കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -18): ജോണ്‍ ഇളമത

സെസ്റ്റീന്‍ ചാപ്പലിന്റെ മുകള്‍ത്തട്ടിലെ അള്‍ത്താരയില്‍ വിശുദ്ധചിത്രങ്ങള്‍ ചാരുതയോടെ പിറന്നു വീണപ്പോള്‍ മൈക്കെലാഞ്ജലോ എല്ലാം മറന്നു. ശാരീരിക മാനസിക വേദനകളെ സൃഷ്ടിയുടെ ആവേശം മൈക്കിളില്‍ അലയടിച്ചുയര്‍ന്നു. ഇതു പ്രതീക്ഷിച്ചതുപോലെ ഉയരുന്നു. ഒരോ രൂപവും ഭാവനയുടെ കരുപിടിപ്പിച്ച മൂശയില്‍ നിന്നടര്‍ന്നു വീണപ്പോള്‍ ചിത്രരചനയ്ക്കുണ്ടായ ഒരു പുതിയ മാനം മൈക്കിളിനെ ഏറെ സന്തോഷിപ്പിച്ചു. പെന്‍സില്‍ കൊണ്ട്‌ രൂപരേഖ ഇട്ട്‌ അവയില്‍ വിവിധ നിറമുള്ള ചായങ്ങള്‍ പുരണ്ടപ്പോള്‍ ജീവനുള്ള ചിത്രങ്ങള്‍ ഉയര്‍ത്തെണീറ്റു. അരോഗദൃഡഗാത്രരുപങ്ങള്‍.

അള്‍ത്താര മദ്ധ്യത്തിലെ ആദ്യ ചിത്രങ്ങളെ നോക്കി മൈക്കിള്‍ ആത്മഗതം നടത്തി. നന്നായിരിക്കുന്നു! പ്രപഞ്ച സൃഷ്ടി- ഇരുളില്‍നിന്ന്‌ വെളിച്ചത്തെ വേര്‍തിരിക്കുന്നു. ആകാശവും ഭൂമിയും കടലും കരയും തെളിയുന്നു. കരയിലും കടലിലും വൃക്ഷലതാദികള്‍, പക്ഷിമൃഗാദികള്‍ ഉരഗ,സസ്ത നജീവികള്‍, കടല്‍ജീവികള്‍ ഇവകളുടെ തിളക്കം. മനുഷ്യ സൃഷ്ടി-സ്രഷ്ടാവിന്റെ അതേ രൂപസാദൃശ്യത്തില്‍. ആദാമിന്റെയും ഹവ്വായുടെയും സൃഷ്ടി, അവരുടെ വീഴ്ച, പറുദീസയില്‍നിന്നുള്ള നിഷ്‌ക്കാസനം. നോഹിന്റെ ബലി, ജലപ്രളയം, വീഞ്ഞുകുടിച്ച്‌ മത്തനായ നോഹ്‌. ഡേവിഡും ഗോലിയാത്തും.

ജോലി തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഏറെ വരയ്ക്കുവാനുണ്ട്‌. സക്കറിയാ, ജോയല്‍, ഏശയ്യാ, ഇസ്‌കില്‍, ദാനിയല്‍, ജെര്‍മിയാ, യോനാ, മോശയുടെ നാലു പുസ്തകങ്ങളിലെ ഉള്ളടക്കം. യഹുദ്ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ നെടുംതൂണ്‍ തന്നെ. ജനസീസ്‌, എക്സോഡസ്‌, ലെവിറ്റികുസ്‌, നംബേഴ്സ്‌, ഡിയുറ്ററോണമി, ഇവയെല്ലാം വരച്ചു തീരുമ്പോള്‍ പഴയനിയമം ഏതാണ്ട്‌ പൂര്‍ണ്ണമാകും.

