വടക്കഞ്ചേരി ബസ്സപകടം: ഡ്രൈവർ ജോജോയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്ത് അപകടസ്ഥലത്ത് തെളിവെടുപ്പ് നടത്തി

പാലക്കാട്: വടക്കാഞ്ചേരി ബസ്സപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ ബസ് ഡ്രൈവര്‍ എറണാകുളം പെരുമ്പടവം സ്വദേശി ജോജോ പത്രോസിനെതിരെ (48) നരഹത്യക്ക് കേസെടുത്തു. ഇയാളെ അപകടസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കൊലപാതകം, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കായിരുന്നു ആദ്യം കേസ്. വ്യാഴാഴ്ച (ഒക്ടോബർ 6) രാത്രി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്പി ആർ. അശോക് പറഞ്ഞു.

വാഹനത്തിൽ 42 കുട്ടികളുണ്ടെന്ന് അറിഞ്ഞിട്ടും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ജോജോവിനെതിരെ 304-ാം വകുപ്പ് (നരഹത്യ) കൂടി ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി ജോജോ ഓടിച്ച ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്.

അപകടശേഷം ഒളിവിൽ പോയ ഇയാളെ കൊല്ലം ചവറയിൽ നിന്നാണ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ കസ്റ്റഡിയിലെടുത്തത്‌. അപകടത്തിന് ശേഷം മുൻകൂർ ജാമ്യാപേക്ഷക്കായി വക്കീലിനെ കാണാൻ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വക്കീലിനെ കണ്ടശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ഉദ്ദേശം. അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ്‌ അപകടമുണ്ടാകാൻ കാരണമെന്ന്‌ പ്രാഥമിക കണ്ടെത്തൽ. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അടുത്ത ദിവസം അപകടത്തിൽ പരിക്കേറ്റവരുടെ മൊഴിയെടുക്കും. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

ബസ് ഉടമയും അറസ്‌റ്റില്‍

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ ബസ്സുടമയായ കോട്ടയം പാമ്പാടി തെക്കേമറ്റം എസ് അരുണിനെ (30) പോലീസ് അറസ്റ്റു ചെയ്തു. പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്.

ബസ്സ് അമിത വേഗതയിൽ പോകുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾ ഇയാളുടെ മൊബൈൽ ഫോണിൽ വന്നെങ്കിലും നിരന്തരം അവഗണിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണ ഇത്തരത്തിൽ ഇയാളുടെ ഫോണിൽ മെസേജ് വന്നതായി പൊലീസ് കണ്ടെത്തി. ബസ്സിന്‍റെ മാനേജർ ഉൾപ്പെടെ മറ്റ് രണ്ടുപേർ കൂടി പൊലീസ് കസ്‌റ്റഡിയിലുണ്ടെങ്കിലും അവർക്കെതിരെ കേസെടുത്തിട്ടില്ല. അവരുടെ പങ്കുകൂടി അന്വേഷിച്ചതിന് ശേഷമേ കേസെടുക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം അറസ്‌റ്റിലായ ബസ്സുടമയെ റിമാന്‍ഡ്‌ ചെയ്‌തു.

Print Friendly, PDF & Email

Leave a Comment

More News