ഝാർഖണ്ഡിൽ ആരാധനാലയത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

റാഞ്ചി: ഝാർഖണ്ഡിലെ ഗർവായിൽ ദുർഗാപൂജ ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ജില്ലയിലെ ചിനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ സറൈദോഹർ ഗ്രാമത്തിലെ ദേവതാ വിഗ്രഹങ്ങൾക്ക് സമീപം നിന്നാണ് പെൺകുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരോടും പറയരുതെന്ന് താക്കീത് നൽകിയാണ് കുറ്റവാളികള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്.

ഞായറാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ ആരാധനാലയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടി കാണാൻ പോയതായിരുന്നുവെന്നാണ് ഇരയുടെ മൊഴി. രാത്രി 12 മണിയോടെ പരിപാടി അവസാനിച്ചപ്പോൾ ഗ്രാമത്തിലെ രണ്ട് യുവാക്കൾ പെണ്‍കുട്ടിയെ ആരാധനാലയത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി. 200 മീറ്ററോളം അകലെയുള്ള വയലിലേക്ക് കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തു എന്നു പറയുന്നു.

തന്നെ ബലമായി വലിച്ചിഴക്കുമ്പോൾ മറ്റ് അഞ്ചാറു പേർ അവിടെയുണ്ടായിരുന്നുവെന്നും എന്നാൽ സഹായത്തിനായി നിലവിളിച്ചിട്ടും ആരും സഹായിച്ചില്ലെന്നും ഇര പറഞ്ഞു. ഏകദേശം നാല് മണിക്കൂറിന് ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. തനിക്കുണ്ടായ ദുരനുഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നു കുട്ടി പറഞ്ഞു. പരിക്കേറ്റ നിലയിലാണ് ഇര വീട്ടിലെത്തിയത്.

ഇന്ന് രാവിലെ പെൺകുട്ടി മാതാപിതാക്കളോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതി ലഭിച്ചയുടൻ പോലീസ് ദ്രുതഗതിയിലുള്ള നടപടി സ്വീകരിച്ചതായി ചിനിയ പോലീസ് സ്റ്റേഷൻ ഇൻചാർജ് വീരേന്ദ്ര ഹൻസ്ദ പറഞ്ഞു. കുറ്റവാളികളെന്ന് സംശയിക്കുന്ന ചാവി സിംഗ്, ലക്ഷ്മൺ സിംഗ് എന്നിവരെ അറസ്റ്റു ചെയ്തു. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്, ഇരയുടെ വൈദ്യപരിശോധന ഇന്ന് (തിങ്കളാഴ്ച) നടത്തുമെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News