പെണ്‍ജന്മപുണ്യങ്ങള്‍ (പുസ്‌തകാസ്വാദനം): അബ്‌ദുള്‍ പുന്നയൂര്‍ക്കുളം

സാഹിത്യാസ്വാദകര്‍ ഓര്‍മ്മക്കുറിപ്പുകളൊ, ലേഖനങ്ങളൊ എഴുതുമ്പോള്‍ അവരറിയാതെത്തന്നെ അവരിലൂടെ ലാളിത്യമാര്‍ന്ന സാഹിത്യം അനര്‍ഗ്ഗളം ഒഴുകും. അത്‌ അക്ഷരസ്‌നേഹികള്‍ക്ക്‌ ഹൃദ്യമായ വായനാസുഖം ഒരുക്കും.

ആഗോള വൈദ്യശാസ്‌ത്ര രംഗത്തെ പ്രമുഖനും എഴുത്തുകാരനുമായ ഡോ. എം.വി. പിളളയെ പരിചയപ്പെടുന്നത്‌ 1999ല്‍ Michigan Literary Associaton of North America (MILAN) യുടെ ഉദ്‌ഘാടന വേളയില്‍ ഡിട്രോയിറ്റില്‍ വച്ചാണ്‌. 2000ല്‍ എന്റെ America You were A Scarlet Rose എന്ന ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തിനു അദ്ദേഹം അവതാരിക എഴുതി തന്നു. തുടര്‍ന്ന്‌ അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഡോ. പിളള എന്റേയും സ്വകാര്യ അഹങ്കാരമായി മാറി.

2022 December 4നു പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രതിമാസം നടത്തിവരുന്ന കൃതിയും കര്‍ത്താവും എന്ന സാഹിത്യസദസ്സിന്റെ പത്താം അദ്ധ്യായത്തില്‍, ഡോ. പിളള അദ്ദേഹത്തിന്റെ പെണ്‍ജന്മപുണ്യങ്ങള്‍ എന്ന കൃതി ഗൂഗിള്‍ മീറ്റ്‌ വഴി അവതരിപ്പിച്ചു. ഗ്യഹലക്ഷ്‌മിയില്‍ മാസംതോറും പ്രസിദ്ധീകരിച്ച ‘അങ്ങുമിങ്ങും’ എന്ന ഒന്‍പത്‌ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ പെണ്‍ജന്മപുണ്യങ്ങള്‍. പെണ്‍ജന്മപുണ്യങ്ങള്‍ വായിച്ചപ്പോള്‍ അതിലെ ഓരോ ലേഖനവും വിജ്ഞാനപ്രദവും ആസ്വാദ്യവും ചിലത്‌ ശാസ്‌ത്രസത്യങ്ങള്‍ എടുത്തു പറയത്തക്ക പ്രസക്തമായും തോന്നി.

അബ്‌ദുള്‍ പുന്നയൂര്‍ക്കുളം

സ്‌ത്രീകള്‍ക്കിനി സന്തോഷിക്കാം എന്ന ലേഖനത്തില്‍ മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിച്ചുനിര്‍ത്തുന്ന കഴിവുകളില്‍ ഏറിയപങ്കും പെണ്‍ക്രോമോസോമായ X ലെ ജീനുകളിലാണത്രെ. മനുഷ്യശരീരത്തിലെ ഓരോ സെല്ലിലുമടങ്ങിയിട്ടുളള 22 ജോഡി ക്രോമോസോമുകള്‍ ആണിനും പെണ്ണിനും ഒരുപോലെയാണെന്നാണ്‌ പ്രാഥമികഅറിവ്‌. 23ാമത്തെ ജോഡിയാണ്‌ ആണ്‍ പെണ്‍ വേര്‍തിരിവിന്റെ ആണിക്കല്ല്‌. അച്ഛനില്‍ നിന്നേറ്റുവാങ്ങുന്ന Y അമ്മയില്‍ നിന്നെത്തുന്ന X ക്രോമോസോമുമായി ചേരുമ്പോള്‍ XY ആണ്‍ജന്മം. അച്ഛന്‍ X ക്രോമോസോം നല്‍കിയാല്‍ അമ്മയുടെ X ക്രോമോസോമുമായി ചേര്‍ന്ന്‌ XX പെണ്‍ജന്മം.