രാവും പകലും അദ്ധ്വാനിച്ചു. പൊടിയും ചായങ്ങളുടെ രൂക്ഷഗന്ധവും ശ്വസിച്ചു. കണ്ണുകള്‍ ചുവന്നു. കൈകാലുകള്‍ കഴച്ചു. കാലാവസ്ഥകള്‍ മാറി മാറി വന്നു. കൊടുംതണുപ്പില്‍ കൈകള്‍ മരവിച്ചപ്പോള്‍ ഇടയ്ക്കിടെ പണി നിര്‍ത്തിവെച്ചു. വറവുകാലങ്ങളിലെ അത്യുഗ്രതാപത്തില്‍ വിയര്‍ത്തൊലിച്ച്‌ ചായങ്ങളില്‍ മുങ്ങി, സഹികെട്ട്‌ ദേഷ്യം മൂക്കുമ്പോള്‍ ഇടയ്ക്കിടെ മൈക്കിള്‍ പോപ്പ്‌ ജൂലിയസിനെ പഴിച്ചു.

കിഴവന്‍ പോപ്പ്‌ ലുബ്ധനാണ്‌. ഇത്രയധികം പണമുണ്ടായിട്ടു കൂടി കണക്കു കൂട്ടി കണക്കുകൂട്ടി ചെയ്ത പണിക്ക്‌ അല്പം കുറച്ചേ തരികയുള്ളൂ. പോപ്പിന്റെ ഔദ്യോഗിക മുറിക്കു താഴെ ഭൂമിക്കു സമാന്തരമായി ഒരു രഹസ്യ പാതയുണ്ട്‌. അത്‌ തുറക്കുന്നത്‌ സെസ്റ്റീന്‍ ചാപ്പലിന്റെ ഇടത്തേ മൂലയിലാണ്‌. അവിടെ ഒരു വാതിലുണ്ടെന്നു പോലും തോന്നുകയില്ല. അത്ര ഭദ്രമായ ഒരു മാര്‍ബിള്‍ ചതുരവാതായനം അടിയിലുള്ള സ്പ്രിങ്ങില്‍ ഘടിപ്പിച്ചിരിക്കയാണ്‌. പോപ്പിന്‌ എപ്പോള്‍ വേണമെങ്കിലും ആ വഴി വന്ന്‌ ചിത്രരചനയുടെ പുരോഗതിയെപ്പറ്റി വിലയിരുത്താം.

ഒരിക്കല്‍ പോപ്പ്‌ പറഞ്ഞു…..

മൈക്കെലാഞ്ജലോ നീ കുറേക്കൂടി വേഗതയില്‍ ഏല്‍പിച്ച പണി തീര്‍ക്കണം. ഇതിങ്ങനെ പോയാല്‍ നീ എന്റെ കാലശേഷവും ഇതിങ്ങനെ വരച്ചുകൊണ്ടേയിരിക്കും.

അപ്പോള്‍ മൈക്കിന്‌ അതാണ്‌ പറയാന്‍ തോന്നിയത്‌. പറഞ്ഞ സമയത്തുതന്നെ പണി തീര്‍ക്കാം. എന്നാല്‍ ചെയ്ത ജോലിക്കു പോലും വേതനത്തില്‍ പിശുക്കുകാട്ടുന്ന പിതാവിനോട്‌ ഞാനെന്താണ്‌ പറയുക.

നിനക്കെന്തറിയാം! ഖജനാവില്‍ കാശില്ല. പിന്നെ യുദ്ധങ്ങള്‍ക്കും ആഭ്യന്തര കലാപങ്ങള്‍ക്കും എത്രയേറെ പണം ചിലവഴിച്ചു. സമാധാനമാണല്ലോ ഏറെ പ്രാധാന്യം. അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ നടക്കണം.

ഓ, അതിന്‌ വഴികള്‍ വേറെയില്ല? വിഗ്രഹാരാധനക്കാരും മന്ത്രവാദികളും ഇപ്പോഴും ഇവിടെ അവിടവിടെ രഹസ്യമായി സാത്താന്‍ സേവക്കാരായി ഉണ്ട്‌. അവരെല്ലാം ധനികരുമാണ്‌. അവരെയൊക്കെ ഒന്ന്‌ രഹസ്യമായി കണ്ടുപിടിച്ച്‌ കണക്കില്ലാത്ത ദ്രവ്യങ്ങള്‍ കണ്ടുകിട്ടിയാല്‍ അവിടത്തെ ഖജനാവ്‌ സമ്പന്നമായിരിക്കും. പിന്നെ പാപികളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്‌.

എന്താണ്‌ നീ ഉദ്ദേശിക്കുന്നത്‌?

