ഗർഭഛിദ്ര നിരോധനം അധാർമ്മികമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ടെക്സസിൽ കർശനമായി നടപ്പാക്കുന്ന ഗർഭഛിദ്ര നിരോധന നിയമത്തെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അപലപിച്ചു.

ഗർഭഛിദ്ര നിരോധനം തികച്ചും അധാർമ്മികമാണെന്നാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ഓസ്റ്റിനിൽ ഒക്ടോബർ 8 ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പു പ്രചരണയോഗത്തിൽ കമലാ ഹാരിസ് വിശേഷിപ്പിച്ചത്.

ഗർഭഛിദ്രം നടത്തുന്നവരെ തടവിലിടുമെന്ന ടെക്സസ് സംസ്ഥാന നിയമത്തെ നിയമപരമായി നേരിടുന്നതിന് പ്രോസിക്യൂട്ടർമാരുടേയും സ്റ്റേറ്റ് അധികൃതരുടേയും സഹകരണം ഹാരിസ് അഭ്യർത്ഥിച്ചു. ഗർഭഛിദ്രത്തിനെ അനുകൂലിക്കുന്ന ഡോക്ടർമാരേയും നഴ്സുമാരേയും ക്രിമിനലുകളായി കാണുന്ന അറ്റോർണി ജനറലും ഗവർണറും ഇനിയും അധികാരത്തിൽ തുടരണമോ എന്ന് നിശ്ചയിക്കേണ്ടത് ടെക്സസ് വോട്ടർമാരാണെന്നും അവർ പറഞ്ഞു.

ലിൻഡൻ ബി ജോൺസൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ കമലാ ഹാരിസ് നടത്തിയ പ്രസംഗം ശ്രവിക്കുന്നതിന് എത്തിച്ചേർന്നവരിൽ ഭൂരിപക്ഷവും ടെക്സസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായിരുന്നു.

“സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവൺമെന്റിന് യാതൊരു അധികാരവുമില്ല. അതു സ്ത്രീകൾക്കു മാത്രം അനുവദിച്ചിട്ടുള്ളതാണ്,” 40 മിനിട്ടു നീണ്ടു നിന്ന പ്രസംഗത്തിൽ കമലാ ഹാരിസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News