യമുന വീണ്ടും ശാന്തമായി ഒഴുകുന്നു എന്ന ഓര്‍മ്മക്കുറിപ്പില്‍: കണക്‌റ്റിക്കെട്ടിലെ ഒരു ഇന്ത്യന്‍ അമേരിക്കന്‍ പ്രഫസറായിരുന്ന കിഷന്‍പാണ്ഡ്യയുടെ ചിതാഭസ്‌മം, അദ്ദേഹത്തിന്റെ അമേരിക്കക്കാരിയായ ഭാര്യ മാര്‍ഗരറ്റ്‌ യമുനയില്‍ നിമജ്ജനം ചെയ്യാന്‍ ഇന്ത്യയിലേക്കു കൊണ്ടുവരുന്നു. ഡല്‍ഹിയില്‍ നിന്ന്‌ അലഹബാദിലേക്കുളള യാത്രാവേളയില്‍, പ്രയാഗ്‌ എക്‌സ്‌പ്രസ്സില്‍ വച്ച് സഹസഞ്ചാരിയായ മാര്‍ഗരറ്റുമായി ഡോക്‌ടറായ ലേഖകന്‍ സംവദിക്കാനിടയാവുന്നു.

ജീവിതത്തില്‍ ഒരിക്കലും പുകവലിച്ചിട്ടില്ലാത്ത തന്റെ ഭര്‍ത്താവ്‌ രണ്ടുവര്‍ഷം മുന്‍പ്‌ ശ്വാസകോശാര്‍ബുദം പിടിപെട്ടിട്ടും , കടുംപിടിത്തം നിമിത്തം ചികിത്സ നീട്ടിക്കൊണ്ടുപോകാതെ, തുടക്കത്തില്‍ ചികിത്സിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നെന്ന്‌ മാര്‍ഗരറ്റ്‌ വിലപിക്കുന്നു.

കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ പിടിപെട്ടതായി അറിയുമ്പോള്‍ പല രോഗികളും കടന്നു പോകുന്ന മാനസികാവസ്ഥയായ ഡിനയല്‍, ആംഗര്‍, ബാര്‍ഗൈന്‍, ഡിപ്രഷന്‍, അക്‌സപ്‌റ്റന്‍സ്‌ എന്നീ അഞ്ചു ഘട്ടങ്ങളെപ്പറ്റി മാര്‍ഗരറ്റ്‌ അമര്‍ഷത്തോടും വേദനയോടും ലേഖകനോട്‌ പങ്കുവെയ്‌ക്കുന്നു.

കരീബിയന്‍ കടല്‍ക്കരയില്‍ ഒരു കവിയരങ്ങ്‌ എന്ന ലേഖനത്തില്‍ കാനഡയിലും അമേരിക്കയിലുമുളള മലയാളി ഡോക്‌ടര്‍മാരുടെ സംഘടനയായ Association of Kerala Medical Graduates (AKMG) യ്‌ക്ക്‌, കഴിഞ്ഞവര്‍ഷം വേദിയൊരുക്കിയത്‌ അമേരിക്കയുടെ അധീനതയിലുളള കരീബിയന്‍ ദ്വീപുകളിലൊന്നായ പോര്‍ട്ടോറിക്കയിലായിരുന്നു.

സഹ്യനെ ഓര്‍മ്മിപ്പിക്കുന്ന ഹരിതയാം വിരിപ്പിട്ട മലനിരകള്‍ പോര്‍ട്ടോറിക്കയുടെ ഒരു വശത്ത്‌. അറബിക്കടലിനെപ്പോലെ കേരളീയ കമനീയത നിറഞ്ഞുനില്‌ക്കുന്ന കരീബിയന്‍ കടല്‍ ചുറ്റും. കടലോരം നിറയെ കേരളത്തിന്റെ അടയാളങ്ങള്‍ പേറി കേരനിരകള്‍… അറ്റ്‌ലാന്റിക്‌ സമുദ്രതീരത്തു വളര്‍ന്നു പന്തലിച്ച്‌ നില്‌ക്കുന്ന പച്ചപ്പ്‌ ഇന്ത്യാസമുദ്രതീരത്തു നിന്നും ആരോ പറിച്ചു നട്ടതുപോലെ തോന്നിക്കും.

നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രം എന്ന ഓര്‍മ്മക്കുറിപ്പില്‍ അഫ്‌ഗാന്‍ കുടിയേറ്റക്കാരനായ ആജാനബാഹുവായ ഹക്കീം കണ്ടഹാറിന്റെ കഥ ഉദ്വേഗ ജനകമായി വിവരിക്കുന്നു: രണ്ടു പ്രാവശ്യം അനീതിക്കെതിരെ പോരാടിയതിന് ഹക്കീം അമേരിക്കയില്‍ ജയിലിലടക്കപ്പെടുന്നു. അക്യൂട്ട്‌ ലുക്കീമിയ ബാധിച്ച്‌ കാലുകളില്‍ വേദന തുടങ്ങിയിട്ട്‌ ഏറെ ദിവസമായെങ്കിലും അധികൃതര്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചതില്‍ അയാള്‍ ക്ഷുഭിതനാവുന്നു.

കുപിതനായ ആജാനബാഹുവിനെ ചികിത്സക്കായി ബന്ധിതനായി ലുക്കീമിയാവാര്‍ഡിലേക്ക്‌ കൊണ്ടുവരുന്നു. ക്രോമോസോം പരിശോധനയിലൂടെ ലുക്കീമിയക്ക്‌ ട്രാന്‍സ്‌പ്ലാന്റേഷന്‍ കൂടി കരുതിയാലേ അയാളെ രക്ഷിക്കാനാവൂ എന്ന്‌ ഡോക്‌ടറായ ലേഖകന്‍ മനസ്സിലാക്കുന്നു.

ഹക്കീമിന്റെ ട്രാന്‍സ്‌പ്ലാന്റേഷന്‌ ഏറ്റവും പറ്റിയ രക്തകോശങ്ങള്‍ ഭാഗ്യവശാല്‍ അയാളുടെ മകളുടേത്‌ തന്നെയാണെങ്കിലും, തീരുമാനമെടുക്കുന്ന ദിനം അസ്വസ്ഥനായി കാണപ്പെട്ടു. ഹക്കീമിന്റെ ഉത്‌ക്കണ്‌ഠ, അയാളുടെ തടവിന്റെ കാലാവധി മൂന്നു മാസമേയുളളു. ഈ മൂന്നു മാസ സമയം ട്രാന്‍സ്‌പ്ലാന്റേഷന്‌ തികയില്ല. ജയില്‍ മോചിതനായാലും ചികിത്സ തുടരേണ്ടി വരും. സ്വന്തമായി വീടുളളതിനാല്‍ അയാള്‍ ദാരിദ്ര്യരേഖയ്‌ക്കു മുകളിലാണ്‌. ഗവണ്‍മെന്റ്‌ ചെലവില്‍ സൗജന്യചികിത്സക്ക്‌ അര്‍ഹനല്ല.സ്വകാര്യ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സുകാര്‍ മുന്‍കാലരോഗങ്ങള്‍ക്കു പരിരക്ഷ നല്‍കുന്ന പോളിസികള്‍ ഉടനെ നല്‌കുകയില്ല. വീടു വിറ്റാല്‍ ചെലവേറിയ ചികിത്സ നടത്താമെങ്കിലും, ചികിത്സക്ക്‌ ഫലം സിദ്ധിച്ചില്ലെങ്കില്‍ അയാളുടെ വൃദ്ധയായ ഉമ്മയും കൗമാരപ്രായമായ മകളും ഭവനരഹിതരാവും. അതോര്‍ക്കുമ്പോള്‍ പോരാളിയായ അഫ്‌ഗാനിയുടെ കണ്ണുകളില്‍ അശ്രുധാര…