അല്ല, ഇപ്പോള്‍ത്തന്നെ വ്യക്തികള്‍ക്കും പാപങ്ങള്‍ക്കും ഒരു നിശ്ചിത തുക ഏര്‍പ്പെടുത്തിയിട്ടുണ്ടല്ലേ. അതായത്‌ ഉന്നതരായ രാജാക്കന്മാര്‍, ആര്‍ച്ചു ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ എന്നീ കൂട്ടര്‍ക്ക്‌ പാപപരിഹാരമായി ഇരുപത്തിയഞ്ചു ഗോള്‍ഡ്‌ ഫ്ളോറിന്‍സും പ്രലേറ്റ്‌ കൌണ്ട്‌, ബാറോണ്‍സ്‌ എന്നിവര്‍ക്ക്‌ പത്തു ഫ്‌ളോറിന്‍സും ധനികരായ കച്ചവടക്കാര്‍ക്ക്‌ ഒമ്പതും സാധാരണക്കാര്‍ക്ക്‌ ആറും കട സൂക്ഷിപ്പുകാരനൊന്നും പാവപ്പെട്ടവന്‌ അരയും എന്ന നിരക്കില്‍. കൂടാതെ പാപങ്ങള്‍ക്കും നിശ്ചിത തുകകളുണ്ടല്ലോ. സൊഡോമിക്ക്‌ പ്രന്തണ്ട്‌ ഡൂക്കറ്റ്സും സാംക്രിലേജിന്‌ ആറും. വിച്ച്‌ ക്രാഫ്റ്റിന്‌ നാലും പാരിസൈഡും അതുപോലെ ലഘുപാപങ്ങള്‍ക്ക്‌ നാല് ഡുക്കാറ്റും എന്ന നിരക്ക്‌. അതുകൂടി ഒന്ന്‌ വര്‍ദ്ധിപ്പിച്ചാല്‍ ഖജനാവ്‌ മെച്ചപ്പെടുകയും പാപികളുടെ എണ്ണം കുറയുകയും ചെയ്യുമല്ലോ.

ഇതൊക്കെ ശരിയായ കാര്യം തന്നെയാണോ? എല്ലാ പ്രസ്ഥാനങ്ങളുമങ്ങനെതന്നെയാണ്‌. തെറ്റുകളും തിരുത്തലുകളും കാലാകാലം വന്ന്‌ നവീകരിക്കപ്പെടുമെന്ന്‌ കരുതാം. ഇപ്പോള്‍ നിലവിലുള്ളതൊക്കെ അങ്ങനെതന്നെ നില്‍ക്കട്ടെ. കൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ട ആവശ്യമില്ല. അല്ലെങ്കില്‍ത്തന്നെ യൂറോപ്പില്‍ ജര്‍മ്മനിയിലും മറ്റിതര രാജ്യങ്ങളിലും സന്യാസ സമൂഹങ്ങളിലും പുരോഹിത പ്രമാണികളിലുമൊക്കെ സഭാനവീകരണത്തെപ്പറ്റി ഒറ്റപ്പെട്ട ഒച്ചപ്പാടുകള്‍ ഉണ്ടെന്നാണ്‌ കേള്‍വി. ഞാന്‍ നിന്നെ ഏല്പിച്ച പണി പെട്ടെന്ന്‌ പൂര്‍ത്തിയാക്ക്‌. എന്റെ മനസ്സില്‍ ഏറെ പദ്ധതികളുണ്ട്‌. എന്റെ സ്മാരകം! അത്‌ റോം ഉള്ളിടത്തോളം കാലം ഉന്നതശ്രേണിയില്‍ത്തന്നെ നില്‍ക്കണം.

മൈക്കെലാഞ്ജലോ ഓര്‍ത്തു:

