രേയസും ഭാര്യ രവീണയും പ്രൊഫഷണൽ അഭിഭാഷകരാണ്. ഗുവാഹത്തിയിലെ ഐടിഐയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷമാണ് ശ്രേയസ് അഭിഭാഷകവൃത്തി തിരഞ്ഞെടുത്തത്. ഇളയമകൻ ഹർഷാദ് ഭാര്യ രാധികയ്‌ക്കൊപ്പം അമേരിക്കയിൽ പ്രൊഫഷണൽ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

 

Print Friendly, PDF & Email

Leave a Comment

More News