അതേസമയം ജയില്‍വാസം തുടര്‍ന്നാല്‍ സൗജന്യചികിത്സക്ക്‌ അര്‍ഹനാകും. അമേരിക്കയിലെ ജയില്‍പ്പുളളികളുടെ ആരോഗ്യസുരക്ഷാസംവിധാനങ്ങള്‍ താരതമ്യേന മെച്ചപ്പെട്ടവയാണ്‌. രാജ്യത്തൊട്ടാകെ മൂന്നുകോടിയലധികം ജനങ്ങള്‍ യാതൊരു ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സുമില്ലാതെ കഴിയുമ്പോള്‍ ജയിലിനുളളില്‍ ഇരുപത്‌ ലക്ഷം തടവുകാര്‍ക്ക്‌ എത്ര ചെലവേറിയ ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി ലഭിക്കും. ചികിത്സ നിഷേധിക്കുന്നതു നിമിത്തം ആരോഗ്യഹാനിയോ ജീവഹാനിയോ സംഭവിച്ചതായി തെളിഞ്ഞാല്‍, തടവുപുളളികളുടെ ബന്ധുക്കള്‍ക്ക്‌ നിയമനടപടികളിലൂടെ നഷ്ടപരിഹാരം നേടാം. ആജാനബാഹു ജയില്‍ ചാടുന്നു. ശിക്ഷയുടെ കാലാവധി നീട്ടുന്നു; മെഡിക്കല്‍ അനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹനാകുന്നു.

മനസ്സ്‌ ദുരന്തങ്ങള്‍ പ്രവചിക്കുമോ എന്ന ലേഖനത്തില്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച പാക്കിസ്‌താന്‍കാരായ ഡോ.ഷമീനയുടെ ഭര്‍ത്താവ്‌ ഡോ. ഫൈസല്‍ അഹമ്മദിന്റെ പ്രികോഗ്‌നീഷ്യന്‍സിനെപ്പറ്റി ലേഖകന്‍ തെല്ല്‌ അതിശയത്തോടെ വിവരിക്കുന്നു. സൈക്യാട്രി പ്രൊഫസറായിരുന്ന ഡോ. ഫൈസല്‍ ബ്രെയിന്‍ ട്യൂമര്‍ ശസ്‌ത്രക്രിയയ്‌ക്കു ശേഷം ജോലിയില്‍ നിന്നു വിരമിതനാവുന്നു. ഇപ്പോള്‍ റൈന്‍ റിസര്‍ച്ച്‌ സെന്ററില്‍ പാരാസൈക്കോളജിയില്‍ ഗവേഷണം നടത്തുന്നു.

ഫൈസല്‍ മികച്ച ഗസല്‍ഗായകനെന്നതിനുപുറമെ പാരാസൈക്കോളജിയുടെ കാണാപ്പുറങ്ങള്‍ സരസമായിഅവതരിപ്പിക്കാനുളള കഴിവിലും പ്രിയങ്കരനാണ്‌. അതീന്ദ്രിയജ്ഞാനം, ശാസ്‌ത്രം (Sensory Perception) ഇനിയും കണ്ടെത്തിയിട്ടില്ലാത്ത സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണെന്നും മതമോ ദൈവമോ ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഫൈസല്‍ വാദിക്കുന്നു. ഫൈസല്‍ തികഞ്ഞ നിരീശ്വരവാദിയും മതവിദ്വേഷിയുമാണെങ്കിലും, മതാനുസാരിയായ ഷമീന ഫൈസലിനെ വിമര്‍ശിക്കാറില്ല.

വരാനിരിക്കുന്ന ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി കാണാനുളള കഴിവാണ്‌ ഫൈസലിനെ പ്രസിദ്ധനാക്കിയത്‌. ബ്രെയിന്‍ ട്യൂമര്‍ കണ്ടുപിടിക്കുന്നതിനു ഒരു വര്‍ഷം മുന്‍പാണ്‌ ഈ സ്വഭാവവൈചിത്ര്യം തുടങ്ങിയതെന്ന്‌ ഷമീന. ലാഹോറിലെ ഒരാശുപത്രിയില്‍ ഷമീനയുടെ ഉപ്പ മരിക്കുന്നത്‌ മരണത്തിന്‌ ദിവസങ്ങള്‍ക്കു മുന്‍പ്‌ ഫൈസല്‍ ടെലിപ്പതിയിലൂടെ അറിഞ്ഞത്രെ. ഉല്ലാസവാനായ ഫൈസല്‍ പ്രവചനങ്ങള്‍ നടത്തുന്നതിനു മുന്‍പുളള ദിവസം അന്തര്‍മുഖനും ചിന്താധീനനുമായി കാണപ്പെടും.

