ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല: ഹൈക്കോടതി

കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെനന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പാലിക്കാന്‍ ഉദേശ്യമില്ലാതെ മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമായി കണക്കാക്കാന്‍ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ പുനലൂര്‍ പൊലീസ് എടുത്ത കേസ് റദ്ദാക്കണെന്ന ഹര്‍ജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. മലയാളികളായ ഇരുവരും ഓസ്‌ട്രേലിയയില്‍ വെച്ച് സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപെടുന്നത്. യുവതി വിവാഹിതയായിരിക്കെ ഹര്‍ജിക്കാരനുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണെങ്കിലും പരാതിക്കാരി നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ല. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിരുന്നുവെന്നും അതിനാലാണ് രണ്ടു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, എന്നാല്‍ പിന്നീട് വിവാഹം കഴിക്കാന്‍ യുവാവ് തയാറാകാത്തതിനെ തുടര്‍ന്നാണ് കൊല്ലം പുനലൂര്‍ പോലിസില്‍ യുവതി പരാതി നല്‍കിയതും.

Print Friendly, PDF & Email

Leave a Comment

More News