വിദ്യാധൻ സ്കോളർഷിപ്പിലൂടെ വിദ്യാർത്ഥികൾക്ക് പഠനമൊരുക്കാൻ യു എസ് ടി സാമ്പത്തിക സഹായം വർധിപ്പിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാധൻ വിദ്യാഭ്യാസ സ്പോൺസർഷിപ്പിനായി നൽകുന്ന തുക രണ്ടിരട്ടിയായി ഉയർത്തി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കേരളത്തിനു പുറമേ കർണാടക, തമിഴ് നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനോടനുബന്ധിച്ച് സ്പോൺസർഷിപ്പ് തുക ഇരട്ടിയാക്കുന്നതിനായി യു എസ് ടിയും വിദ്യാധനും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഷിബുലാൽ കുടുംബത്തിന്റെ ഭാഗമായി കുമാരി ഷിബുലാലും എസ് ഡി ഷിബുലാലും ചേർന്ന് നടത്തുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷന് കീഴിലുള്ള ജീവകാരുണ്യ പദ്ധതിയാണ് വിദ്യാധൻ. 2018 ലാണ് വിദ്യാധൻ പദ്ധതിയുമായി യു എസ് ടി കൈകോർക്കുന്നത്. അതേ വർഷം കേരളത്തിൽ നിന്നുള്ള നൂറോളം എൻജിനീയറിങ് വിദ്യാർത്ഥികൾ യു എസ് ടി യുടെ സഹായത്തോടുകൂടി പഠനം പൂർത്തിയാക്കി. നാളിതുവരെ 306 ഓളം കുട്ടികളെ വിദ്യാധനിലൂടെ യു എസ് ടി സ്പോൺസർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. അതിൽ 102 കുട്ടികൾ ബിരുദ പഠനം പൂർത്തിയാക്കുകയും പഠനം പൂർത്തിയാക്കിയവരിൽ 61 ശതമാനത്തോളം വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും തൊഴിൽ നേടുകയും ചെയ്തു. 10 ശതമാനത്തോളം പേർ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുത്തപ്പോൾ 15 ശതമാനത്തോളം പേർ മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നു. വരും ദിവസങ്ങളിൽ വിദ്യാധനിലൂടെ കൂടുതൽ സംസ്ഥാനങ്ങളിലെ കൂടുതൽ കുട്ടികൾക്ക് പദ്ധതിയുടെ ഗുണം ലഭ്യമാക്കുവാൻ ഒരുങ്ങുകയാണ് യു എസ് ടി. പദ്ധതിയുടെ ഉദ്ഘാടനം 2022 ഒക്ടോബർ എട്ടിന് (ശനിയാഴ്ച) കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തുള്ള ഒ ബൈ താമര ഹോട്ടലിൽ സംഘടിപ്പിക്കുന്ന ഒരു ദിവസം നീണ്ടുനിൽക്കുന്ന പാർട്ട്ണർഷിപ്പ് ഫോർ സോഷ്യൽ ഇമ്പാക്ട് എന്ന് പേരിട്ടിരിക്കുന്ന ചടങ്ങിൽ പദ്ധതിയുടെ പങ്കാളികളും ഗുണഭോക്താക്കളും അനുഭവങ്ങൾ പങ്കുവയ്ക്കും.

കോവിഡ് മഹാമാരിക്ക് ശേഷം നേരിട്ടിരുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് വേണ്ടി വിദ്യാധൻ സംഘാടകർ ഇന്ത്യയോട്ടാകെയുള്ള സംരംഭങ്ങളോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യു എസ് ടി വിദ്യാധനിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നത്. തുടർന്നുള്ള നാലു വർഷങ്ങളിൽ ഒട്ടനവധി പദ്ധതികൾ വിദ്യാധനുമായി ചേർന്ന് നടപ്പിലാക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സഹായങ്ങൾ വിദ്യാധന് നൽകുകയും ചെയ്യുകയായിരുന്നു.

