നോയിഡയില്‍ അജ്നാര സൊസൈറ്റിയുടെ സെക്യൂരിറ്റി ഗാര്‍ഡിനെ മർദ്ദിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ

ഫേസ് 3 ഏരിയയിലെ സെക്ടർ 121 ലെ അജ്നാര സൊസൈറ്റിയിൽ ശനിയാഴ്ച രാത്രി വൈകി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതിന് മൂന്ന് സ്ത്രീകൾക്കെതിരെ കേസെടുത്തു. സൊസൈറ്റിയുടെ സ്റ്റിക്കർ പതിക്കാത്ത കാറിലാണ് യുവതികൾ ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി ഗാർഡുകൾ തടഞ്ഞതെന്നും പോലീസ് പറഞ്ഞു.

നോയിഡ: ഫേസ് 3 ഏരിയയിലെ സെക്ടർ 121ലെ അജ്നാര സൊസൈറ്റിയിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മർദനവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ചയാണ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചത്.

ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ സംഭവം നടക്കുമ്പോൾ ഇരുവർക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ സ്ത്രീ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 30 വയസ്സിന് താഴെയുള്ള മൂന്ന് സ്ത്രീകൾ സൊസൈറ്റിയുടെ സ്വകാര്യ സെക്യൂരിറ്റി ഗാർഡായ ഉജ്ജ്വല്‍ ശുക്ലയുമായി വഴക്കിട്ടിരുന്നു.

ദീക്ഷയും അഞ്ജലി തിവാരിയും (ഇരുവരും സഹോദരിമാർ) ഉത്തരാഖണ്ഡിൽ താമസിക്കുന്നവരാണെന്നും എന്നാൽ
അജ്നാര സൊസൈറ്റിയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ സമയം, മൂന്നാമത്തെ സ്ത്രീ കകുൾ അഹമ്മദ് ഗ്രേറ്റർ നോയിഡയിലെ (പടിഞ്ഞാറ്) ഗൗർ സിറ്റി-2 നിവാസിയാണ്.

ഗാർഡിന്റെ പരാതിയിൽ ഇവര്‍ക്കെതിരെ നോൺ-കോഗ്‌നിസബിൾ റിപ്പോർട്ട് (എൻസിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ നോയിഡ) സാദ് മിയാൻ ഖാൻ പറഞ്ഞു.

ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 151 പ്രകാരം മുൻകരുതലെന്ന നിലയിലാണ് രണ്ട് സ്ത്രീകളേയും കസ്റ്റഡിയിലെടുത്തതെന്ന് ഖാൻ പറഞ്ഞു. അവരെ ഒരു പ്രാദേശിക മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (സ്വമേധയാ മുറിവേൽപ്പിക്കുക), 504 (മനഃപൂർവം അപമാനിക്കൽ) എന്നിവ പ്രകാരം
കേസെടുക്കുകയും ചെയ്തു.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് സ്ത്രീകൾ മദ്യപിച്ച നിലയിലായിരുന്നു. കാറിൽ സൊസൈറ്റി സ്റ്റിക്കർ ഉണ്ടായിരുന്നില്ല, അതിനാലാണ് ഡ്യൂട്ടി ഗാർഡ് ചോദ്യം ചെയ്യുന്നതിനായി തടഞ്ഞത്. ഇത് സ്ത്രീകളും സെക്യൂരിറ്റി ഗാർഡും തമ്മിൽ രൂക്ഷമായ വാക്കുതർക്കത്തിന് കാരണമായി. അതിനിടെ സെക്യൂരിറ്റി ഗാർഡിന്റെ സഹായികൾ ഇടപെട്ട് സ്ഥിതിഗതികൾ പരിഹരിക്കാൻ ശ്രമിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു സ്ത്രീ സെക്യൂരിറ്റി ഗാർഡിന്റെ കോളറില്‍ പിടിച്ചു വലിക്കുകയും സെക്യൂരിറ്റി ഗാര്‍ഡിന്റെ തലയിൽ നിന്ന് തൊപ്പി എടുത്ത് വലിച്ചെറിയുകയും ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു. അവരുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ല.

നോയിഡയിൽ സെക്യൂരിറ്റി ജീവനക്കാരനോട് മോശമായി പെരുമാറുന്നത് ഇതാദ്യമല്ല. സെപ്റ്റംബറിൽ, ഗേറ്റ് തുറക്കാൻ വൈകിയതിന് സൊസൈറ്റിയുടെ സെക്യൂരിറ്റി ഗാർഡിനോട് മോശമായി പെരുമാറിയതിന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു.

സെക്ടർ 121ലെ ക്ലോ കൗണ്ടി സൊസൈറ്റിയിലായിരുന്നു സംഭവം. വാഹനത്തിന്റെ ഗേറ്റ് തുറക്കാൻ വൈകിയതിനെത്തുടർന്ന് പ്രൊഫസറായി ജോലി ചെയ്യുന്ന സ്ത്രീ ഗാർഡിനെ അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സ്ത്രീക്കെതിരെ സുരക്ഷാ ഏജൻസി കേസെടുത്തതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഓഗസ്റ്റിൽ സെക്ടർ 126 ഏരിയയിൽ സെക്യൂരിറ്റി ജീവനക്കാരനോട് മോശമായി പെരുമാറിയ വനിതാ അഭിഭാഷകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്തു.

Print Friendly, PDF & Email

Leave a Comment

More News