കൊക്കൂൺ കോൺഫറൻസ്; ഹാക്കിംഗ് മത്സരത്തിൽ അമൃത വിശ്വ വിദ്യാപീഠം ടീം ജേതാക്കൾ

കൊല്ലം: കൊച്ചിയിൽ നടന്ന ‘കൊക്കൂൺ’ സൈബർ സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹാക്കിങ് മത്സരത്തിൽ അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാർത്ഥികളുടെ ടീം ജേതാക്കളായി. അമൃത ടീം ബയോസ് അംഗങ്ങളും, അമൃതപുരി കാമ്പസിലെ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുമായ ആദിത്യ സുരേഷ് കുമാർ, രോഹിത് നാരായണൻ എന്നിവരടങ്ങുന്ന റെഡ് ചില്ലീസ് ടീമാണ് ജേതാക്കളായത്. സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്ക് സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടിയിൽ നിന്ന് ഇരുവരും ചേർന്ന് ഏറ്റു വാങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 64 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

അഡ്വേഴ്‌സറി വാർസ് സിടിഎഫ് മത്സരത്തിൽ അമൃതപുരി കാമ്പസിലെ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും ടീം ബയോസ് അംഗവുമായ എം.യദുകൃഷ്ണ ജേതാവായി. കേരള പോലീസിന്റെ സൈബർ ഡോം വിഭാഗവും സൈബർ സെക്യൂരിറ്റി രംഗത്തുനിന്നുള്ള ബീഗിൾ സെക്യൂരിറ്റിയും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. പ്രധാനപ്പെട്ട വെബ്‌സൈറ്റുകളിൽ നെറ്റ്‌വർക്കിലെ പിഴവുകൾ ഉപയോഗപ്പെടുത്തി ഹാക്കർമാർ നുഴഞ്ഞു കയറുന്നത് ഒഴിവാക്കാൻ എത്തിക്കൽ ഹാക്കർമാർക്ക് ഈ പിഴവുകൾ നേരത്തെ തന്നെ കണ്ടെത്താൻ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്. 2010 മുതൽ ദേശീയ തലത്തിൽ നിരവധി ദേശീയ, അന്തർദേശീയ സൈബർ സുരക്ഷാ മത്സരങ്ങളിൽ അമൃതയുടെ സിടി ടീം മികവ് തെളിയിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News