മധ്യപ്രദേശിലെ പ്രശസ്ത ക്ഷേത്രത്തില്‍ പെൺകുട്ടികളുടെ ഇൻസ്റ്റാ ഷൂട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

ഉജ്ജയിൻ: ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രപരിസരത്തും ശ്രീകോവിലിലും പെണ്‍കുട്ടികള്‍ ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ട മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ക്ഷേത്ര പരിസരത്തും ശ്രീകോവിലിലും ബോളിവുഡ് ഗാനങ്ങൾ സംയോജിപ്പിച്ച് ഇൻസ്റ്റാഗ്രാം റീലുകൾ ചിത്രീകരിച്ച പെൺകുട്ടികളെക്കുറിച്ചാണ് അന്വേഷണം. സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോ വൈറലായതോടെയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഈ നീക്കം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കളക്ടർക്കും എസ്പിക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും, ഒരു തരത്തിലും മതവിശ്വാസങ്ങളെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മഹാകാൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ജലാഭിഷേകം നടത്തുന്നതിനിടെ ഒരു പെൺകുട്ടി അത് വീഡിയോയില്‍ പകര്‍ത്തിയതാണ് വിവാദമായിരിക്കുന്നത്. മറ്റൊരു പെൺകുട്ടി ക്ഷേത്ര പരിസരത്ത് ചുറ്റിക്കറങ്ങിയാണ് വീഡിയോ ചിത്രീകരിച്ചത്.

വീഡിയോ വൈറലായതോടെ മഹാകാൽ ക്ഷേത്രത്തിലെ പൂജാരി മഹേഷ് ഗുരു വീഡിയോ അപകീർത്തികരവും സനാതൻ പാരമ്പര്യത്തിന് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇത്തരത്തിലുള്ള വീഡിയോ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചു. മഹാകാൽ ക്ഷേത്രത്തിലെ ജീവനക്കാരും തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും പുരോഹിതൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News