ഡോ. എം കെ മുനീറിന് യുഎ‌ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു; കേരളത്തിലെ രാഷ്ട്രീയക്കാരന് ലഭിക്കുന്ന ആദ്യത്തെ വിസ

ദുബൈ: ദീർഘകാല താമസത്തിനുള്ള അവസരങ്ങൾക്കായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഏര്‍പ്പെടുത്തിയിട്ടുള്ള ഗോൾഡൻ വിസ ഡോ.എം.കെ മുനീറിനും ലഭിച്ചു.

ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയക്കാരന് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) മുതിർന്ന നേതാവായ എം കെ മുനീർ കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തിലെ പുരോഗമന മുഖങ്ങളിൽ ഒരാളാണ്.

ഡോക്ടറായി മാറിയ മുനീർ, പ്രസാധകൻ, സാമൂഹിക സംരംഭകൻ, കാർട്ടൂണിസ്റ്റ്, ചിത്രകാരൻ, പിന്നണി ഗായകൻ എന്നീ നിലകളിലും പ്രശസ്തനാണ്. തനിക്ക് ലഭിച്ച “ബഹുമാനത്തിനും പദവിക്കും” മുനീര്‍ യു എ ഇ യോട് നന്ദി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്….

“യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചതിന്റെ സന്തോഷം എന്റെ എല്ലാ സ്നേഹജനങ്ങളുമായും പങ്കുവെക്കുന്നു. അനുദിനം ലോകത്തിന്റെ നെറുകയിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന ഏറ്റവും സുന്ദരമായ ഒരു രാജ്യമാണ് യുഎഇ. സ്നേഹമെന്ന വികാരം എത്ര മനോഹരമായാണ് ഇമറാത്തികൾ പ്രകടിപ്പിക്കുന്നത്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ചേർത്തുനിർത്തുന്ന യുഎഇ ലോകത്തിന് മാതൃകയാണ്. ഗോൾഡൻ വിസ ലഭിച്ചതിൽ യുഎഇ ഭരണാധികാരികൾക്കും യുഎഇക്കാരായ സഹോദരങ്ങൾക്കും എന്റെ കടപ്പാടും സ്നേഹവും അറിയിക്കുന്നു. പ്രിയ സുഹൃത്ത്‌ നെയീം മൂസ എന്റെ സഹോദര തുല്യനായ സെമീർ മഹമൂദ്‌ മനാസ് ഉൾപ്പെടെയുള്ളവർ എന്നോട് കാണിക്കുന്ന സ്നേഹവും താൽപ്പര്യവും ഞാൻ ഏറെ വിലമതിക്കുന്നു,” അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

“യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ അഭിമാനിക്കുന്നു. പുതിയ ഉയരങ്ങൾ കൈവരിക്കുന്നതിലും നാഴികക്കല്ലുകൾ സൃഷ്ടിക്കുന്നതിലും യു.എ.ഇ ലോക രാജ്യങ്ങൾക്ക് മാതൃകയാണ്. താമസക്കാരോടും സന്ദർശകരോടും എമിറാത്തികൾ കാണിക്കുന്ന ആതിഥ്യവും കരുതലും അതിശയകരവും സമാനതകളില്ലാത്തതുമാണ്, ”മുനീർ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങളിലൂടെ പരസ്പരം സമ്പന്നമാക്കുന്നതിനും ഞാൻ എന്റെ കഴിവിനനുസരിച്ച് എല്ലാം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ വിദേശികൾക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും യുഎഇ മെയിൻലാൻഡിലെ അവരുടെ ബിസിനസിന്റെ 100 ശതമാനം ഉടമസ്ഥതയോടും കൂടി 2019-ൽ യുഎഇ സർക്കാർ ഏര്‍പ്പെടുത്തിയതാണ് ഗോൾഡൻ വിസ.

വിസകൾ 5 അല്ലെങ്കിൽ 10 വർഷത്തേക്ക് സാധുതയുള്ളതും യാന്ത്രികമായി പുതുക്കപ്പെടുന്നതുമാണ്.

ഈ മാസമാദ്യം ഗോൾഡൻ വിസയുടെ നിയമങ്ങൾ ലളിതമാക്കുകയും കൂടുതൽ ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനായി ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. ഒക്ടോബർ മൂന്നിന് പുതിയ ചട്ടങ്ങൾ നിലവിൽ വരും.

 

Print Friendly, PDF & Email

Leave a Comment

More News