മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ഒരു ലക്ഷം പ്രവർത്തകർ അണിനിരന്ന് കരുത്ത് തെളിയിച്ച് വെൽഫെയർ പാർട്ടിയുടെ ബഹുജന റാലി

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ലക്ഷത്തോളം പ്രവർത്തകർ അണിനിരന്ന ബഹുജന റാലിയോടെയും പൊതുസമ്മേളനത്തോടെയും വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് സമാപനം. മലപ്പുറം ജില്ലയിലെ വെൽഫെയർ പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു മലപ്പുറം ടൗൺ നിറഞ്ഞുകവിഞ്ഞു നീങ്ങിയ പ്രകടനം.ശിങ്കാരിമേളം, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, കളരിപ്പയറ്റ്, തുടങ്ങിയ സാംസ്കാരിക രൂപങ്ങങ്ങൾ റാലിക്ക് നിറപ്പകിട്ടേകി.

രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും വർത്തമാന രാഷ്ട്രീയ- സാമൂഹിക അവസ്ഥകൾ വരച്ചുകാണിക്കുന്ന നിശ്ചല ദൃശ്യങ്ങളും റാലിയുടെ ഭാഗമായുണ്ടായിരുന്നു.ഭരണഘടനയെ അട്ടിമറിക്കുന്ന നീക്കങ്ങൾ, വർഗീയ രാഷ്ട്രീയം, വംശീയത, രാഷ്ട്രീയ തടവുകാർ, പൗരത്വ പ്രക്ഷോഭം, സവർണ്ണ സംവരണം , സ്വജനപക്ഷപാതം, മലബാർ വിവേചനം, തീരദേശത്തോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളാണ് ശ്രദ്ധേയമായി ആവിഷ്കരിച്ചത്.

നവോത്ഥാന നായകന്മാരും ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളും സംഭാവന ചെയ്ത സംസ്കാരത്തിൻ്റെയും ചരിത്രങ്ങളുടെയും ചിത്രീകരണവും നടന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ ഭരണഘടന അട്ടിമറികളെ ചോദ്യം ചെയ്യുന്ന മുദ്രാവാക്യങ്ങൾ പ്രകടനത്തിലുടനീളം മുഴങ്ങി.പതിനൊന്ന് വർഷം പൂർത്തിയാകുന്ന വെൽഫെയർ പാർട്ടിയുടെ വിവിധ മേഖലകളിലെ രാഷ്ട്രീയ, സാംസ്കാരിക ഇടപെടലുകളുടെ ചരിത്രം വിളിച്ചോതുന്ന ദൃശ്യങ്ങളും റാലിക്ക് കൊഴുപ്പേകി. എംഎസ്പി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം സമ്മേളനം നഗരിയായി വലിയങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയ വാരിയംകുന്നൻ നഗറിൽ സമാപിച്ചു. സംസ്ഥാന നേതാക്കൾ അണിനിരന്ന പ്രകടനത്തിന് ഗണേഷ് വടേരി, തസ്നി മമ്പാട്, ഉഷാകുമാരി, എസ്. മുജീബ് റഹ്മാൻ, കെ.കെ അഷ്റഫ്, മുനീബ് കാരക്കുന്ന്, കെ.എം ഷെഫ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News