മനുഷ്യരുടെ പൂര്‍വമസ്‌തിഷ്‌കത്തില്‍ ശാസ്‌ത്രം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഊര്‍ജ്ജതരംഗങ്ങള്‍ പിടിച്ചെടുക്കാന്‍ കെല്‌പുളള ആന്റീനകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ്‌ ഡോ. ഫൈസലിന്റെ സിദ്ധാന്തം. ഷമീന റേഡിയോളജി മേധാവിയായി മിസ്സിസ്സിപ്പിയിലെ ബിലോക്‌സി ഹോസ്‌പിറ്റലില്‍ ജോലി സ്വീകരിച്ചു പോകുന്നതിനു ഫൈസല്‍ എതിരാണ്‌. അവിടെ എന്തോ അപകടം പതിയിരിക്കുന്നതായി അയാള്‍ പ്രവചിച്ചു. ബ്രെയിന്‍ ട്യൂമര്‍ വന്നതിനു ശേഷം കഴിക്കുന്ന ചില മരുന്നുകളാണ്‌ ഇത്തരം മതിഭ്രമങ്ങള്‍ സൃഷ്ടിക്കുന്നതെന്ന്‌ ഷമീന.

ഓഗസ്‌റ്റ്‌ ഒടുവില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ കത്രീന ലൂസിയാനയിലും മിസ്സിസ്സിപ്പിയിലും നാശം വിതച്ചപ്പോള്‍ ബിലോക്‌സി ഹോസ്‌പിറ്റലും താറുമാറായി. ഒക്‌ടോബറില്‍ ഷമീനയുടെ ഏക സഹോദരന്റെ വിവാഹമാണ്‌ ലാഹോറില്‍. ഷമീന വിവാഹത്തിനു പോകാന്‍ ഫൈസല്‍ സമ്മതിക്കുന്നില്ല. അയാളുടെ കടുംപിടിത്തം: ‘ഷമീന ഇപ്പോള്‍ പോകേണ്ട, എന്തോ ദുരന്തം വരാനിരിക്കുന്നതുപോലെ.’

ഒക്‌ടോബര്‍ 10ലെ വാര്‍ത്താ ശീര്‍ഷകം: പാക്കിസ്‌താനില്‍ ഭൂകമ്പം. മരണസംഖ്യ മുപ്പതിനായിരം കവിയും.

മലയാളത്തിന്റെ പെണ്‍മക്കള്‍: വനിതാസാക്ഷരത കേരളത്തിന്റെ ജീവിതസൂചികകള്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയിട്ടുണ്ട്‌ എന്ന്‌ 1992ല്‍ സെനറ്ററായിരുന്ന മുന്‍ വൈസ്‌ പ്രസിഡണ്ട്‌ അല്‍ ഗോര്‍ രചിച്ച Earth in the Balance എന്ന ഗ്രന്ഥത്തില്‍ എടുത്തു പറയുന്നു.

പ്രേക്ഷകലക്ഷങ്ങള്‍ സോള്‍ ഒളിമ്പിക്‌സില്‍ പി.ടി. ഉഷയെ പ്രോത്സാഹിപ്പിച്ചപ്പോഴും ഏതന്‍സില്‍ ഇന്ത്യന്‍ പതാകയുമേന്തി അഞ്‌ജു ജോര്‍ജ്ജ്‌ ഒളിമ്പിക്‌സ്‌ ടീമിനെ നയിച്ചപ്പോഴും ഇന്ത്യയുടെ ദേശാന്തരപ്രശസ്‌തിയില്‍ കേരളത്തിന്റെ പെണ്‍മക്കളുടെ നേതൃത്വം ലോകം ശ്രദ്ധിച്ചു.

ലോക കവികളുടെ കൂട്ടത്തില്‍ തിരഞ്ഞെടുത്ത കമലാസുറയ്യയും ബുക്കര്‍ പ്രൈസ്‌ ജേതാവായ അരുന്ധതി റോയിയും മഞ്‌ജുള പത്‌മനാഭന്റെ ഒനാസ്സിസ്‌ പ്രൈസും കേരളീയവനിതകളുടെ നേട്ടങ്ങളാണ്‌.