വിദ്യാഭ്യാസത്തിലൂടെ ജീവിതം നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള പദ്ധതികളാണ് യു എസ് ടി – വിദ്യാധൻ സംയുക്തമായി നടപ്പിലാക്കുന്നതെന്നും ആദ്യകാലങ്ങളിൽ കേരളത്തിൽ നിന്നുള്ള എൻജിനീയറിങ് വിദ്യാർഥികൾക്കാണ് വിദ്യാഭ്യാസ സഹായം ചെയ്തതെന്നും തുടർന്നുള്ള കാലഘട്ടത്തിൽ പദ്ധതിയുടെ കീഴിൽ ഒരുപാട് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സാധ്യമാക്കി എന്നും യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറഞ്ഞു. യു എസ് ടിയുടെ സി എസ് ആർ ടീം വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. വരുംകാലങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഫലം ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ കോർപ്പറേറ്റ്, സാമൂഹിക മേഖലകളിലുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി അവസരം ഒരുക്കേണ്ടതെന്നും, തങ്ങളുടെ ഈ പ്രവർത്തനത്തിൽ സമാനചിന്താഗതിയോടുകൂടി പ്രവർത്തിക്കുന്ന ഒരു പങ്കാളിയാണ് യു എസ് ടി എന്നും സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയായ കുമാരി ഷിബുലാൽ പറഞ്ഞു.

പരീക്ഷ, ഇന്റർവ്യൂ, മുതലായവയിലൂടെയും വീടുകൾ സന്ദർശിച്ച് കുട്ടികളുടെ അവസ്ഥ വിശകലനം ചെയ്യുന്നതിലൂടെയുമാണ് പത്താം ക്ലാസിനു ശേഷമുള്ള വിദ്യാർത്ഥികളിൽ നിന്ന് സ്കോളർഷിപ്പിന് അർഹതയുള്ളവരെ കണ്ടെത്തുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്ന വിദ്യാർത്ഥികളിലേക്ക് നേരിട്ട് തന്നെ സ്കോളർഷിപ്പ് തുക പൂർണമായും എത്തുന്നു എന്നത് വിദ്യാധൻ സ്കോളർഷിപ്പിന്റെ സവിശേഷതയാണ്. സാമ്പത്തിക സഹായത്തിന് പുറമേ കുട്ടികളെ തിരഞ്ഞെടുക്കുന്നതിലും മറ്റു മാർഗ്ഗനിർദേശം നൽകുന്നതിലും ട്രെയിനിങ് പ്രക്രിയയിലും യു എസ് ടിയുടെ സഹായമുണ്ട്. അത്തരത്തിലുള്ള ഒരു വിജയകരമായ സംരംഭമാണ് അവസാന വർഷ വിദ്യാർത്ഥികൾക്കായി യു എസ് ടി ഒരുക്കുന്ന ക്രിസാലിസ് പ്രോഗ്രാം എന്ന എംപ്ലോയബിലിറ്റി സോഫ്റ്റ് ട്രെയിനിങ് പദ്ധതി.

പതിന്നാലു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാധൻ പദ്ധതിക്ക് സ്പോൺസർഷിപ്പ് പോലെ തന്നെ അനിവാര്യമാണ് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുകയെന്നും അത്തരത്തിലുള്ള മാർഗ്ഗനിർദ്ദേശവും സ്പോൺസർഷിപ്പുമാണ് യു എസ് ടി യിൽ നിന്നും ലഭിക്കുന്നതെന്നും സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ട്രസ്റ്റി എസ് ഡി ഷിബുലാൽ അറിയിച്ചു. ഇത്തരത്തിൽ സ്പോൺസർഷിപ്പിലൂടെ പുറത്തുവരുന്ന ഒട്ടുമിക്ക കുട്ടികൾക്കും സ്പോൺസർഷിപ്പ് തുകയുടെ മൂന്നിരട്ടിയോളം ആദ്യത്തെ ശമ്പളമായി ലഭിക്കുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News