നിയമ വിരുദ്ധമായി അധിക ബാഗേജ് ഫീസ് ഇടാക്കിയ അമേരിക്കൻ എയർലൈൻസ് 75 മില്യൻ തിരിച്ചു നൽകണം

ഫോര്‍ട്ട്‌വര്‍ത്ത് (ഡാളസ്): അമേരിക്കൻ എയർലൈൻസ് യാത്രക്കാരിൽ നിന്ന് നിയമവിരുദ്ധമായി 75 മില്യണ്‍ ഡോളറോളം അധിക ബാഗേജ് ഫീസ് ഈടാക്കിയത് തിരിച്ചു നല്‍കാന്‍ ധാരണയായി.

ഡാളസ് ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസിനെതിരെ 2021 ൽ അഞ്ച് യാത്രക്കാർ ചേർന്ന് നൽകിയ പരാതിയിലാണ് ഫെഡറല്‍ നിയമപ്രകാരം നഷ്ടപരിഹാരം നൽകാന്‍ ഒത്തുതീർപ്പായത്.

ബാഗേജുകൾ സൗജന്യമായി ചെക്ക് ഇൻ ചെയ്യാം എന്ന ധാരണയിൽ അമേരിക്കൻ എയർലൈന്‍സിന്റെ ഓൺലൈൻ ബുക്കിംഗ് വഴി ടിക്കറ്റ് എടുത്തവര്‍ക്കാണ് ബോര്‍ഡിംഗ് പാസിനായി കൗണ്ടറിലെത്തിയപ്പോള്‍ ബാഗേജ് ഫീസ് നൽകേണ്ടി വന്നതെന്ന് പറയുന്നു.

2013 മുതൽ ഇങ്ങനെ ഫീസ് നൽകേണ്ടി വന്നവർക്ക് അത് തിരിച്ചു നൽകണമെന്നാണു കോടതിയുടെ ഉത്തരവ്.

25 ഡോളറാണ് ആഭ്യന്തര – കാനഡ വിമാനങ്ങളിൽ ബാഗേജ് ഫീസായി ഇവർ വാങ്ങിയിരുന്നത്. രണ്ടാമത്തെ ബാഗിന് 35 ഡോളറും ഈടാക്കിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും, ഈടാക്കിയ ഫീസ് തിരിച്ചു നൽകണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടെങ്കിലും എയർലൈൻ അധികൃതര്‍ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.

ഇങ്ങനെ അധിക ഫീസ് വാങ്ങിയതിൽ അമേരിക്കൻ എയര്‍ലൈന്‍സ്, ഡെല്‍റ്റാ, സൗത്ത് വെസ്റ്റ്, യുഎസ് എയർലൈൻസ് എന്നീ വിമാന കമ്പനികള്‍ 1.8 ബില്യൺ ഡോളറാണ് നേടിയത്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ, പ്രധാന 20 വിമാന കമ്പനികള്‍ 21 മില്യൺ ഡോളര്‍ സമ്പാദിച്ചതായി പറയുന്നു.

2013 മുതൽ 2021 വരെ യാത്ര ചെയ്തവരിൽ നിന്ന് ഈടാക്കിയ ഫീസ് തിരികെ ലഭിക്കുന്നതിന് ബാഗേജ് ഫീസ് ഉൾപ്പടെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ ഇ–മെയിൽ കോപ്പി ഹാജരാക്കേണ്ടതാണ്.

Print Friendly, PDF & Email

Leave a Comment

More News