പോപ്പുമാര്‍ രാജാക്കന്മാരാണ്‌. റോമന്‍ ച്രകവര്‍ത്തിമാരുടെ പിന്‍തുടര്‍ച്ചക്കാര്‍. പല പോപ്പുമാരും സ്മാരകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌, അവരവരുടെ അവസ്ഥയ്ക്കനുസൃതമായി. മെഡീസിയിലെ ലോറന്‍സോ പ്രഭുവിന്‌ താന്‍ നിര്‍മ്മിച്ച സ്മാരകം പോപ്പിനേറെ ഇഷ്ടപ്പെടിട്ടുണ്ട്‌. അതിനെപ്പോലും വെല്ലുന്ന ഒരു സ്മാരകമാണ്‌ പോപ്പിന്റെ മനസ്സില്‍. അത്‌ പലതവണ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ സെസ്റ്റീന്‍ ചാപ്പലിലെ പണി പെട്ടെന്നു തീര്‍ത്തിട്ടുവേണം അതു തുടങ്ങാന്‍. പോപ്പ്‌ വാര്‍ദ്ധകൃത്തിലെത്തിയിരിക്കുന്നു. അറുപതു കഴിഞ്ഞ്‌ അറുപത്താറിലേക്ക്‌. അറുപതുതന്നെ ദീര്‍ഘായുസ്സ്‌. മെഡിസ്സീ പ്രഭുപോലും നാല്പതുകളുടെ മദ്ധ്യത്തില്‍ നാടുനീങ്ങി. അതുകൊണ്ടുതന്നെയാണ്‌ പോപ്പ്‌ ധൃതി വെക്കുന്നത്‌. ഇനി എത്രകാലം? ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പണിതുടങ്ങിയെങ്കിലേ പോപ്പിന്‌ ഏകദേശ രൂപം കണ്ടു കാലം ചെയ്യാനാകൂ. സ്വന്തം ശവകൂടീരത്തില്‍ പ്രധാനമായും വലിയ പ്രവാചകനായ മോശയുടെ വലിയ ഒരു രൂപം കൊത്തണമെന്നാണ്‌ പോപ്പിന്റെ മനസ്സിലിരിപ്പ്‌.

എന്തൊക്കെ പറഞ്ഞാലും പോപ്പിനോട്‌ ഒരു പ്രത്യേക മമത ഇടയ്ക്കിടെ തോന്നാറുണ്ട്‌. നവോത്ഥാന കാലഘട്ടത്തിലെ ശക്തനായ പോപ്പ്‌. റോമിനെ ശില്പവേലകൊണ്ട്‌ പുനഃരുദ്ധരിക്കുന്ന ശക്തനായ പോപ്പിന്‌ സ്മാരകം അതിഗംഭീരമായിത്തന്നെ പണിതുയര്‍ത്തണം. പഴയ നിയമത്തിലെ മോശയുടെ പ്രതിമ ദാവീദിന്റെ പ്രതിമയോടൊപ്പം തന്നെ എത്തില്ലെങ്കില്‍ത്തന്നെ അതിമനോഹരമായി കൊത്തണം. കാറാറപാറമടയില്‍ കഴിഞ്ഞതവണ സന്ദര്‍ശിച്ചപ്പോള്‍ ഉപേക്ഷിച്ചിട്ടിരിക്കുന്ന ഒരു കൂറ്റന്‍ പാറക്കഷ്ണം കണ്ടുവച്ചിട്ടുണ്ട്‌. അതിപ്പോഴും ആര്‍ക്കും വേണ്ടാതെ അവിടെത്തന്നെ ഉണ്ടാകും. അല്ലെങ്കില്‍ത്തന്നെ പാറക്കല്ലുകളില്‍ നിന്ന്‌ ശില്പങ്ങള്‍ കൊത്തുന്നവര്‍ ചുരുക്കം. ഉള്ളവര്‍ തന്നെ വലിയ ശില്പങ്ങള്‍ക്കു പകരം കൊച്ചു കൊച്ചു ശില്പങ്ങള്‍ കൊത്തുന്നവരാണേറെ. ഡേവിഡിന്റെ ഭീമാകാരമായ തന്റെ ശില്പമാണ്‌ ചിലരെയൊക്കെ വലിയ ചിത്രങ്ങള്‍ കൊത്താന്‍ പ്രേരണ കൊടുത്തു കൊണ്ടിരിക്കുന്നത്‌. എങ്കില്‍ത്തന്നെ അവര്‍ അളന്നു മുറിച്ച്‌ ചെത്തുമ്പോള്‍ അവരുടെ കണക്കുകള്‍ തെറ്റി ശില്പങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ത്തന്നെ എത്തുന്നില്ല. പാറക്കല്ലിനുള്ളിലെ രൂപത്തെ മനസ്സില്‍ ഒപ്പിയെടുത്ത്‌ അളന്നു തൂക്കി തന്നോളം ചിത്രം കൊത്തുന്നവര്‍ ഇന്നാരുണ്ട്‌! അതുതന്നെ കാരണം. ശില്പത്തിലെന്നോണം ചിത്രം വരയ്ക്കാന്‍ കഴിവുള്ള തന്നെ പോപ്പ്‌ ജൂലിയസ്‌ ഇഷ്ടപ്പെടുന്നത്‌.

