സതേൺ സോണൽ കൗൺസിൽ യോഗം ഒമ്പത് പ്രശ്നങ്ങൾ പരിഹരിച്ചു

തിരുവനന്തപുരം: മയക്ക് മരുന്നിനെതിരെ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലും നാർക്കോ കോഓർഡിനേഷൻ സെന്ററിന്റെ (എൻ‌സി‌ആർ‌ഡി) പതിവായി മീറ്റിംഗുകൾ നടത്താനും നടപടികൾ ജില്ലാതലത്തിലേക്ക് കൊണ്ടുപോകാനും അദ്ദേഹം ഊന്നൽ നൽകി. ശനിയാഴ്ച നടന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 30-ാമത് യോഗത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

30-ാമത് സോണൽ കൗൺസിൽ യോഗം 26 വിഷയങ്ങൾ ചർച്ച ചെയ്തതിൽ ഒമ്പത് കാര്യങ്ങൾ പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. അതേസമയം, 17 വിഷയങ്ങൾ കൂടുതൽ പരിഗണനയ്‌ക്കായി നീക്കി വെച്ചു, അതിൽ ഒമ്പതെണ്ണം ആന്ധ്രാപ്രദേശ് പുനഃസംഘടനയുമായി ബന്ധപ്പെട്ടവയാണ്. കൗൺസിലിലെ എല്ലാ അംഗ സംസ്ഥാനങ്ങളോടും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് സംയുക്ത പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

12 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികൾക്ക് ക്യുആർ സൗകര്യമുള്ള പിവിസി ആധാർ കാർഡുകൾ നൽകിയിട്ടുണ്ടെന്നും ഷാ പറഞ്ഞു. ഇത് തീരദേശ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് അംഗീകാരം നൽകുക മാത്രമല്ല, തീരദേശ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം, കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാർ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർമാർ, ലക്ഷദ്വീപ്/ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ അഡ്മിനിസ്ട്രേറ്റർ, സതേൺ സോണൽ കൗൺസിൽ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളിൽ പുതിയ നിയമങ്ങളെക്കുറിച്ച് വിപുലമായ കൂടിയാലോചനകൾ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. “മത്സരങ്ങൾ ഉണ്ടാകാം, പക്ഷേ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായവ്യത്യാസത്തിന്റെ മേഖലകളെ ചുരുക്കിക്കൊണ്ട് സമവായം ഉയർന്നുവരാനാകും. ആരോഗ്യകരമായ ഫെഡറൽ ജനാധിപത്യത്തിന്റെ സത്ത ഇതാണ്, ”അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News