ഒരു വയസ്സുള്ള കുഞ്ഞിന്റെ മാല മോഷ്ടിച്ച അമ്മയേയും മകനേയും അറസ്റ്റു ചെയ്തു

കട്ടപ്പന: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുള്ള കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ അമ്മയും മകനും അറസ്റ്റിൽ. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്.

ചീന്തലാർ സ്വദേശികളായ പ്രിന്‍സ്-അനീഷ ദമ്പതികളുടെ മകന്‍ ധരിച്ചിരുന്ന 13 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് ഒക്ടോബര്‍ 23ന് കാണാതായത്. വീടിനകത്തും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. തുടര്‍ന്ന് ഈ മാസം നാലിന് ഉപ്പുതറ പോലീസിൽ പരാതി നൽകി.

പോലീസ് അന്വേഷണം ആരംഭിച്ചയുടൻ അയൽവാസികളായ സ്റ്റെല്ലയും പ്രകാശും മുങ്ങി. കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് മുണ്ടക്കയത്ത് സ്വർണം വിറ്റതായി മറ്റൊരു ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും മകനും ബസിൽ കട്ടപ്പനയിലേക്ക് പോകുന്നതായി ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചു. പോലീസ് ബസിനെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ചോദ്യം ചെയ്തു.

എന്നാല്‍ പ്രകാശും സ്‌റ്റെല്ലയും പേര്‌ മാറ്റി പറയുകയും തമിഴ്‌നാട്‌ സ്വദേശികളാണെന്ന്‌ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പക്ഷെ പല കേസുകള്‍ക്കായി സ്റ്റേഷനില്‍ എത്തിയിരുന്ന ഇരുവരെയും സി.ഐക്ക്‌ മുഖപരിചയമുണ്ടായിരുന്നു. പിടികൂടുമെന്ന് തോന്നിയതോടെ പ്രകാശ്‌ ബസ്സില്‍ നിന്നിറങ്ങി ഓടി.

സ്റ്റെല്ലയെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. ഓട്ടോറിക്ഷയിലെത്തിയ പ്രകാശ് വാഹന പരിശോധന മനസ്സിലാക്കി ഇറങ്ങി ഓടി. പോലീസും നാട്ടുകാരും പിന്തുടര്‍ന്നതോടെ പ്രകാശ്‌ ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്തേക്ക്‌ എടുത്തു ചാടി. നാട്ടുകാരുടെ സഹായത്തോടെ പ്രകാശിനെ രക്ഷപ്പെടുത്തി കസ്‌റ്റഡിയിലെടുത്തു.

തുടര്‍ന്ന്‌ നടന്ന ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. മോഷ്ടിച്ച മാല മുണ്ടക്കയത്തുള്ള ഒരു സ്വര്‍ണ്ണക്കടയില്‍ വില്‍ക്കുകയും അവിടെ നിന്ന് മറ്റൊരു ആഭരണം വാങ്ങി അത്‌ ഏലപ്പാറയാല്‍ വില്‍പന നടത്തിയതായും സമ്മതിച്ചു. ഡിവൈ. എസ്‌.പി പി.ജെ കുര്യാക്കോസിന്റെ നിര്‍ദേശാനുസരണം സി.ഐ. ഇ. ബാബു, എസ്‌.ഐ. എബ്രഹാം, സി.പി.ഒമാരായ ആന്റണി സെബാസ്‌റ്റ്യന്‍, ഷിബു, ഷിമാന്‍, അഭിലാഷ്‌, നിഷാദ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. അമ്മയേയും മകനേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Print Friendly, PDF & Email

Leave a Comment

More News