ചിത്രരചന നാള്‍ക്കുനാള്‍ മെച്ചപ്പെടേണ്ടതിനു പകരം വിഘ്നങ്ങള്‍ മൈക്കെലാഞ്ജലോയെ തളര്‍ത്തി. മൂക്കത്തു ദേഷ്യം വന്ന്‌ ശില്പി പൊട്ടിത്തെറിച്ചു.

ഉര്‍ബീനോ!

നീ കുറേ ചായം കൂടുതല്‍ കലക്കി അടിച്ചാലൊന്നും പശ്ചാത്തലമാകില്ല. അതു വേണ്ടിടത്തൊന്നും നിന്റെ ബ്രഷ്‌ പതിഞ്ഞിട്ടില്ല. വരച്ചിട്ടിരിക്കുന്ന ചിത്രത്തെ ഉള്‍ക്കൊള്ളണം. കാര്‍മേഘം നിറഞ്ഞ ആകാശമിങ്ങനെയാണോ, സൂര്യാസ്തമനമിങ്ങനെയാണോ? എവിടെ കുങ്കുമ രേഖകള്‍, കാര്‍മേഘങ്ങള്‍ പര്‍വ്വതം പോലെയാണോ? പറക്കുന്ന വെള്ളിമേഘങ്ങള്‍ വെള്ളപ്രാവുകള്‍ പറക്കും പോലെയാണോ? ഇത്‌ കണ്ടിട്ട്‌ ഇരമ്പിമറിയുന്ന ഒരു കടല്‍പോലെ! ആരാണ്‌ നിന്റെ ഗുരു? ഏതു സ്‌കൂളിലാണ്‌ നീ അഭ്യസിച്ചത്‌? റാഫേലാണ്‌ നിന്നെ എനിക്കുവേണ്ടി ഏര്‍പ്പാടാക്കിയത്‌. ഒരുപക്ഷേ, നിന്നെപ്പറ്റി അയാള്‍ക്കൊരറിവും ഉണ്ടാകില്ല എന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇനിയും എന്തു ചെയ്യണം? കഷ്ടപ്പെട്ട്‌ സമയം ചിലവഴിച്ച്‌ വരച്ച ചിത്രം വെറുതെയായി. മായിച്ച്‌ തൂത്ത്‌ പുതിയ ചിത്രം വരയ്ക്കണം. അതിന്‌ ഇനിയും സമയമെടുക്കും. അപ്പോള്‍ പിന്നെയും ആ വയസ്സന്‍ പോപ്പ്‌ ജൂലിയസ്‌ അങ്ങേരെ സഹിക്കാനാര്‍ക്കു കഴിയും? അപ്പോള്‍ ദേഷ്യം വന്ന്‌ വായില്‍ വരുന്ന തെറിയെങ്ങാനും പറഞ്ഞാല്‍ അയാളിട്ടേക്കില്ല.

നീ നിന്റെ കണക്കു തീര്‍ത്തു പൊയ്ക്കോ. പശ്ചാത്തലവും ഞാന്‍ തന്നെ വരച്ചോളാം. എനിക്ക്‌ ഇരട്ടി പണി ഉണ്ടാക്കാതെ കടന്നുപോകു എന്റെ മുമ്പീന്ന്‌!

