സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയ ചേരിക്കായുള്ള പരിശ്രമങ്ങൾ തുടരും: ഡോ. എസ്.ക്യു.ആർ ഇല്യാസ്

മലപ്പുറം: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സംഘ്പരിവാർ വിരുദ്ധ ചേരിയുടെ രാഷ്ട്രീയ അധികാരത്തിനായുള്ള പരിശ്രമങ്ങൾ തുടരുമെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ്. ക്യു. ആർ ഇല്യാസ്. ഫാഷിസത്തിനെതിരെ മുഖാമുഖം നിൽക്കുക എന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസമായി മലപ്പുറത്ത് നടന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയും പൊതുസമ്മേളനവും വാരിയംകുന്നൻ നഗറിൽ (വലിയങ്ങാടി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് നിലപാടുകൾക്കെതിരെ പൊരുതിയതിന്റെ പേരിൽ രണ്ട് വർഷം അന്യായമായി തടവിലിട്ട മകൻ ഉമർ ഖാലിദിനെ കണ്ടിട്ടാണ് ഞാൻ വരുന്നത്. അവന്റെ സഹോദരിയുടെ വിവാഹമായിരുന്നു ഇന്നലെ. മകൻ ഒരാഴ്ചത്തേക്ക് പുറത്തിറങ്ങിയത് സന്തോഷകരമായ കാര്യമാണെങ്കിലും ഉമർ ഖാലിദിനെ പോലെയുള്ള അനേകം മുസ്‌ലിം ചെറുപ്പക്കാർ, ന്യൂനപക്ഷ – ദലിത് വിഭാഗങ്ങൾ വർഷങ്ങളായി ജയിലറക്കുള്ളിലാണ് എന്ന ബോധ്യമാണ് വിവാഹച്ചടങ്ങുകൾ വിട്ട്, ഒരാഴ്ചത്തേക്ക് മാത്രം എന്നോടൊപ്പമുണ്ടാകുന്ന ഉമർ ഖാലിദിനെ വിട്ട് നിങ്ങളെ അഭിവാദ്യം ചെയ്യാൻ ഞാനിവിടെ എത്താനുള്ള കാരണം. ഞാൻ തെരഞ്ഞെടുത്ത വഴിയിൽ കൂടുതൽ ശക്തമായി മുന്നോട്ട് പോവുക എന്ന് എന്റെ അനുഭവം എന്നെ ആഹ്വാനം ചെയ്യുന്നു. ആ ആഹ്വാനത്തെ അതേപടി ഞാൻ നിങ്ങൾക്ക് കൈമാറുന്നു.

നമ്മുടെ രാജ്യത്തെ സംഘ്പരിവാറിൽ നിന്നും രക്ഷിച്ചെടുക്കേണ്ടത് അടിയന്തര ദൗത്യമാണെന്ന് ഓരോ പിതാവും മനസിലാക്കുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളത്. ഈ യാഥാർഥ്യം മതേതര കക്ഷികൾ ഗൗരവത്തോടെ മനസിലാക്കണം. രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലകളിലെല്ലാം ഫാഷിസം അവരുടെ അജണ്ട നടപ്പിലാക്കുമ്പോഴും അതിന് കീഴടങ്ങാൻ തയാറാവാത്ത തലമുറ രാജ്യത്തുണ്ട് എന്നത് ആവേശകരമാണ്. മകൻ ജയിലിലായിരിക്കുമ്പോഴും ഇന്നലെ വരന്റെ വീട്ടിലേക്ക് പോയ മകൾ എനിക്ക് നൽകിയ പിന്തുണ വലുതായിരുന്നു. ഫാഷിസത്തെ തകർക്കാൻ രാജ്യം ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണ്. നിർഭാഗ്യവശാൽ കോൺഗ്രസ് പാർട്ടിക്ക് ഇക്കാര്യത്തിൽ അവർക്കുള്ള പങ്കിന്റെ പ്രാധാന്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സ്ഥാപിത താൽപര്യങ്ങൾ വിട്ട് ഈ പോരാട്ടത്തെ ശക്തിപ്പെടുത്താൻ കോൺഗ്രസിന് ബാധ്യതയുണ്ട്. ഫാഷിസ്റ്റ് അജണ്ടകളുടെ നടത്തിപ്പുകാരായി കേരളത്തിലെ മതേതര കക്ഷികൾ മാറരുതെന്നും ഡോ. എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു.

