മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കൾ പോലീസില്‍ കീഴടങ്ങി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ആക്രമികളെന്ന് സംശയിക്കുന്ന ഡിവൈഎഫ്ഐ നേതാക്കൾ കീഴടങ്ങി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ, രാജേഷ്, ആഷിൻ, മുഹമ്മദ് ഷബീർ ഉള്‍പ്പടെയുള്ളവരാണ് കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു.

കീഴടങ്ങിയ ഇവരെ മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ഡിവൈഎഫ്ഐ സംഘം അക്രമം അഴിച്ചുവിട്ടിരുന്നു. അനുവാദമില്ലാതെ ഡിവൈഎഫ്ഐ നേതാവും കുടുംബവും ആശുപത്രിയിൽ പ്രവേശിക്കാൻ ശ്രമിച്ചത് തടഞ്ഞതിനെത്തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ക്രൂര മർദനമേറ്റത്.

മൂന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മറ്റൊരു സംഘമെത്തിയാണ് ജീവനക്കാരെ ക്രൂരമായി മർദിച്ചത്. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകനും പാർട്ടി പ്രവർത്തകരുടെ മർദനമേറ്റിരുന്നു. സംഭവത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് പ്രതി പട്ടികയിൽ ചേർത്തത്.

കേസിലെ മുഖ്യനും ഡിവൈഎഫ്ഐ നേതാവുമായ കെ അരുണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. കെ അരുൺ ആരോഗ്യ വകുപ്പിനു കീഴിലുള്ള കരാർ ജീവനക്കാരനാണെന്നാണ് വിവരം. മെഡിക്കൽ സർവീസ് കോർപറേഷന്റെ കീഴിലുള്ള വെയർഹൗസിലെ പാക്കിങ് വിഭാഗത്തിലായിരുന്നു അരുണിന്റെ ജോലി. എന്നാൽ, മാസങ്ങളായി അരുൺ ജോലിക്ക് വരുന്നില്ലെന്ന് മാനേജർ വിശദീകരിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News