സുഹൃത്തേ വിട; ഫ്രാൻസിസ് തടത്തിലിന് ആദരാഞ്ജലികൾ!

കഴിഞ്ഞ രണ്ടു വർഷക്കാലം ഫൊക്കാന പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചപ്പോൾ മീഡിയയുടെ ആവശ്യങ്ങൾക്ക് വേണ്ടി എന്നും സംസാരിക്കയും വളരെ അടുത്ത് പ്രവർത്തിക്കയും ചെയ്തിരുന്ന ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു ഫ്രാൻസിസ് തടത്തിൽ. ഫൊക്കാനയുടെ ആശയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിച്ചതും ഫ്രാൻസിസായിരുന്നു. ഫൊക്കാനായുടെ നൂറു കണക്കിന് വാർത്തകൾ ഫ്രാൻസിസിന്റെ തൂലികയിൽ നിന്നും ഉതിർന്നിട്ടുണ്ട്. ആ വാർത്തകൾ ഇവിടെത്തെ മലയാളി സമൂഹം എന്നും ഏറ്റെടുത്തിട്ടുമുണ്ട്.

ഫ്രാൻസിസ് ഒരു വേറിട്ട മാധ്യമ പ്രവർത്തകനായിരുന്നു. മനസ്സിൽ തട്ടുന്ന കാര്യങ്ങൾ അപ്പടുതി തൂലികയിൽ കൂടി വിളിച്ചു പറയും. ആരെയും കൂസാറില്ല. ഫൊക്കാനയുടെ മാധ്യമ അവാർഡ് ജേതാവായി ജോൺ ബ്രിട്ടാസിൽ നിന്നും പ്ലാക്ക് ഏറ്റുവാങ്ങിയിട്ട് മാസങ്ങളെ ആയുള്ളൂ. ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളോടും തികഞ്ഞ ആത്മാർത്ഥത പുലർത്തിയിരുന്നു.

രോഗം വല്ലാതെ തളർത്തിയിട്ടും ശക്‌തിയായി പിടിച്ചു നിന്നത്‌ അദ്ദേഹത്തിന്റെ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ്.

ഫ്രാൻസിസിന്റെ വിടവാങ്ങൽ ഫൊക്കാനയ്ക്കും, അമേരിക്കൻ മലയാളി സമൂഹത്തിനും, മാധ്യമ ലോകത്തിനും തീരാനഷ്ടമാണ്.

ഈ അകാലത്തിലെ വേർപാട് ചിന്തിക്കാനേ വയ്യ സുഹൃത്തേ, അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുന്നു.

ജോർജി വർഗീസ്, മുൻ ഫൊക്കാനാ പ്രസിഡന്റ്

Print Friendly, PDF & Email

Leave a Comment

More News