ഹൗസിൽ വിജയിച്ചാൽ ബൈഡനെ ഇംപീച്ച് ചെയ്യാൻ റിപ്പബ്ലിക്കൻമാര്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരും: നാന്‍സി മേസ്

വാഷിംഗ്ടണ്‍: നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ പരാജയപ്പെടുകയും ജിഒ‌പി ഹൗസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്താൽ, റിപ്പബ്ലിക്കൻമാർ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഇംപീച്ച് ചെയ്യാനുള്ള സമ്മർദ്ദം നേരിടേണ്ടിവരുമെന്ന് സൗത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി നാൻസി മേസ് പറയുന്നു. എൻബിസി “മീറ്റ് ദ പ്രസ്” മോഡറേറ്റർ ചക്ക് ടോഡിന്റെ ഇംപീച്ച്‌മെന്റ് വോട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മേസ്.

ബൈഡന്റെ ഇംപീച്ച്‌മെന്റിൽ താൻ വോട്ട് ചെയ്യുമോ എന്ന് മേസ് പറഞ്ഞില്ല. എന്നാൽ, 2021 ൽ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് താൻ വോട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. കാരണം അതിന്റെ “നടപടി ക്രമങ്ങള്‍” പാലിച്ചില്ല എന്നും അവര്‍ കൂട്ടിച്ചേർത്തു.

“ആർക്കെങ്കിലും വേണ്ടി നടപടിക്രമങ്ങൾ ഇല്ലാതാക്കിയതായി എനിക്ക് തോന്നിയാല്‍ ഒരു പ്രസിഡന്റിനെയും ഇംപീച്ച് ചെയ്യുന്നതിനായി ഞാൻ വോട്ട് ചെയ്യില്ല. ആരാണ് അധികാരത്തിലിരിക്കുന്നതെന്നത് പരിഗണിക്കാതെ തന്നെ ഞാൻ സാധാരണയായി ഭരണഘടനാപരമായി വോട്ടു ചെയ്യുന്നു,” അവർ ടോഡിനോട് പറഞ്ഞു.

“ശരിയായ കാര്യങ്ങള്‍ ദീർഘകാലത്തേക്ക് ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഇത് ഇന്നോ നാളെയോ അല്ലെങ്കില്‍ ഈ വര്‍ഷത്തേക്കോ ഉള്ള തിരഞ്ഞെടുപ്പല്ല, ഇത് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ളതാണ്. നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്നതിനാണ്,” അവര്‍ പറഞ്ഞു.

ബൈഡനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളിൽ തീവ്ര വലതുപക്ഷ ജോർജിയ പ്രതിനിധി മാർജോറി ടെയ്‌ലർ-ഗ്രീനും ഉൾപ്പെടുന്നു. അവര്‍ 2021 ൽ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു. ബൈഡൻ തന്റെ പ്രസിഡന്റ് അധികാരം ദുരുപയോഗം ചെയ്‌ത് തന്റെ മകൻ ഹണ്ടറിനെ ചൈനയുമായുള്ള നിഗൂഢമായ ബിസിനസ്സ് ഇടപാടുകൾ സുഗമമാക്കാൻ സഹായിക്കുന്നുവെന്ന് പ്രമേയത്തില്‍ വാദിച്ചു.

“അമേരിക്കയോടുള്ള പ്രതിബദ്ധത” എന്ന് വിളിക്കപ്പെടുന്ന റിപ്പബ്ലിക്കൻമാർ സഭയിൽ ഭൂരിപക്ഷം നേടിയാൽ അവരുടെ അജണ്ടയുടെ ഒരു രൂപരേഖ കഴിഞ്ഞ ആഴ്ച ഹൗസിൽ പുറത്തിറക്കിയിരുന്നു.

കോവിഡ്-19 മഹാമാരിയുടെ ഉത്ഭവത്തെയും അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പിൻവാങ്ങൽ ബൈഡൻ ഭരണകൂടം കൈകാര്യം ചെയ്ത രീതിയേയും പരാമർശിച്ച് “സർക്കാർ അധികാര ദുർവിനിയോഗവും അഴിമതിയും നിയന്ത്രിക്കുന്നതിന് കർശനമായ മേൽനോട്ടം” നടത്തണമെന്ന് റിപ്പബ്ലിക്കന്മാരുടെ അജണ്ട നിർദ്ദേശിക്കുന്നു.

ലാംഗർ റിസർച്ച് അസോസിയേറ്റ്‌സ് തയ്യാറാക്കിയതും ഞായറാഴ്ച പ്രസിദ്ധീകരിച്ചതുമായ എബിസി ന്യൂസ്-വാഷിംഗ്ടൺ പോസ്റ്റ് വോട്ടെടുപ്പ്, യുഎസ് വോട്ടർമാരിൽ മൂന്നിൽ രണ്ട് പേരും നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പുകളേക്കാള്‍ പ്രധാനമാണെന്ന് കരുതുന്നു.

67 ശതമാനം വോട്ടർമാരും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇടക്കാല്‍ തിരഞ്ഞെടുപ്പ് ബാലറ്റ് രേഖപ്പെടുത്തുന്നത് കൂടുതൽ പ്രധാനമാണെന്ന് അഭിപ്രായപ്പെടുന്നു. 35 ശതമാനം പേർ ഈ വർഷം “വളരെ” കൂടുതൽ പ്രധാനമാണെന്ന് അഭിപ്രായപ്പെടുന്നു.

അതേസമയം, 28 ശതമാനം വോട്ടർമാർ ഈ വർഷത്തെ തിരഞ്ഞെടുപ്പിന് മുൻ വർഷങ്ങളിലെ അതേ പ്രാധാന്യമാണുള്ളതെന്ന് വിശ്വസിക്കുന്നു. 5 ശതമാനം പേരാകട്ടേ ഇത് പ്രാധാന്യം കുറഞ്ഞതാണെന്ന് അഭിപ്രായപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News