ദക്ഷിണേഷ്യയിലെ മികച്ച പത്ത് വിമാനത്താവളങ്ങളിൽ എട്ടെണ്ണം ഇന്ത്യയില്‍; ഡല്‍ഹിയിലെ ഐജി‌എ ഒന്നാമന്‍

ന്യൂഡല്‍ഹി: സ്‌കൈട്രാക്‌സിന്റെ ദക്ഷിണേഷ്യയിലും ഇന്ത്യയിലും മികച്ച എയർപോർട്ട് അവാർഡുകളിൽ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണൽ എയർപോർട്ട് (ഡൽഹി) ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി നാലാം വർഷമാണ് ഡൽഹി ഈ പുരസ്‌കാരം നേടുന്നത്. ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ദക്ഷിണേഷ്യയിലെ മികച്ച പത്ത് വിമാനത്താവളങ്ങളിൽ എട്ടെണ്ണവും ഇന്ത്യൻ വിമാനത്താവളങ്ങളാണ്. ചെന്നൈ, കൊൽക്കത്ത, കൊച്ചി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ദക്ഷിണേഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളങ്ങളുടെ പട്ടികയിലും ഡൽഹിയാണ് മുന്നിൽ. കൂടാതെ, ലോകത്തിലെ മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി 37-ാം സ്ഥാനത്താണ്. ഡൽഹി വിമാനത്താവളത്തിൽ T1, T2, T3 എന്നിങ്ങനെ മൂന്ന് ടെർമിനലുകളുണ്ട്. 2010-ലാണ് ഇതിന്റെ T3 ടെർമിനൽ തുറന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെർമിനലായ T3 വഴി പ്രതിവർഷം 40 ദശലക്ഷം യാത്രക്കാർ കടന്നുപോകുന്നു. ഡൽഹി വിമാനത്താവളം നിയന്ത്രിക്കുന്നത് ജിഎംആർ ഇൻഫ്രായാണ്. മികച്ച പ്രാദേശിക വിമാനത്താവളങ്ങളുടെ പട്ടികയിൽ ബാംഗ്ലൂരിലെ കെംപെഗൗഡ എയർപോർട്ട് (കെഐഎ) ഒന്നാമതാണ്.

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം. 500-ഓളം വിമാനത്താവളങ്ങളിലെ ഉപഭോക്തൃ സേവനവും സൗകര്യങ്ങളും വിലയിരുത്തിയുള്ള വാർഷിക സർവേയുടെ അടിസ്ഥാനത്തിലാണ് സ്കൈട്രാക്സ് ലോകത്തിലെ മികച്ച വിമാനത്താവളങ്ങൾക്കുള്ള അവാർഡുകൾ നിർണയിക്കുന്നത്.

100-ലധികം രാജ്യങ്ങളിൽ നിന്നുള്ള എയർപോർട്ട് ഉപഭോക്താക്കളുമായി 2021 സെപ്തംബർ മുതൽ 2022 മെയ് വരെയുള്ള ഒമ്പത് മാസ കാലയളവിലാണ് സർവേ നടത്തിയത്. എയർപോർട്ട് സർവീസിലെ യാത്രക്കാരുടെ അനുഭവവും ചെക്ക് ഇൻ, ഷോപ്പിംഗ്, സെക്യൂരിറ്റി ഉൾപ്പെടെയുള്ള ഘടകങ്ങളും വിലയിരുത്തിയാണ് സർവേ പൂർത്തിയാക്കിയത്.

Print Friendly, PDF & Email

Leave a Comment

More News