ഡിസം. 27, 28 തീയതികളിൽ നടന്ന പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡണ്ടിനെയും സംസ്ഥാന കമ്മിറ്റിയും ഡോ. എസ്.ക്യു.ആർ ഇല്യാസ് പൊതുസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പരിപാടിയിൽ നിലവിലെ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. കഴിഞ്ഞദിവസം മരണപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗം പി.സി ഭാസ്കരന്റെ അനുസ്മരണം വേദിയിൽ നടത്തി. വിടുതലൈചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സാമൂഹിക പ്രവർത്തകൻ കെ. പി ശശിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വേദിയിൽ വീഡിയോ ആൽബം പ്രദർശിപ്പിച്ചു. ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ എന്നിവർ അഭിവാദ്യ പ്രഭാഷണങ്ങൾ നടത്തി. സതീഷ് പാണ്ടനാടിന്റെ വില്ലുവണ്ടി നാടൻ പാട്ട് വേദിയിൽ അരങ്ങേറി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിക്ക് ഡോ. എസ്.ക്യു.ആർ ഇല്യാസ് പതാക കൈമാറി. ആശയ കരുത്തും നവരാഷ്ട്രീയ ബോധവുമുള്ള സംഘമാണ് വെൽഫെയർ പാർട്ടിയെന്ന് റസാഖ് പാലേരി പറഞ്ഞു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഉയർത്തിവിടുന്ന ആരോപണങ്ങളെ സാഹോദര്യത്തിന്റെയും പിന്നാക്ക ജനവിഭാഗങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടത്തിലൂടെയും മറികടക്കും. സംഘ്പരിവാറിന്റെ വിഷലിപ്തമായ വംശീയ ഉന്മൂല പദ്ധതിയെ അധികാരം കൊണ്ടും ആശയം കൊണ്ടും മറികടക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൾക്ക് പാർട്ടി രൂപം നൽകും. യൂണിറ്റ് തലമുതൽ സംസ്ഥാനതലം വരെയുള്ള തെരഞ്ഞെടുപ്പിന്റെ ഊർജ്ജം ഉൾക്കൊണ്ട് കരുത്തുറ്റ രാഷ്ട്രീയ മുന്നേറ്റത്തിന് വെൽഫെയർ പാർട്ടി തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട് വീഡിയോയിലൂടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. ഗവർണറുടെ സംഘ്പരിവാർ വിധേയത്വം, സംവരണ അട്ടിമറി, പ്രവാസി സമൂഹം എന്നീ വിഷയങ്ങൾ മുൻനിർത്തി സംസ്ഥാന സമ്മേളനത്തിൽ യഥാക്രമം പ്രേമ ജി പിഷാരടി, ബിനു വയനാട്, അസ്‌ലം ചെറുവാടി എന്നിവർ പ്രമേയം അവതരിപ്പിച്ചു.

വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം, സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ, കർണാടക സംസ്ഥാന പ്രസിഡണ്ട് താഹിർ ഹുസൈൻ, ദേശീയ സെക്രട്ടറി ഇ.സി ആയിഷ, തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് കെ.എസ് അബ്ദുറഹ്മാൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ്, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന അദ്ധ്യക്ഷ നജ്ദ റൈഹാൻ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് സ്വാഗതവും മലപ്പുറം ജില്ല പ്രസിഡണ്ട് നാസർ കീഴുപറമ്പ് നന്ദിയും പറഞ്ഞു. സുരേന്ദ്രൻ കരിപ്പുഴ, ഇ. സി ആയിശ, പി. എ അബ്ദുൽ ഹക്കീം, ജോസഫ് ജോൺ, കൃഷ്ണൻ കുനിയിൽ, എസ്. ഇർഷാദ്, സജീദ് ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.

