ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായയാണ് അഭിരാമിയെ കടിച്ചതെന്ന് അമ്മ

പത്തനംതിട്ട: തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം. അഭിരാമിയെ വളർത്തുനായയാണ് കടിച്ചതെന്ന് അമ്മ രജനി പറയുന്നു. ഈ ജർമൻ ഷെപ്പേർഡ് നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നു. അങ്ങനെയൊരു തെരുവുനായ തങ്ങളുടെ ചുറ്റുവട്ടത്ത് ഇല്ലെന്നും അഭിരാമിയുടെ അമ്മ പറഞ്ഞു.

നായ കടിച്ച മകളെ കൊണ്ടുവരുമ്പോൾ റാന്നി പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഡോക്ടർ പരുക്കിന്റെ ഗൗരവം തിരിച്ചറിഞ്ഞില്ലെന്നും കുടുംബം ആരോപിച്ചു.

കുട്ടിയുടെ അച്ഛൻ തന്നെയാണ് സോപ്പ് വാങ്ങിക്കൊണ്ടു വന്ന് മുറിവ് കഴുകിയത്. നാല് മണിക്കൂറിനുള്ളിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, തെരുവ് നായയല്ല കടിച്ചതെന്നും വൈറസ് ബാധിച്ച നായയെ ആരോ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണെന്നും കുട്ടിയുടെ അമ്മ പറയുന്നു.

ഓഗസ്റ്റ് 13ന് രാവിലെ അയല്‍വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോയ അഭിരാമിയെ റോഡില്‍ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ മൂന്ന് ഡോസ് വാക്‌സിനെടുത്തു. നാലാമത്തേത് ഈ മാസം പത്തിനായിരുന്നു. അതിനിടെ ആരോഗ്യനില മോശമായി. ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ കുട്ടി തീർത്തും അവശനിലയിലായി. വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

മൈലപ്ര സേക്രഡ് ഹാർട്ട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അഭിരാമി. മൂന്ന് ഡോസ് വാക്സിൻ കുത്തിവെച്ചിട്ടും കുട്ടിയുടെ ആരോഗ്യനില മോശമായതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മരുന്നിന്റെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. അഭിരാമിയുടെ സംസ്കാരം നാളെ നടക്കും.

Print Friendly, PDF & Email

Leave a Comment

More News