വിവാഹ വേദിയിലെ കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്ക്; പതിനഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ സത്കാരത്തിനിടെ നടത്തിയ കൂട്ടത്തല്ലില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുൽ, വിവേക്, കുട്ടൂസന്‍ എന്നിവരുൾപ്പെടെ 15 പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. കുറ്റവാളികള്‍ക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സത്കാരത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വധുവിന്റെ സഹോദരനും അയൽവാസിയായ അഭിജിത്തും തമ്മിൽ പഴയ വഴക്കാണ് സംഘർഷത്തിൽ കലാശിച്ചത്. കൂട്ടത്തല്ലില്‍ വധുവിന്റെ പിതാവ് വിഴിഞ്ഞം സ്വദേശി അനിൽകുമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

മാസങ്ങള്‍ക്ക്‌ മുമ്പ്‌ വധുവിന്റെ സഹോദരനും അയല്‍വാസിയായ അഭിജിത്തും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും നടന്നിരുന്നു. വിഴിഞ്ഞം പൊലീസ്‌ സ്റ്റേഷനില്‍ വച്ച്‌ സംഭവം ഒത്തുതിര്‍പ്പാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വധുവിന്റെ വീട്ടുകാര്‍ അഭിജിത്തിനെ വിവാഹത്തിന്‌ ക്ഷണിച്ചിരുന്നില്ല.

എന്നാല്‍, ഇയാള്‍ വിവാഹ സത്കാരം നടക്കുന്ന ഹാളിലേക്കെത്തി വധുവിന്റെ പിതാവിന്‌ 200 രൂപ ഉപഹാരമായി നല്‍കി. വധുവിന്റെ പിതാവ്‌ ഇത്‌ സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന്‌ ഇയാള്‍ പുറത്തുപോയി സംഘം ചേർന്നെത്തി ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നവരെ മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന്‌ വിവാഹ സത്കാരത്തിനെത്തിയവരും പ്രതിരോധിച്ചതോടെ അടിപിടി കൂട്ടത്തല്ലില്‍ കലാശിച്ചു. കൂടുതല്‍ പൊലീസ്‌ എത്തിയതോടെയാണ്‌ സംഘര്‍ഷത്തിന്‌ അയവ്‌ വന്നത്‌. ഇന്നലെ പൊലീസ്‌ സുരക്ഷയിലാണ്‌ വിവാഹം നടന്നത്‌.

Print Friendly, PDF & Email

Leave a Comment

More News