കോടിയേരി ബാലകൃഷ്ണൻ എളിമയുള്ള ഏട്ടൻ

ചെങ്കൊടിയുടെ തണലിൽ വളർന്ന കോടിയേരിയെ ആരും അന്യനായി കണ്ടിട്ടില്ല. രാഷ്ട്രീയ രംഗങ്ങളിൽ ചില ഗർവ്വ് പൊങ്ങച്ചക്കാർ ഇന്ത്യയിലെങ്ങുമുണ്ട്. ഈ കൂട്ടർക്ക് അധികാരം കിട്ടിയാൽ ഉന്മത്തരും മുഖസ്തുതിയാൽ ആദരിക്കപ്പെടുന്നവരുമാണ്. അങ്ങനെയവർ സ്വയം ദിവ്യരായി ഞെളിഞ്ഞു നടക്കുന്നു. ഈ മിഥ്യാഭിമാനവുമായി നടക്കുന്നവർ കണ്ടുപഠിക്കേണ്ടത് പ്രസന്നവദനനായ കോടിയേരിയെയാണ്. ആ മുഖം പൂർണ്ണമായി വിടർന്നു നിൽക്കുന്ന ഒരു താമരയ്ക്ക് തുല്യമാണ്. ആരോടും മധുരതരമായി പുഞ്ചിരിതൂകി സംസാരിക്കുന്നവർ രാഷ്ട്രീയ രംഗത്ത് ചുരുക്കമാണ്. അതിനാലാണ് അനുദിനം ജനങ്ങളിൽ താല്പര്യം വർദ്ധിച്ചത്. കണ്ണുതുറന്ന് നോക്കിയാൽ മിക്ക പാശ്ചാത്യ രാജ്യങ്ങളിൽ അധികാര സമ്പദ്‌സമൃദ്ധിയുടെ അഹങ്കാരത്താൽ സ്വയം മറന്നുപോകുന്നവരെ കാണാറില്ല. ജനപ്രധിനിധികളായവർക്ക് ഓഫീസുകളുണ്ടെങ്കിലും ട്രെയിൻ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ജനങ്ങളുമായി സ്‌നേഹപുർവ്വം സംഭാഷണം നടത്തുന്നത് നിർന്നിമേഷനായി ഞാൻ നോക്കി നിന്നിട്ടുണ്ട്. (ഇത് എന്റെ ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ’ എന്ന ഇംഗ്ലണ്ട് യാത്രാവിവരണത്തിൽ എഴുതിയിട്ടുണ്ട്. ബുക്ക് പ്രഭാത് ബുക്ക്‌സ്, ആമസോണിൽ ലഭ്യമാണ്) നമ്മുടെ ജനപ്രതിനിധികൾക്ക് പൊതുവഴിയിലൂടെ നടക്കാൻ എന്താണ് ഭയം? ഈ ജനങ്ങളല്ലേ ഇവരെ തെരെഞ്ഞെടുത്തത്?

ലോകത്തു് സാമൂഹ്യ സാഹിത്യ രംഗത്തുള്ള മഹാന്മാരെ പഠിച്ചാൽ അവരൊന്നും ജനകിയ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടിയവരല്ലായിരുന്നു. ഇവരെല്ലാം ചക്രവർത്തി-രാജഭരണ-നാടുവാഴികളെ തുടച്ചുനീക്കി മനുഷ്യരെ ഉന്നതിയിലെത്തിച്ചവരാണ്. ലോകത്തെ സോഷ്യലിസ്റ്റ് നായകനും, എഴുത്തുകാരനും, റഷ്യയുടെ പിതാവുമായ ലെനിൻ ആരുടേയും സ്തുതിഗീതങ്ങളും വ്യക്തിപൂജകളും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ജനതയുടെ പുരോഗതിക്കായി അന്നത്തെ റഷ്യൻ ദിനപത്രമായ ‘പ്രവിദ’ യിൽ വ്യത്യസ്ത പേരുകളിലെഴുതി ജനങ്ങളെ ബോധവൽക്കരിച്ചു. സാഹിത്യ പ്രതിഭകളായ ടോൾസ്റ്റോയി, മാക്‌സിംഗോർക്കിയുമായി നിരന്തര ബന്ധം പുലർത്തിയിരിന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ, അടിമത്വത്തിലാണ്ടുപോയ ഒരു ജനതയുടെ മുഖചിത്രം മാറ്റിയെഴുതിയ മാവോ സെ തുങ് പാവങ്ങൾക്കൊപ്പമാണ് സഞ്ചരിച്ചത്. കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് വന്ന മഹാനായ എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമകളെയെല്ലാം സ്വതന്ത്രനാക്കിയ ജനനായകൻ. വെറിയന്മാരുടെ വെടിയേറ്റ് മരിച്ചു് രക്തസാക്ഷിയായി. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇതുപോലെ രക്തസാക്ഷിയായി. ജവഹർലാൽ നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, എ.കെ. ഗോപാലൻ, ഇ.എം.എസ് നമ്പുതിരിപ്പാട്, അയ്യങ്കാളി തുടങ്ങി എത്രയോ മഹാന്മാർ ഇവരൊന്നും അതിമനോഹരങ്ങളായ കൊട്ടാരങ്ങളിലല്ല പാർത്തത്. ഇവരുടെയെല്ലാം ആത്മാവ് നേർത്ത വികാരങ്ങളായി ഇന്നും നമ്മിൽ കുടികൊള്ളുന്നു.