വാഷിങ്‌ടണ്‍ ഡി.സിയിലെ അച്ചാമ്മ ചന്ദ്രശേഖറും സ്‌കോട്‌ലാന്റ്‌ എഡിന്‍ബറൊ യൂണിവേഴ്‌സിറ്റിയിലെ ഡോ. റൊണള്‍ഡ്‌ ഇ. ആഷറും ചേര്‍ന്ന്‌ പ്രസിദ്ധീകരിച്ചതാണ്‌ കേരളത്തിന്റെ പെണ്‍മക്കള്‍ (Daughters of Kerala).

1931മുതല്‍ 2001വരെ പ്രസിദ്ധീകരിച്ച 25 ചെറുകഥകളുടെ ഇംഗ്ലീഷ്‌ പരിഭാഷയാണ്‌ കേരളത്തിന്റെ പെണ്‍മക്കള്‍. ഈയിടെ ഓര്‍മയായ ഡോ. ആഷര്‍ (96) ബഷീറിന്റെയും തകഴിയുടെയും രചനകളുടെ വിവര്‍ത്തകന്‍ കൂടിയാണ്‌.

നാഗവേണിയുടെയും ഷംസുദ്ദീന്റെയും (ബീജബാങ്കിലെ സര്‍പ്പം) പ്രണയം കാവ്യാത്മകമായി രചിച്ചത്‌ രസചാതുര്യം പകരുന്നു. മുപ്പതുകാരിയായ നാഗവേണി ശ്രീലങ്കയില്‍ നിന്നും രാഷ്‌ട്രീയ അഭയാര്‍ഥിയായി കാനഡായിലേക്ക്‌ കുടിയേറി. അവിടെത്തെ ബ്‌ളഡ്‌ ബാങ്കില്‍ ഉന്നത ജോലി നേടി, ശേഷം വാഷിങ്‌ടണിലേക്ക്‌ കുടിയേറി. നാഗര്‍കോവിലുകാരനായ ഷംസുദ്ദീന്‍ സ്‌റ്റുഡന്റ്‌ വിസയില്‍ മെരിലാന്റ്‌ ബാള്‍ട്ടിമൂറില്‍ വന്നു ഉപരിപഠനം നടത്തുമ്പോഴാണ്‌ തൈറോയിഡ്‌ കാന്‍സര്‍ പിടിപെട്ടത്‌. നാഗവേണിയും ഷംസുദ്ദീനും അടുത്ത വര്‍ഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കയാണ്‌.

ഷംസുദ്ദീന്റെ ചികിത്സയുടെ പാര്‍ശ്വഫലമായി റേഡിയോ ആക്‌റ്റീവ്‌ അയൊഡിന്‍ ഐസൊടോപ്പുകള്‍ അദ്ദേഹത്തിന്റെ ചില ശരീരകോശങ്ങളെ കേടുവരുത്താനും വന്ധ്യതയുണ്ടാക്കാനും സാധ്യതയുളള സ്ഥിതിക്ക്‌, ചികിത്സ തുടങ്ങുന്നതിനു മുന്‍പ്‌ ബീജം ഫ്രീസ്‌ ചെയ്‌ത്‌ നാഗവേണി ജോലി ചെയ്യുന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ സൂക്ഷിച്ചിരിക്കുന്നു… പില്‍ക്കാലത്ത്‌ അവര്‍ക്ക്‌ സ്വന്തം സന്തതികളെ ലഭിക്കാന്‍.

ബീജം സംരക്ഷിക്കുന്നതിനുളള ചെലവ്‌ അമേരിക്കയില്‍ വളരെ ജാസ്‌തി ആയതിനാല്‍ ഷംസുദ്ദീന്റെ ഇന്‍ഷ്വറന്‍സ്‌ ഈ സേവനം നിരസിച്ചു. മെഡിക്കല്‍ ആവശ്യകത വിശദീകരിച്ച്‌ നാഗവേണി വാശിയേറിയ നീണ്ട നിയമയുദ്ധം നടത്തി ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ അനുമതി നേടി.