സംഘ്പരിവാറിനെതിരെ മുസ്‌ലിം – ദലിത് പിന്നാക്ക സംയുക്തരാഷ്ട്രീയ മുന്നേറ്റമുണ്ടാവണം: തിരുമാവളവൻ എം.പി

മലപ്പുറം: സവർണ്ണ വംശീയതയിലും വെറുപ്പിലും അധിഷ്ഠിതമായ സംഘ്പരിവാർ ഫാഷിസം ഇന്ത്യയുടെ വൈധ്യപൂർണ്ണമായ പാരമ്പര്യത്തെയാണ് തകർക്കുന്നത്. അതിനെ ചെറുത്തുതോൽപ്പിക്കാൻ മുസ്‌ലിം – ദളിത് – ആദിവാസി പിന്നാക്ക സമൂഹങ്ങളുടെ സംയുക്ത രാഷ്ട്രീയ മുന്നേറ്റമാണ് രാജ്യമിപ്പോൾ ആവശ്യപ്പെടുന്നത്. ഓരോ സാമൂഹിക വിഭാഗങ്ങളും സ്വന്തം അസ്തിത്വം നിലനിർത്തിത്തന്നെ ഈ രാഷ്ട്രീയ സംഘാടനത്തിന് മുന്നോട്ടുവരേണ്ടതുണ്ടെന്ന് തമിഴ്നാട് വിടുതലൈ ചിരുതൈകൾ കച്ചി പാർട്ടി പ്രസിഡൻ്റും ചിദംബരം എംപിയുമായ തോൾ തിരുമാവളവൻ. മലപ്പുറത്ത് വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ അധികാരവും സാമൂഹ്യപ്രസക്തിയും ഉള്ള ജനവിഭാഗമായി വളരുന്നതിന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾ പദ്ധതി തയ്യാറാക്കണം. പരമ്പരാഗത രാഷ്ട്രീയപാർട്ടികളുടെ കീഴിലെ വോട്ടുബാങ്ക് ആയി മാറുന്ന സംസ്കാരത്തെ മാറ്റിയെടുക്കണം. രാജ്യത്ത് ജനാധിപത്യ അവകാശങ്ങളും രാഷ്ട്രീയ പ്രാതിനിധ്യവും നേടിയെടുക്കുന്നതിന് നിരന്തരം തെരുവിൽ ഇറങ്ങേണ്ട സന്ദർഭമാണിത്. സംഘപരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയെ ഏറ്റെടുക്കുന്ന പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയാനും തിരുത്താനും കരുത്തുള്ള സംഘടിത ശക്തിയായി പിന്നാക്ക ജനസമൂഹം മാറണം. തമിഴ്നാട്ടിൽ ശക്തിപ്പെടുന്ന ദ്രാവിഡ രാഷ്ട്രീയത്തിലും വിവിധ പിന്നാക്ക സമൂഹങ്ങളുടെ രാഷ്ട്രീയ ഐക്യത്തിലും രാജ്യത്തിന് മാതൃകയുണ്ട്. രാഷ്ട്രീയ വൈരാഗ്യം മാറ്റിനിർത്തി വിവിധ ജനവിഭാഗങ്ങളുടെയും സ്വത്വങ്ങളുടെയും വിശാല ഐക്യം രൂപപ്പെടുത്തി സംഘ്പരിവാറിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിവാദ്യങ്ങളോടെ,
ആദിൽ അബ്ദുൽ റഹിം
മീഡിയ കൺവീനർ.

കൂടുതൽ വിവരങ്ങൾക്ക്: ആരിഫ് ചുണ്ടയിൽ +91 9744 954 787

Print Friendly, PDF & Email

Leave a Comment

More News