ഫിഫ ലോക കപ്പ്: സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് പിന്തുണയുമായി ഇറാനിയന്‍ ടീം ദേശീയ ഗാനം ആലപിച്ചില്ല

ദോഹ (ഖത്തര്‍): ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ടീം അംഗങ്ങൾ ലോകകപ്പ് ഫുട്ബോൾ വേദിയിൽ. അർ-റയ്യാനിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഫിഫ ലോകകപ്പ് മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാനിയൻ ഫുട്ബോൾ ടീം പ്രതിഷേധിച്ചു. മത്സരത്തിനിടെ ഇറാൻ ആരാധകരുടെ വികാരനിർഭരമായ നിമിഷങ്ങൾക്കും ഗാലറി സാക്ഷിയായി. ഗ്രൂപ്പ് ബി ഉദ്ഘാടന മത്സരത്തിൽ ഇറാൻ ഇംഗ്ലണ്ടിനെ നേരിട്ടു.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ച് ദേശീയ ഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം കൂട്ടായ തീരുമാനമെടുക്കുമെന്ന് ഇറാൻ ക്യാപ്റ്റൻ അലിറേസ ജഹാൻബക്ഷ് നേരത്തെ പറഞ്ഞിരുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ, രാജ്യത്തെ ജനങ്ങളുടെ ശബ്ദമാകാൻ ഇറാന്റെ ടീം അംഗങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ദേശീയ ടീം ക്യാപ്റ്റൻ എഹ്‌സാൻ ഹജ്‌സഫിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇറാനിലെ പ്രതിഷേധക്കാർക്ക് പിന്തുണയുമായി ഗാലറിയിൽ പ്രതികരണങ്ങളുണ്ടായി. വിമന്‍, ലൈഫ്, ഫ്രീഡം എന്നെഴുതിയ പ്ലക്കാർഡുകളിൽ ഇറാനിയൻ പതാകകൾ അണിനിരന്നു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ അടിച്ചമർത്തൽ ശക്തമാണ്. മഹ്സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ മാസങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച രണ്ട് പ്രമുഖ താരങ്ങളെ കഴിഞ്ഞ ദിവസം ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. പരസ്യമായി ശിരോവസ്ത്രം അഴിച്ചതിനാണ് നടിമാരായ ഹെൻഗാമെ ഗാസിയാനിയെയും കതയൗൻ റിയാഹിയെയും അറസ്റ്റ് ചെയ്തത്. കൂട്ട അറസ്റ്റുകളിലും അടിച്ചമർത്തലുകളിലും കായികതാരങ്ങളും ചലച്ചിത്ര താരങ്ങളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഇരകളായിട്ടുണ്ട്. പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലിൽ, ഇറാനിലെ അറിയപ്പെടുന്ന ഫുട്ബോൾ ടീമുകളിലൊന്നായ പെർസെപോളിസ് എഫ്‌സിയിൽ നിന്നുള്ള യഹ്‌യ ഗോൾമോഹമ്മദിയുടെ പരിശീലകനും ഉൾപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സ്പെയിനിലെ ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോയതിന് ശേഷം ഇറാനിലേക്ക് മടങ്ങില്ലെന്ന് ഇറാൻ ബോക്സിംഗ് ഫെഡറേഷൻ തലവൻ ഹുസൈൻ സൂരി പറഞ്ഞു. മനുഷ്യരെ കൊന്നൊടുക്കുന്ന രാജ്യത്തെ സേവിക്കാൻ തനിക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വിശദീകരിക്കുന്നു.

ഇറാന്റെ ഭരണകൂട അടിച്ചമർത്തലിൽ ഇതുവരെ 378 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരിൽ 47 പേർ കുട്ടികളാണെന്നും ഇറാനിയൻ മനുഷ്യാവകാശ സംഘടനകളും പറയുന്നു. ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് ആറ് പേർക്ക് ഇറാൻ സർക്കാർ ഇതുവരെ വധശിക്ഷ വിധിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News