യുക്രെയിനിന് അമേരിക്ക 275 മില്യൺ ഡോളർ അധിക സൈനിക സഹായം നല്‍കും

വാഷിംഗ്ടണ്‍: യുക്രെയ്ന്‍ സേനയെ ശക്തിപ്പെടുത്താന്‍ 275 മില്യൺ ഡോളറിന്റെ അധിക സൈനിക സഹായത്തിന്റെ പുതിയ പാക്കേജ് അമേരിക്ക തയ്യാറാക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ പാക്കേജിൽ വെടിമരുന്നും കൂടുതൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (ഹിമാർസ്) ലോഞ്ചറുകളും ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുക്രെയ്‌നിലേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക് തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

അതിനിടെ, കിയെവിന് കൂടുതൽ കൂടുതൽ ആയുധങ്ങൾ നൽകുന്നത് സംഘർഷം കൂടുതൽ വഷളാക്കുകയേയുള്ളൂവെന്ന് റഷ്യ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചിട്ട് ഒമ്പതു മാസം കഴിഞ്ഞു.

“ഉക്രെയ്നിൽ തുടർച്ചയായി ആയുധങ്ങൾ നിറയ്ക്കുന്നത് “സംഘർഷത്തെ വഷളാക്കുകയും ഉക്രേനിയൻ ഭാഗത്തിന് കൂടുതൽ വേദനാജനകമാക്കുകയും ചെയ്യും. പക്ഷേ, ഇത് ഞങ്ങളുടെ ലക്ഷ്യങ്ങളെയും അന്തിമഫലത്തെയും മാറ്റില്ല,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഈ മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുക്രെയ്ൻ സംഘർഷത്തിൽ യഥാർത്ഥത്തിൽ യുഎസ് ഏർപ്പെട്ടിരിക്കുകയാണെന്നാണ് പെസ്കോവ് പറഞ്ഞത്.

അതിനിടെ, യുഎസും സഖ്യകക്ഷികളും യുക്രെയിനിന് നൽകിയ ആയുധങ്ങളുടെ വലിയൊരു ഭാഗം കരിഞ്ചന്തയിലേക്കും പിന്നീട് പശ്ചിമേഷ്യയിലെയും മധ്യ ആഫ്രിക്കയിലെയും ഏഷ്യയിലെയും തീവ്രവാദ, ക്രിമിനൽ ഗ്രൂപ്പുകളുടെ കൈകളിലേക്കും പോയതായി റഷ്യ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തി.

ഇക്കാര്യത്തിൽ ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷനായ ഇന്റർപോളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുൻ സോവിയറ്റ് രാജ്യത്തേക്ക് അമേരിക്കയിൽ നിന്നും യൂറോപ്യൻ സഖ്യകക്ഷികളിൽ നിന്നും ആയുധങ്ങൾ ഒഴുകിയത് തെറ്റായിപ്പോയെന്ന് ഇന്റർപോൾ സെക്രട്ടറി ജനറൽ ജുർഗൻ സ്റ്റോക്ക് പറഞ്ഞു.

യുക്രെയ്നിലേക്ക് പാശ്ചാത്യ രാജ്യങ്ങൾ അയച്ച ആയുധങ്ങളുടെ വലിയൊരു പങ്ക് ഒടുവിൽ യൂറോപ്പിലും അതിനപ്പുറവും ക്രിമിനൽ കൈകളിൽ എത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News