‘പുറത്ത് സിംഹത്തെപ്പോലെ, ഉള്ളിൽ എലിയെപ്പോലെ’: അതിർത്തി പ്രശ്നത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഖാർഗെ

ജയ്പൂര്‍: അതിർത്തില്‍ നുഴഞ്ഞുകയറുന്ന ചൈനയെ നേരിടാൻ കഴിയാതെ ബിജെപി സർക്കാർ രാജ്യത്തിന് പുറത്ത് സിംഹത്തെപ്പോലെയാണ് സംസാരിക്കുന്നതെന്നും എന്നാൽ ഉള്ളിൽ എലിയെപ്പോലെയാണ് പെരുമാറുന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ അൽവാറിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഖാർഗെ

ഭാരത് ജോഡോ യാത്രയ്ക്കിടെ രാജസ്ഥാനിലെ അൽവാറിൽ നടന്ന റാലിയിൽ സംസാരിക്കവെ, കോൺഗ്രസ് രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും അതിന്റെ നേതാക്കൾ അത്യധികം ത്യാഗങ്ങൾ സഹിച്ച് സ്വാതന്ത്ര്യം നേടുകയും ചെയ്തപ്പോൾ രാജ്യത്തിന് വേണ്ടി “ബിജെപിയുടെ ഒരു നായ പോലും നഷ്ടപ്പെട്ടിട്ടില്ല” എന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിൽ ബിജെപി വിഭജിക്കുകയാണെന്നും, ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണവും അവര്‍ അവസാനിപ്പിക്കുകയാണെന്നും, ഇതിനെതിരെയാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും ഖാർഗെ പറഞ്ഞു.

“തങ്ങൾ ശക്തരാണെന്നാണ് മോദി സർക്കാരിന്റെ അവകാശ വാദം. ആരും തങ്ങളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ധൈര്യപ്പെടില്ലെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാൽ, അതിർത്തിയിൽ തർക്കങ്ങളും ഏറ്റുമുട്ടലുകളും ഉയരുകയാണ്. നമ്മുടെ 20 സൈനികർ ഗാൽവാനിലെ അതിർത്തിയിൽ വീരമൃത്യു വരിച്ചു. അതിനുശേഷമാണ് മോദി ജി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്, അതും 18 തവണ. അവർ മീറ്റിംഗുകൾ നടത്തി, ഊഞ്ഞാലാട്ടം പോലും നടത്തി. ഇത്രയൊക്കെയുണ്ടായിട്ടും ചൈനയുമായുള്ള അതിർത്തിയിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അദ്ദേഹം ചോദിച്ചു.

ചൈന വിഷയം താൻ വീണ്ടും പാർലമെന്റിൽ ഉന്നയിച്ചെന്നും അതിർത്തിയിലെ സ്ഥിതി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും, എന്നാൽ ബിജെപി സർക്കാർ ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്നും ഖാർഗെ പറഞ്ഞു.

പുറത്ത് സിംഹത്തെപ്പോലെയാണ് അവർ സംസാരിക്കുന്നത്, എന്നാൽ കണ്ടാൽ എലിയെപ്പോലെയാണ് അവരുടെ പ്രവൃത്തി. വിഷയം ചർച്ച ചെയ്ത് നോട്ടീസ് നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, അവർ ഇപ്പോഴും പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“നിങ്ങളുടെ ഒരു നായയെങ്കിലും രാജ്യത്തിന് വേണ്ടി ചത്തിട്ടുണ്ടോ? ഇപ്പോഴും അവർ രാജ്യസ്നേഹികളാണെന്ന് അവകാശപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങളെ ദേശദ്രോഹികളായി (ദേശവിരുദ്ധർ)
മുദ്ര കുത്തുന്നു.” ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ആരോപിച്ചു. അതുകൊണ്ടാണ് രാഹുൽ ഗാന്ധി ഈ ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും എല്ലാവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിർത്തിയിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന ഞങ്ങളുടെ ആവശ്യം അനുവദിക്കാത്തത് ആശ്ചര്യകരമാണെന്നും ഖാർഗെ പറഞ്ഞു. ഒരു ചർച്ചയുടെ ആവശ്യമില്ലെന്നാണ് അവരുടെ വാദം. എന്നാൽ, ചൈനയുമായി എന്താണ് സംഭവിക്കുന്നത്, സർക്കാർ എന്താണ് ചെയ്യുന്നത്, നമ്മുടെ അതിർത്തിയുടെയും സൈനികരുടെയും അവസ്ഥ എന്താണ് എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു ചർച്ച ആവശ്യമാണ്.

കോൺഗ്രസ് രാജ്യത്തിനും രാജ്യസുരക്ഷയ്ക്കും ഒപ്പമാണ്, ഞങ്ങൾ എല്ലാവരും ചേർന്ന് രാജ്യത്തെ സംരക്ഷിക്കും. എന്നാൽ, ചൈനയുമായുള്ള ചർച്ചയിൽ നിന്ന് നിങ്ങൾ ഒളിച്ചോടുന്നതും ഒളിച്ചു കളിക്കുന്നതും എന്തിനാണ്? എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ടാണ് കോൺഗ്രസിന്റെ അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് ഖാർഗെ

“ഈ സർക്കാർ ജനാധിപത്യം അവസാനിപ്പിക്കുകയാണ്. സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം കുറയ്ക്കുകയാണ്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. അവർ കോൺഗ്രസിനെ ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണ്,” അദ്ദേഹം ആരോപിച്ചു.

“ബിജെപിയുടെ ഈ സർക്കാർ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് യാത്രയ്ക്ക് പൊതുജനങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നത്. രാഹുൽ ജി എന്തെങ്കിലും പറയുമ്പോഴെല്ലാം ബി.ജെ.പി ചൊറിഞ്ഞിട്ട് കാര്യമില്ല,” അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള അതിർത്തി തർക്കത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചപ്പോൾ, “രാഹുൽ ജി രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും നമ്മുടെ സൈനികരോട് അദ്ദേഹത്തിന് ബഹുമാനമില്ലെന്നും” ആരോപിച്ച് ബിജെപി നേതാക്കൾ വിഷയം മാറ്റാനാണ് ശ്രമിച്ചതെന്ന് ഖാര്‍ഗെ പറഞ്ഞു.

പാർലമെന്റിൽ ചൈനയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ഖാർഗെ

നേരത്തെ ചൈനയുമായുള്ള അതിർത്തി സംഘർഷം ഖാർഗെ രാജ്യസഭയിൽ ഉന്നയിക്കുകയും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

“ചൈന നമ്മുടെ അതിർത്തികൾ അനധികൃതമായി കൈയ്യേറുകയാണ്. അവർ ഡിവിഷണൽ ആസ്ഥാനങ്ങളും ആർമി ഗാരിസണും പീരങ്കികൾക്കായി ആയുധ ഷെൽട്ടറുകളും നിർമ്മിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നു. എന്തുകൊണ്ടാണ് മോദി സർക്കാർ ‘ചൈന പേ ചർച്ച’യിൽ നിന്ന് പിന്മാറുന്നത്?” അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.

Print Friendly, PDF & Email

Leave a Comment

More News