മനുഷ്യരുടെ മാനസികവും വൈകാരികവുമായ വിഷയങ്ങളെ നേരിടുന്നതിൽ അസാധാരണമായ ഒരു നേതൃത്വപാടവം കോടിയേരിക്കുണ്ടായിരുന്നു. ആരുമായും സംസാരിക്കുമ്പോഴും ഓരോ വാക്കുകളും ആവേശം പകരുന്നതാണ്. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് എനിക്ക് കള്ളിക്കാട് രാമചന്ദ്രൻ ഫൗണ്ടേഷൻ പുരസ്‌ക്കാരം ലഭിച്ചത്. ഞാനൊരു യാത്രയിലായതിനാൽ പോയി വാങ്ങാൻ അവസരം കിട്ടിയില്ല. എന്റെ സഹോദരൻ വർഗീസ് കാരൂർ ആണ് തിരുവനന്തപുരത്തുപോയി വാങ്ങിയത്. പിന്നീടൊരിക്കൽ ഫോണിലൂടെ സംസാരിച്ചപ്പോൾ എനിക്കൊരു വഴികാട്ടിയെ പോലെ ഏട്ടനെ പോലെ തോന്നി. ഇന്നും ഓർമ്മയിലുള്ള വാക്കുകൾ ‘വിദേശ രാജ്യങ്ങളിൽ താങ്കളെപോലുള്ളവരുടെ സാഹിത്യ സാംസ്‌കാരിക സേവനങ്ങൾ വിലപ്പെട്ടതാണ്’. ഇന്ന് ആ സേവനം പലരും കവർന്നെടുക്കുന്നത് ഭോഗ്യവസ്തുക്കളുടെ രുചിയറിഞ്ഞിട്ടാണ്. അത് സാഹിത്യ സഹകരണ സംഘം പോലുള്ള പല മാധ്യമ പ്രസാധന രംഗങ്ങളിൽ കാണുന്ന കാഴ്ചകളാണ്. സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ ഇങ്ങനെ വക്രതയുടെ സൗന്ദര്യപ്പൊലിമ സമർത്ഥമായി നടപ്പാക്കാൻ രാഷ്ട്രീയ യജമാനന്മാർ തയ്യാറായി നിൽപ്പുണ്ട്.

ലോകചരിത്രത്തിൽ ശാസ്ത്ര സാഹിത്യ സാമൂഹ്യ രംഗത്തുള്ളവർ ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചിട്ടുള്ളവരാണ്. ഇന്ത്യയിൽ കാണുന്നത് മൃഗീയാധികാരം പലരൂപത്തിൽ സമൂഹത്തിൽ വേർതിരിവ്, സംഘർഷം സൃഷ്ടിക്കുക മാത്രമല്ല ചൂഷിതവർഗ്ഗത്തോട് ചേർന്ന് ഭരണ സംവിധാനങ്ങൾ ഉപയോഗിച്ചു് ദോഷകരമായ വൈരുധ്യങ്ങൾ നിലനിർത്തുന്നു. ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നവർ കമ്പോളവില പോലെ മുതലാളിത്വ കൂട്ടുകച്ചവടം നടത്തി നാടകിയമായി ജനാധിപത്യത്തെ ഒരു പൊള്ളത്തരമായി വരച്ചുകാട്ടുന്നു. അധികാരവും സമ്പത്തുമുള്ളവർ ആനന്ദത്തിന്റെ മണിയറയിൽ ഉല്ലാസപൂർവ്വം ജീവിക്കുമ്പോൾ സാധാരണക്കാർ, പാവങ്ങൾ പിടഞ്ഞു ഞെരിയുന്നു. കോടിയേരി ആഭ്യന്തര വകുപ്പ് ഭരിച്ചപ്പോൾ ഭീതി, ഭയം, അനീതി കുറവായിരുന്നു. ഇന്നാകട്ടെ ദൈവത്തെ സേവിച്ചും വിറ്റും കാശാക്കുന്നവർ ഭക്തിയുടെ ലഹരിയിലെന്ന പോലെ കുട്ടികളടക്കം മദ്യം, മയക്കു മരുന്ന് ലഹരിയിൽ ഭ്രാന്തമായ ജീവിതം നയിച്ച് സമൂഹത്തെ അലോസരപ്പെടുത്തുന്നു. മാത്രവുമല്ല കുട്ടികളുടെ ഭാവി പകൽവെളിച്ചത്തിൽ നിന്ന് അന്ധകാരത്തിലേക്ക് പോകുന്നു. ഇങ്ങനെയെങ്കിൽനമ്മുടെ സംസ്‌ക്കാരവും പൈതൃകവുമൊക്കെ അധഃപതിക്കാൻ അധികനാളുകൾ വേണ്ടിവരില്ല. സ്വർണ്ണ കള്ളക്കടത്തു പോലെ മയക്ക് മരുന്ന് എങ്ങനെയാണ് കേരളത്തിലെത്തുന്നത്? ഇതിന് കുടപിടിക്കുന്നത് ആരാണ്? കോടിയേരി ആരെയും സംഹാരഭാവത്തോടെ കാണാത്ത ആർദ്രതയും മമതയുമുള്ള മുഖംമൂടിയണിയാത്ത നവോത്ഥാന ചിന്തകളുടെ പന്തം ഉയർത്തിപ്പിടിച്ച വക്രബുദ്ധിയില്ലാത്ത ജനസേവകനായിരിന്നു. വളരെ സവിശേഷമായ തുളുമ്പുന്ന പുഞ്ചിരിയും സ്‌നേഹാദരങ്ങളും നൽകിയ കോടിയേരി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല ഇന്ത്യയ്ക്കും ഒരു തീരാനഷ്ടമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇതുപോലെ ഫലമുള്ള വിത്തുകൾ മുളച്ചുവരട്ടെ.

Print Friendly, PDF & Email

Leave a Comment

More News