നാസിക്കിൽ ട്രെയിലര്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു; 38 പേർക്ക് പരിക്ക്

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ശനിയാഴ്ച പുലർച്ചെ ട്രെയിലർ ട്രക്കിൽ ഇടിച്ചതിനെ തുടർന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് 11 പേർ മരിക്കുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാലിൽ നിന്ന് വരികയായിരുന്ന സ്ലീപ്പര്‍ ബസ് നാസിക്-ഔറംഗബാദ് ഹൈവേയിൽ നന്ദൂർ നാക്കയിൽ പുലർച്ചെ 5.15 ഓടെയാണ് അപകടമുണ്ടായത്.

ബസ് ദുരന്തത്തിൽ ജീവൻ നഷ്ടമായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും അറിയിച്ചു.

യവത്മാലിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ആഡംബര ബസ് നാസിക്-ഔറംഗബാദ് ഹൈവേയിലെ മിർച്ചി ഹോട്ടലിന് സമീപമുള്ള കവലയിൽ വെച്ച് പൂനെയിലേക്ക് പോവുകയായിരുന്ന ട്രെയിലർ ട്രക്കിൽ ഇടിക്കുകയായിരുന്നു. ട്രക്കിൽ ഇടിച്ചതിന് തൊട്ടുപിന്നാലെ, ബസിന് തീപിടിക്കുകയും 11 യാത്രക്കാർ മരിക്കുകയും ചെയ്തു എന്ന് നാസിക് പോലീസ് കമ്മീഷണർ ജയന്ത് നായിക്‌നവരെ പറഞ്ഞു.

പരിക്കേറ്റവരെ ജില്ലാ സിവിൽ ആശുപത്രിയിലും നാസിക്കിലെ മറ്റൊരു സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലും പ്രവേശിപ്പിച്ചു. തീ പിടിക്കുന്നതിന് മുമ്പ് ബസ് മിനി കാർഗോ വാനിലും ഇടിക്കുകയും അത് മറിയുകയും ചെയ്തു. സംഭവത്തിൽ 38 പേർക്ക് പരിക്കേറ്റതായി മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും മറ്റ് ഏജൻസികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും തീ അണയ്ക്കുകയും ചെയ്തു. എന്നാൽ, സംഭവത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. തീപിടിത്തം രൂക്ഷമായതിനാൽ യാത്രക്കാരെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി അവിടെ നിൽക്കേണ്ടി വന്നതായി ചില ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു. നാസിക്കിലെ ബസ് ദുരന്തത്തിൽ വേദനയുണ്ടെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ,” അദ്ദേഹം ട്വീറ്റ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News