ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎം; അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത്

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനമുൾപ്പെടെയുള്ള സർവകലാശാലാ വിഷയങ്ങളിൽ സർക്കാരുമായി നിരന്തരം സംഘർഷം പുലർത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.പി.എം. ഇന്നു തുടങ്ങുന്ന രണ്ടു ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യം വിശദമായി പരിശോധിക്കും. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണ്ണറുടെ ചാൻസലര്‍ സ്ഥാനം. ഇത് ഒഴിവാക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.

ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഗവർണർക്കെതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങുന്ന കാര്യവും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും.

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിലെ വിവാദം അവസാനിപ്പിക്കാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പാർട്ടിക്ക് വിശദീകരണം നൽകി. പെൻഷൻ കൂട്ടുന്നത് പാർട്ടി നയം അല്ലെന്നും പൊതുമേഖല സ്ഥാപനങ്ങളുടെ ചട്ടക്കൂട് രൂപീകരിച്ചപ്പോൾ സംഭവിച്ചതാണെന്നും പാർട്ടി നയം അല്ലാത്തതിനാൽ പിൻവലിച്ചത് എന്നും മുഖ്യമന്ത്രി പാർട്ടിക്ക് നൽകിയ വിശദീകരണം.

നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ പാർട്ടിയുമായി കൂടിയാലോചിക്കാമെന്നും ധാരണയായിട്ടുണ്ട്. അന്തരിച്ച കോടിയേരി ബാലകൃഷ്ണന് പകരം പുതിയ വ്യക്തി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തും. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News