ഉര്‍ബീനോയെ പുറത്താക്കിയശേഷം ആ ജോലി പ്രകാശവും നിഴലും വരയ്ക്കുന്ന റാഫേലിനെ പശ്ചാത്തലത്തിന്റെ ചുമതലകൂടി ഏല്‍പ്പിച്ചു. ആ ചെറുപ്പക്കാരന്‍ അതിസമര്‍ത്ഥമായി കുറേനാള്‍ ആ ജോലി ഏറ്റെടുത്തു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അവന്‍ കണക്കില്‍ കൂടുതല്‍ പണം കൈപ്പറ്റി എങ്ങോ അപ്രത്യക്ഷനായി. ഇനി എന്തുചെയ്യും! സഹായികളായി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനേയും വിശ്വസിക്കാനാവുന്നില്ല. അവര്‍ക്ക്‌ ദിശാബോധമോ തൊഴിലിലുള്ള ആത്മാര്‍ത്ഥതയോ ഇല്ല. എങ്ങനെയെങ്കിലും കുറേ പണം സമ്പാദിക്കണം. അതുകൊണ്ട്‌ ധൂര്‍ത്തടിച്ചു ജീവിക്കണം എന്നുമാത്രമേ അവര്‍ക്കുള്ളൂ. അവന്‍ ഏതോ കടല്‍കൊള്ളക്കാരുടെ കപ്പലിലെ അടിമച്ചെക്കനായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ വരയ്ക്കാനും ചായമിടാനും മിടുക്കനുമായിരുന്നു. അങ്ങനെ കറങ്ങിത്തിരിഞ്ഞുവന്ന ചെറുപ്പക്കാരന്‌ ജോലി കൊടുത്തു കഴിഞ്ഞാണ്‌ അവന്റെ പൂര്‍വ്വ ചരിത്രം അറിയുന്നത്‌. കിട്ടുന്ന പണം മദ്യത്തിനും ചൂതുകളിക്കാനും തികയുന്നില്ലായിരിക്കണം. അതുകൊണ്ട്‌ അവന്‍ കൊള്ളക്കാരുടെ കപ്പലിലേക്ക്‌ തിരികെ പോയിരിക്കണം എന്നാണ്‌ ഒടുവില്‍ അവശേഷിക്കുന്ന ജിയോവാനി എന്ന സഹായി അറിയിച്ചത്‌.

അവസാനപരീക്ഷണം എന്ന നിലയില്‍ അറ്റകുറ്റങ്ങള്‍ തുടച്ച്‌ വൃത്തിയാക്കുന്ന ജിയോവാനിയെ എല്ലാ ജോലികളും ഏല്‍പിച്ചു. പശ്ചാത്തലവും പ്രകാശവും നിഴലും അറ്റകുറ്റപ്പണികളും അവന്‍ സമര്‍ത്ഥമായി ചെയ്തുകൊണ്ടിരിക്കവേ മറ്റൊരു ദുരന്തമുണ്ടായി. അവന്‍ കയറി നിന്നിരുന്ന പടങ്ങ്‌ ഒടിഞ്ഞ്‌ താഴേക്ക്‌ വീണ്‌ കൈകാലുകളൊടിഞ്ഞു. ഇനിയും എത്ര കാലം കഴി യണം അവന്‍ ഒന്നെഴുന്നേറ്റ്‌ നടക്കാന്‍! നടന്നാല്‍ത്തന്നെ ഒടിഞ്ഞ അവന്റെ കൈകള്‍ക്ക്‌ ഇനിയും ചിത്രപ്പണികള്‍ നടത്താന്‍ കഴിയുമോ?

അപ്പോള്‍ മൈക്കെലാഞ്ജലോ പ്രതിസന്ധികളില്‍ തളരാതെ സ്വയം മന്ത്രിച്ചു:

എനിക്കാരും വേണ്ടാ, ഇനിയും ഒരു സഹായിയും. ഞാന്‍തന്നെ ഈ ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കും കൃത്യസമയത്ത്‌, പോപ്പ്‌ ജൂലിയസ്‌ രണ്ടാമനുവേണ്ടി. അദ്ദേഹം കാലം ചെയ്യും മുമ്പ്‌. അപ്പോള്‍ സെസ്റ്റീന്‍ ചാപ്പലിന്റെ മുകള്‍കത്തട്ടിലെ ചിത്രങ്ങള്‍ ഉയര്‍ത്തെണീറ്റു വരുംപോലെ. ചുറ്റിലും മാലാഖമാര്‍ കാഹളമൂതുന്ന ശബ്ദം പുറത്തു ചുറ്റിയടിക്കുന്ന ചുളിപ്പന്‍ കാറ്റില്‍ ഒഴു കിനടക്കുന്നതായി മൈക്കെലാഞ്ജലോയ്ക്ക്‌ തോന്നി.

(തുടരും)

Print Friendly, PDF & Email

Leave a Comment

More News