“എന്റെ അച്ഛനെ നിങ്ങള്‍ എന്തിനാണ് കൊന്നത്?”; പ്രിയങ്ക ഗാന്ധിയുടെ ചോദ്യം മാനസികമായി എന്നെ തളര്‍ത്തി: നളിനി ശ്രീഹരന്‍

ചെന്നൈ: വെല്ലൂർ സ്‌പെഷ്യൽ ജയിലിൽ കഴിഞ്ഞിരുന്ന തന്നെ കാണാൻ പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ പിതാവ് രാജീവ് ഗാന്ധിയുടെ മരണത്തെ കുറിച്ച് ചോദിച്ചെന്ന് നളിനി ശ്രീഹരൻ. 31 വർഷത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസം ജയിൽ മോചിതയായ നളിനി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന അപൂർവ കൂടിക്കാഴ്ചയെക്കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്. 2008 മാർച്ച് 18-നാണ് പ്രിയങ്ക നളിനിയെ പാർപ്പിച്ചിരുന്ന വെല്ലൂർ സ്പെഷ്യൽ ജയിൽ സന്ദർശിച്ചത്.

പ്രിയങ്കയുമായുള്ള കൂടിക്കാഴ്ച വൈകാരികമായിരുന്നു. തന്നെ കണ്ടപ്പോൾ പ്രിയങ്ക കരഞ്ഞു എന്നും നളിനി പറഞ്ഞു. അച്ഛന്റെ മരണത്തെക്കുറിച്ച് പ്രിയങ്ക ചോദിച്ചു. തനിക്കറിയാവുന്ന കാര്യങ്ങൾ പ്രിയങ്കയോട് വെളിപ്പെടുത്തി. വ്യക്തിപരമായ അഭിപ്രായങ്ങൾ ഉള്ളതിനാൽ കൂടിക്കാഴ്ചയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും നളിനി വ്യക്തമാക്കി.

1991 മെയ്‌ 21നാണ്‌ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ്‌ റാലിക്കിടെ രാജീവ്‌ ഗാന്ധി കൊല്ലപ്പെടുന്നത്‌. 1991 ജൂണ്‍ 14ന്‌ ചെന്നൈയില്‍ വച്ച്‌ നളിനിയെയും ഭര്‍ത്താവ്‌ ശ്രീഹരനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്തു. ക്രിമിനല്‍ ഗൂഡ്ദാലോചന കുറ്റമാണ്‌ നളിനിക്കെതിരെ ചുമത്തിയിരുന്നത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച വനിതയാണ്‌ നളിനി.

24 കാരിയായ നളിനി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ രണ്ട് മാസം ഗർഭിണിയായിരുന്നു. ജയിലിൽ വെച്ച് മകൾക്ക് ജന്മം നൽകി. 2000-ൽ സോണിയ ഗാന്ധിയുടെയും തമിഴ്‌നാട് സർക്കാരിന്റെയും ഇടപെടലിനെത്തുടർന്ന് നളിനിയുടെ ശിക്ഷ വധശിക്ഷയിൽ നിന്ന് ജീവപര്യന്തമാക്കി കുറച്ചു.

പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയോടെയാണ്‌ തന്റെ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷ ഉദിച്ചതെന്ന്‌ നളിനി നേരത്തേ പറഞ്ഞിട്ടുണ്ട്‌. അഭിഭാഷകനായ പി പുകഴേന്തി മുഖേന ദ ഹിന്ദു പത്രം അയച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ്‌ പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച്‌ നളിനി മനസ്‌ തുറക്കുന്നത്‌.

പ്രിയങ്ക ജയിലില്‍ കാണാനെത്തിയപ്പോള്‍ നളിനിക്ക്‌ ആദ്യം വിശ്വസിക്കാനായില്ല. താന്‍ പ്രിയങ്കയാണെന്ന്‌ രണ്ട്‌ വട്ടം പറഞ്ഞപ്പോഴാണ്‌ ഞെട്ടലില്‍ നിന്ന്‌ മുക്തയായതെന്ന്‌ നളിനി ഓര്‍ത്തെടുക്കുന്നു. എനക്ക്‌ ഒന്‍ട്രും തെരിയാതമ്മ (എനിയ്ക്ക്‌ ഒന്നും അറിയില്ല) എന്നായിരുന്നു നളിനി പ്രിയങ്കയോട്‌ ആദ്യം പറഞ്ഞ വാചകങ്ങളിലൊന്ന്‌.

എന്റെ പിതാവ്‌ നല്ല മനുഷ്യനായിരുന്നു. ലോല ഹൃദയനായിരുന്നു. നിങ്ങളെന്തിനാണ്‌ അങ്ങനെ ചെയ്തത്‌. എന്തായിരുന്നു കാരണമെങ്കിലും സംസാരിച്ച്‌ പരിഹരിക്കാമായിരുന്നില്ലേയെന്ന്‌ പ്രിയങ്ക നിറകണ്ണുകളോടെ ചോദിക്കുമ്പോള്‍ നളിനിയും വിതുമ്പുകയായിരുന്നു.

‘സഹിക്കാനാവാതെ ഞാന്‍ കരയാന്‍ തുടങ്ങി. ആ നിമിഷത്തില്‍ മരിക്കുന്നത്‌ പോലെയാണ്‌ അനുഭവപ്പെട്ടത്‌. അത്രയധികം വേദനയുണ്ടായിരുന്നു. ഗാന്ധി കുടുംബത്തിലെ ഒരാളുമായുള്ള കൂടിക്കാഴ്ച സാധാരണ കാര്യമായിരുന്നില്ല. സാഹചര്യങ്ങള്‍ മൂലം ഞാന്‍ നേരിട്ട അപമാനങ്ങളില്‍ നിന്നും ആക്ഷേപങ്ങളില്‍ നിന്നും ശുദ്ധീകരണമുണ്ടായത്‌ പോലെയാണ്‌ എനിക്ക്‌ തോന്നിയത്‌.

പ്രിയങ്കയുമായുള്ള കൂടിക്കാഴ്ച താന്‍ നിരപരാധിയാണെന്ന്‌ ഗാന്ധി കുടുംബം ഒരിയ്ക്കല്‍ വിശ്വസിക്കുമെന്ന പ്രതീക്ഷയുണ്ടാക്കി. അച്ഛന്റെ വിയോഗത്തില്‍ പ്രിയങ്ക അനുഭവിച്ച വേദനയും അമര്‍ഷവും എത്രത്തോളമുണ്ടെന്ന്‌ ഞാന്‍ നേരിട്ട്‌ കണ്ടു, മനസിലാക്കി” – നളിനി ഓര്‍ത്തെടുത്തു.

Print Friendly, PDF & Email

Leave a Comment

More News