രാധയെവിടെയില്‍: അമേരിക്കയില്‍ ടെക്‌സസിന്റെ തലസ്ഥാനമായ ഓസ്‌റ്റിനെപ്പറ്റി സൂചിപ്പിക്കുന്നു:

ഓസ്‌റ്റിനിലാണ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സസ്‌ സ്ഥിതിചെയ്യുന്നത്‌. അന്ധനായിരുന്ന പ്രഫ. റോഡ്‌നി മോഗ്‌ ടെക്‌സസ്‌ സര്‍വകലാശാലയില്‍ 1981ല്‍ മലയാള പഠനവിഭാഗം സ്ഥാപിച്ചു. 2004ല്‍ വിരമിക്കുന്നതുവരെ അദ്ദേഹം മലയാളം പഠിപ്പിച്ചു. മലയാളം, തമിഴ്‌, ഹിന്ദി എന്നിവ അടക്കം 15 ഭാഷകളില്‍ വിദഗ്‌ധനായിരുന്ന പ്രഫ .മോഗ്‌ ഒട്ടേറെ പുസ്‌തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളില്‍ ഈ സര്‍വകലാശാലയില്‍ ബിരുദാനന്തര പഠനത്തിനു എത്തുന്നുണ്ട്‌.

മലയാള ഭാഷയെയും അമേരിക്കയെയും ഭാരതീയദര്‍ശനങ്ങളെയും ആധുനിക ഭൗതികശാസ്‌ത്രത്തെയും പരസ്‌പരം ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങളുടെ ഇങ്ങേയറ്റങ്ങള്‍ ഓസ്‌റ്റിനില്‍ തുടങ്ങുന്നു. ഓസ്‌റ്റിന്‍ നഗരത്തിന്റെ പിന്നാമ്പുറത്താണ്‌ അമേരിക്കയിലെ വെളളക്കാര്‍ പടുത്തുയര്‍ത്തിയ മനോഹരമായ ക്ഷേത്രവും ആശ്രമവും. ഒരുപക്ഷേ, ടെക്‌സസിന്റെ ഈ തലസ്ഥാന നഗരം കേരളത്തിലേക്കു പണിത മൂന്നാമത്തെ പാലമാണോ എന്ന്‌ സംശയിക്കും. ഈയിടെ 87ാം വയസ്സില്‍ അന്തരിച്ച മോഗ്‌ എട്ട്‌ തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്‌.

അനിയത്തീ, നീയെന്നെ മറന്നുവല്ലോ… എന്ന അനുഭവക്കുറിപ്പില്‍ സ്‌തനാര്‍ബുദത്തിന്റെ വിഷമതകളും അനന്തരഫലങ്ങളും അതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ വിവരണങ്ങളും ഉച്ചൈസ്‌തരം പ്രതിപാദിക്കുന്നു. സ്‌തനാര്‍ബുദം സംശയാതീതമായി തെളിയിച്ചതിലുളള ഉത്‌ക്കണ്‌ഠയാണ്‌ അനിതയെ മെഡിക്കല്‍ സെന്ററിലെത്തിച്ചത്‌. അനിതയുടെ അമ്മയും അമ്മയുടെ ചേച്ചിയും നാല്‌പതുകളില്‍ സ്‌തനാര്‍ബുദത്തിനു കീഴടങ്ങി. 35ാം വയസ്സില്‍ അവരുടെ മൂത്തസഹോദരിക്കും അര്‍ബുദം പിടിപെട്ടു.

അനിതയ്‌ക്ക്‌ പ്രതിരോധമായി നാലു ചികിത്സാ രീതി തിരഞ്ഞെടുക്കാം. അതില്‍ ഒന്ന്‌, ഇരു സ്‌തനങ്ങളും ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌താല്‍ രോഗസാധ്യത 90% കുറയ്‌ക്കാം. രണ്ടു അണ്ഡാശയങ്ങള്‍ മാറ്റിയാല്‍ 79% രോഗം തടയാം. മരുന്നുകള്‍ കഴിച്ചാലും 50% രോഗം നിയന്ത്രിക്കാം. പതിവായ പരിശോധനകളിലൂടെയും മാമ്മോഗ്രാം, എം.ആര്‍.ഐ തുടങ്ങിയ ടെസ്‌റ്റുകളിലൂടെയും മുന്‍കരുതലെടുക്കാം.

പെണ്‍ജന്മപുണ്യങ്ങള്‍ അനായാസേന വായിക്കാനാവും വിധം എഴുതിയതുകൊണ്ടാണ്‌ എനിക്കും ആയാസരഹിതമായി ഈ ആസ്വാദനം എഴുതാന്‍ സാധ്യമായത്‌.

Print Friendly, PDF & Email

Leave a Comment

More News