കാസര്‍ഗോഡിന്റെ ഐശ്വര്യമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ നിറകുംഭത്തിലെ ചിങ്ങ വെള്ളം

കാസര്‍ഗോഡ്: പൊന്നിന്‍ ചിങ്ങത്തെ വരവേല്പ് നല്‍കി കാസര്‍ഗോഡ് ജില്ലയില്‍ ചിങ്ങജലം. ഓണക്കാലത്ത് കാസർഗോട് ജില്ലയിൽ മാത്രം കണ്ടുവരുന്ന ഒരു ആചാരമാണിത്. രാവിലെ ആദ്യം കിണറ്റിൽ നിന്ന് കോരിയെടുക്കുന്ന വെള്ളം വൃത്തിയുള്ള കിണ്ടിയിൽ ഒഴിച്ച് എല്ലാ ദിവസവും വീട്ടിൽ സൂക്ഷിക്കുന്ന വെള്ളമാണ് ചിങ്ങവെള്ളം.

കിണറ്റിൽ നിന്ന് കോരിയെടുക്കുന്ന വെള്ളം ആദ്യം സൂര്യന് നേരെ മൂന്ന് തവണ തർപ്പണം ചെയ്ത ശേഷം കഴുകി വൃത്തിയാക്കിയ കിണ്ടിയിൽ നിറയ്ക്കുന്നു. അതിൽ തുമ്പപ്പൂവും തുളസിയും ഇട്ട് ഒരു ചെറിയ താളിയില പറിച്ചെടുത്ത് കിണ്ടിയുടെ വായ് ഭാഗം പൊതിയുന്നു. ഭക്തിനിർഭരമായി നിറകുംഭം പടിഞ്ഞാറ്റയില്‍ എത്തിച്ച് ചടങ്ങുകൾ ആരംഭിക്കും.

സൂര്യദേവനെ വരവേൽക്കുന്ന ആചാരമായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. ചിങ്ങ മാസത്തിലെ സൂര്യന്‍ ബലവാനാണെന്നാണ് വിശ്വാസം. സൂര്യന്‍റെ സ്വന്തം ക്ഷേത്രമായിട്ടാണ് ചിങ്ങമാസത്തെ ജ്യോതിഷികള്‍ പറയുന്നത്. സൂര്യനെ ഏറ്റവും തെളിഞ്ഞ് മനോഹരിയായി കാണപ്പെടുന്നതും ചിങ്ങ മാസത്തിലാണ്.

സൂര്യന് മൃതസഞ്ജീവനി ധർമമുണ്ടെന്ന് പഴമക്കാർ പറയുന്നു. ചിങ്ങമാസത്തിലെ ഉദയസൂര്യന്‍റെ രശ്‌മി ഏൽക്കുന്ന വെള്ളം ഏറ്റവും പരിശുദ്ധമായിരിക്കും അത് രോഗാണു വിമുക്തമായിരിക്കും. സൂര്യ രശ്‌മികളേറ്റ ഈ വെള്ളം ശരീരത്തില്‍ ഒഴിച്ചാല്‍ ശരീരത്തിലേറ്റ മുറിവുകൾ പോലും സുഖപ്പെടുമെന്നുമാണ് വിശ്വാസം.

ചിങ്ങം ഒന്നു മുതൽ മാസാവസാനം വരെ എല്ലാ പ്രഭാതങ്ങളിലും പടിഞ്ഞാറ്റയില്‍ ചിങ്ങ വെള്ളം ഈ രീതിയിൽ തയ്യാറാക്കി വെയ്ക്കും. മാസാവസാനം വരെ വീട്ടിൽ സൂക്ഷിക്കുന്ന ഈ ജലം ഐശ്വര്യത്തിന്റെ പ്രതീകമാണെന്നാണ് വിശ്വാസം.

Print Friendly, PDF & Email

Leave a Comment

More News