സഹോദരന്റെ സ്‌കൂട്ടറിൽ നിന്ന് വീണ് സഹോദരിക്ക് ദാരുണാന്ത്യം

മലപ്പുറം: വട്ടപ്പാറയിൽ സഹോദരൻ ഓടിച്ച സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങൽ ജുമൈല (23)യാണ് സഹോദരൻ ജാബിർ ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചത്. വട്ടപ്പാറ സിഐ ഓഫീസിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്ക് ഇന്റർവ്യൂവിന് പോകുമ്പോൾ നിയന്ത്രണം വിട്ട സ്‌കൂട്ടർ മുൻവശത്തെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ജുമൈല തെറിച്ചുവീണു. ഇതേത്തുടർന്നുണ്ടായ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതിനിടെ സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ ജാബിറിനെ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News